മാലിന്യത്തിനെതിരെ പോരാടി ഇതാ ഒരു 23കാരി

Update:2019-11-24 10:00 IST

''നീ നിന്റെ പാഷനെ പിന്തുടരൂ; ഞാനുള്ളിടത്തോളം കാലം അതിന് കരുത്തായി കൂടെ ഞാന്‍ കാണും.'' ആരും ആഗ്രഹിക്കുന്ന ബഹുരാഷ്ട്ര കമ്പനിയിലെ ജോലി വാദ്ഗാനം വിട്ടെറിഞ്ഞ് മാലിന്യകൂമ്പാരത്തിനരികില്‍ ഗവേഷണം നടത്താന്‍ പോകാന്‍ ബാംഗ്ലൂരുകാരിയായ നിവേദയ്ക്ക് അമ്മയില്‍ നിന്നുള്ള ഈ ഉറപ്പ് മാത്രം മതിയായിരുന്നു. നാട്ടിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ പ്രാപ്തിയുള്ള കണ്ടുപിടുത്തം നടത്താനാകുമോയെന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നുവെങ്കിലും നിവേദ, ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുന്ന മാലിന്യകേന്ദ്രത്തിനരുകില്‍ നിന്ന് മാറിയില്ല. ലാബിലിരുന്നല്ല മാലിന്യ പ്രശ്‌നത്തിന് നിവേദ പരിഹാരം തേടിയത്. ഇന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും വന്നടിയുന്ന മാലിന്യങ്ങളുടെ സ്വഭാവവും രീതിയും അത് കൈകാര്യം ചെയ്യുന്നതിലെ അപാകതയും എല്ലാം അതേപടി കണ്ടെത്താന്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ വൃത്തിഹീനമായ അന്തരീക്ഷത്തിലേക്ക് തന്നെ ഇറങ്ങിചെന്നു. ഇന്ന് ആ 23കാരി സൃഷ്ടിച്ചിരിക്കുന്നത് രാജ്യത്തെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന, നൂതന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം. സമൂഹത്തിലെ നീറുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയ നിവേദയുടെ ട്രാഷ്‌കോണ്‍ ലാബ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തെ തേടിയെത്തിയിരിക്കുന്നത് നിരവധി പുരസ്‌കാരങ്ങള്‍. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഷെല്‍ എനര്‍ജി എന്നിവരെല്ലാം നിവേദയും സുഹൃത്തുക്കളും ചേര്‍ന്ന് കെട്ടിപ്പടുത്ത ട്രാഷ്‌കോണില്‍ ഇപ്പോള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കര്‍ണാടക ഗവണ്‍മെന്റ് നടത്തിയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിലും ട്രാഷ്ബോട്ട് പദ്ധതി തെരഞ്ഞെടുക്കപ്പെട്ടു.

വഴിയരികിലെ മാലിന്യം, അമ്മയുടെ പിന്തുണ

ബാംഗ്ലൂരിലെ ആര്‍ വി കോളെജ് ഓഫ് എന്‍ജിനീയറിംഗില്‍ കെമിക്കല്‍ എന്‍ജിനീയറിംഗിന് പഠിക്കുന്ന വേളയിലാണ് റോഡരികിലെ മാലിന്യ കൂമ്പാരം നിവേദയുടെ ശ്രദ്ധയില്‍ പെടുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ആ മാലിന്യം കോളെജ് വിദ്യാര്‍ത്ഥികളും പരിസരവാസികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് നീക്കം ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ വീണ്ടും അവിടെ മാലിന്യത്തിന്റെ കുന്നുകള്‍ രൂപപ്പെടാന്‍ തുടങ്ങി. അധികൃതരോട് പരാതിപ്പെട്ടിട്ടും ശാശ്വതപരിഹാരമുണ്ടായില്ല. മണ്ണില്‍ അഴുകുന്നതും അല്ലാത്തതുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂവെന്ന് നിവേദയ്ക്ക് മനസ്സിലായി. പിന്നെ അതിനെ കുറിച്ചായിരുന്നു നിവേദയുടെ ചിന്തകളെല്ലാം. ''എന്റേത് ഒരു സാധാരണ കുടുംബമാണ്. എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞപ്പോള്‍ ബഹുരാഷ്ട്ര കമ്പനിയില്‍ കാമ്പസ് സെലക്ഷന്‍ വഴി ജോലിയും ലഭിച്ചു. പക്ഷേ എന്റെ സ്വപ്‌നം മാലിന്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുക എന്നതും. അമ്മയ്‌ക്കെന്നെ മനസില്ലായി. അമ്മ പറഞ്ഞു; ഈ പ്രശ്‌നം നമ്മളെ എന്നെങ്കിലും വിഴുങ്ങും. ആരെങ്കിലും അതിന് പരിഹാരം കണ്ടെത്തിയേ മതിയാകൂ. അങ്ങനെയെങ്കില്‍ നീ തന്നെ ഇറങ്ങിപ്പുറപ്പെടൂ. തന്റെ ചെറിയ വരുമാനത്തില്‍ നിന്ന് അതിനുള്ള പിന്തുണയും അമ്മ നല്‍കാമെന്നേറ്റു. അമ്മയാണ് എനിക്ക് കരുത്തേകിയത്. ട്രാഷ്‌കോണ്‍ എന്ന കമ്പനി പിറന്നതും അതില്‍ നിന്നാണ്,'' തിളങ്ങുന്ന കണ്ണുകളോടെ നിവേദ തന്റെ കഥ പറയുന്നതിങ്ങനെ.

