വീട്ടമ്മയില്‍ നിന്ന് സൗന്ദര്യതാരപദവിയിലേക്ക്; സംരംഭ റാണി ഷഹനാസ് ഹുസൈനെ അറിയാം

Update:2019-11-09 15:00 IST

അതിസമ്പന്നമെങ്കിലും യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനനം, 16ാം വയസ്സില്‍ വിവാഹവും മാതൃത്വവും. ഒരു ശരാശരി ഇന്ത്യന്‍ വീട്ടമ്മയുടെ ജീവിതമാണെങ്കില്‍ എല്ലാം പൂര്‍ണമായി. എന്നാല്‍ ഷഹനാസ് ഹുസൈന്‍ എന്ന ഇന്ത്യന്‍ സൗന്ദര്യ വിപണിയിലെ രാജ്ഞിയുടെ ജീവിതകഥ ഇവിടെ തുടങ്ങുന്നേയുള്ളൂ. കൂര്‍മ്മബുദ്ധിയും കഠിനാധ്വാനവും കൈമുതലാക്കി ഷഹനാസ് നേടിയെടുത്തത് ശതകോടികളുടെ ബിസിനസ് സാമ്രാജ്യമാണ്.

ആയുര്‍വേദത്തിന്റെ സാധ്യതകളുപയോഗിച്ചുള്ള സൗന്ദര്യ വര്‍ധക വിപണി - ആയുര്‍വേദത്തിന് ഫാഷന്‍ മുഖം കൈവരുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ അത് കണ്ടെത്തി ബുദ്ധിപരമായി ഉപയോഗിച്ചപ്പോള്‍ ഷഹനാസും ഷഹനാസ് ഹെര്‍ബല്‍സും ലോകപ്രശസ്തമായി. അറിയാം ഷഹനാസിന്‍റെ സംരംഭകത്വ വഴി.

സൗന്ദര്യലോകത്തേക്ക്

വിവാഹശേഷമുള്ള വിരസമായ പകലുകളില്‍ അവള്‍ക്കൊരാഗ്രഹം, ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഒന്നു പൊടി തട്ടിയെടുത്താലോ? ആ തോന്നലില്‍ ജനിച്ചത് ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തരായ വനിതാ സംരംഭകരില്‍ ഒരാളായിരുന്നു.

ഭര്‍ത്താവൊന്നിച്ച് ടെഹ്‌റാനില്‍ താമസിക്കുന്ന കാലമായിരുന്നു അത്. ഒട്ടും വൈകിയില്ല, കോസ്‌മെറ്റിക് തെറാപ്പിയിലും കോസ്‌മെറ്റിക് കെമിസ്ട്രിയിലും ശാസ്ത്രീയമായി പഠനം തുടങ്ങി. പഠനം നീണ്ടത് പത്തു വര്‍ഷത്തോളം! ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ പ്രശസ്ത ഇന്‍സ്റ്റിറ്റിയൂഷനുകളിലായിരുന്നു പഠനം. ഇറാന്‍ ട്രൈബ്യൂണില്‍ ലേഖനങ്ങളെഴുതി സമ്പാദിച്ച പണം കൊണ്ടായിരുന്നു പഠനം.

പഠനകാലത്താണ് സൗന്ദര്യവര്‍ധക രാസവസ്തുക്കള്‍ മനുഷ്യശരീരത്തിലുാക്കുന്ന അപകടങ്ങള്‍ ഷഹനാസ് ശ്രദ്ധിച്ചത്. 1977ല്‍ ഇന്ത്യയിലേക്ക് മടങ്ങുമ്പോഴേക്കും ആയുര്‍വേദത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷഹനാസ് പൂര്‍ണമായും ശ്രദ്ധ തിരിച്ചിരുന്നു.

വളര്‍ച്ച, അതിദ്രുതം

ഡല്‍ഹിയിലെ വീട്ടില്‍ തന്നെ ചെറിയൊരു ക്ലിനിക് തുറന്നുകൊണ്ടായിരുന്നു തുടക്കം. അതാണ് പിന്നീട് 60 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച ബിസിനസ് സാമ്രാജ്യമായി വളര്‍ന്നത്. 1996ല്‍ യുഎസിലെ പ്രശസ്തമായ സക്‌സസ് മാഗസിന്‍ ഷഹനാസിനെ ഏറ്റവും മികച്ച വനിതാസംരംഭകയായി തിരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം 100 ദശലക്ഷം ഡോളര്‍ കവിഞ്ഞിരുന്നു.

ജപ്പാന്‍, ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് തുടങ്ങി അനേകം രാജ്യങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെല്ലാം ഷഹനാസ് ഉല്‍പ്പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ സ്വന്തം സൗന്ദര്യ വര്‍ധക മാര്‍ഗങ്ങള്‍ വിദേശരാജ്യങ്ങള്‍ക്കിണങ്ങും വിധം രൂപപ്പെടുത്തിയതായിരുന്നു ഷഹനാസിന്റെ വലിയ ജയം. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ രാജ്യത്തിന്റെ ഏത് ചെറിയ കോണുകളില്‍ പോലുമെത്തിക്കാന്‍ ഷഹനാസിന് സാധിച്ചു.

അതിനിടയിലും വിമര്‍ശനങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. സമഗ്രമായ ചികില്‍സാശാഖയായ ആയുര്‍വേദത്തെ വില്‍പ്പനച്ചരക്കാക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഇന്ത്യയുടെ പൈതൃകസമ്പത്തായ ആയുര്‍വേദത്തിന്റെ ഗുണഫലങ്ങള്‍ കുപ്പിയിലാക്കി ജനങ്ങളിലെത്തിക്കുകയാണ് താന്‍ ചെയ്യുന്നതെന്നായിരുന്നു ഷഹനാസിന്റെ മറുപടി. എല്ലാ വിമര്‍ശനങ്ങളെയും സധൈര്യം നേരിട്ടും മറികടന്നും ഷഹനാസിന്റെ സാമ്രാജ്യം വളര്‍ന്നു കൊണ്ടിരുന്നു.

(2012 ല്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News