'ട്രാഷ് ബോട്ട്' എന്ന ഓട്ടോമേറ്റഡ് മെഷീനാണ് ആദ്യം ട്രാഷ്‌കോണ്‍ പുറത്തിറക്കിയത്. നിവേദയും സുഹൃത്ത് സൗരഭ് ജെയ്നുമായിരുന്നു ട്രാഷ്ബോട്ടിന്റെ തലച്ചോര്‍. ട്രാഷ്ബോട്ട് എന്നാല്‍ പേരുപോലെ തന്നെ, 'ട്രാഷ'് ഇല്ലാതാക്കുന്ന റോബോട്ട്. ജൈവ മാലിന്യങ്ങള്‍ വളമാക്കുകയും അജൈവ മാലിന്യങ്ങള്‍ കസേര, മേശ തുടങ്ങിയവ നിര്‍മിക്കാനുള്ള ബോര്‍ഡുകളാക്കി മാറ്റുകയുമാണ് ഈ സൂപ്പര്‍ റോബോട്ട് ചെയ്തത്. മാലിന്യം കുമിഞ്ഞുകൂടുന്നത് ഇല്ലാത്താക്കുക മാത്രമല്ല, നിരവധിപേര്‍ക്ക് ജോലി നല്‍കാനും ട്രാഷ്ബോട്ടിലൂടെ സാധിച്ചു.

അഞ്ഞൂറ് കിലോ മുതല്‍ പത്ത് ടണ്‍ വരെ വേസ്റ്റ് കപ്പാസിറ്റിയുള്ള ട്രാഷ് ബോട്ടുകള്‍ ട്രാഷ് കോണ്‍ പുറത്തിറക്കിയിട്ടുണ്ട്. ചെന്നൈ എയര്‍പോര്‍ട്ടിലെ 5000 കിലോ വേസ്റ്റ് റീസൈക്ലിംഗ് ആണ് ആദ്യം ട്രാഷ്‌കോണിന് ലഭിച്ച കരാര്‍. പിന്നീട് നിരവധി കരാറുകളിലൂടെ സംരംഭം വളര്‍ന്നു. വിദേശത്തൊക്കെ ഇത്തരത്തിലുള്ള യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കോടി രൂപ ചെലവ് വരുമെന്നിരിക്കെ ദിവസം 1000 രൂപ മതി ട്രാഷ്ബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്.

ഒന്‍പത് ലക്ഷം രൂപയ്ക്ക് മുതല്‍ പൂര്‍ണ്ണസജ്ജമായ ട്രാഷ് ബോട്ട് ഇന്ന് ലഭ്യമാണ്. എന്താവശ്യത്തിനാണോ ഉപയോഗിക്കുന്നത് അതിന് അനുയോജ്യമായ വിധത്തില്‍ നിര്‍മിച്ച് നല്‍കുകയും ചെയ്യും.

''നാളെ എന്റെ മകള്‍ എന്നോട് ചോദിക്കണം; അമ്മേ ഈ മാലിന്യമെന്നാല്‍ എന്താണ്. അതാണ് എന്റെ സ്വപ്നം.'' നിവേദ പറഞ്ഞു നിര്‍ത്തുന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News