പ്രതീക്ഷയോടെ വിപണി; ആഗോള സൂചനകൾ ഭിന്ന ദിശകളിൽ; സംഘർഷ ഭീതി മാറുന്നില്ല; ഒറ്റയടിക്കു പലിശ കൂട്ടില്ലെന്നു നിഗമനം

ഇന്ന് നേട്ട പ്രതീക്ഷയോടെ ഓഹരി വിപണി; കാരണങ്ങൾ ഇതാണ്; സ്വർണ്ണ വില വീണ്ടും കയറുന്നു; പലിശ വർധന എങ്ങനെയാകും?

Update:2022-02-17 07:57 IST

യുക്രെയ്നിൽ റഷ്യ പറഞ്ഞതു പോലെ പിന്നോട്ടു മാറിയില്ല. എങ്കിലും സംഘർഷ നിലയിൽ അയവുണ്ടെന്നു വിശ്വാസം. യുഎസ് കേന്ദ്രബാങ്ക് ഫെഡ് പലരും പറയും പോലെ ഒറ്റയടിക്കു നിരക്കു കുത്തനെ കൂട്ടില്ലെന്ന് ഫെഡ് യോഗത്തിൻ്റെ മിനിറ്റ്സ് കാണിച്ചു. ഇന്ത്യയിൽ ഉടനെ പലിശ വർധിപ്പിക്കില്ലെന്ന നിഗമനം തുടരുന്നു.

ഇന്നലെ ഇന്ത്യൻ വിപണിയിലും പിന്നീട് ആഗാേള വിപണികളിലുമുണ്ടായ ചാഞ്ചാട്ടങ്ങൾ ഇവയുടെ ഫലമാണ്. യുക്രെയ്നെപ്പറ്റിയുള്ള ആശങ്കകൾ ഒഴിഞ്ഞെന്ന സമാശ്വാസത്തിൽ ഇന്നലെ ഏഷ്യൻ വ്യാപാരം തുടങ്ങി. പിന്നീട് ഇന്ത്യയിലും മറ്റും വിദേശ നിക്ഷേപകരുടെ വിൽപനസമ്മർദം വില താഴ്ത്തി.അതിൽ നിന്നു കരകയറിയപ്പോഴാണ് യുക്രെയ്നിൽ സംഘർഷം കുറഞ്ഞിട്ടില്ലെന്ന നാറ്റോ പ്രസ്താവന. ഇന്ത്യയിലും യൂറോപ്പിലും വിപണി താഴ്ന്നു. രാത്രി അമേരിക്കൻ ഫെഡിൻ്റെ മിനിറ്റ്സ് പുറത്തു വന്നു. ഒറ്റയടിക്കു പലിശ കൂട്ടില്ലെന്നും ഘട്ടം ഘട്ടമായി പ്രതികരണം വിലയിരുത്തിയേ വർധന ഉണ്ടാകൂ എന്നും അതിൽ വ്യക്തമായി. ഒരു ശതമാനം താഴ്ചയിലായിരുന്ന യു എസ് സൂചികകൾ നാമമാത്ര നഷ്ടത്തിലേക്ക് കയറി.
ഈ കയറ്റിറക്കങ്ങളുടെ പിന്നാലെ ഇന്ന് ഇന്ത്യൻ വിപണി നേട്ടമാണു പ്രതീക്ഷിക്കുന്നത്. ജപ്പാനൊഴികെ ഏഷ്യൻ വിപണികൾ ഇന്ന് ഉണർവോടെയാണു വ്യാപാരം തുടങ്ങിയത്. എന്നാൽ റഷ്യ യുക്രെയ്ൻ അതിർത്തിയിലേക്ക് 7000 സൈനികരെക്കൂടി എത്തിച്ചെന്ന പുതിയ വാർത്ത വിപണിക്ക് ആശങ്ക കൂട്ടും. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,376 വരെ കയറി. ഇന്നു രാവിലെ 17,400 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്
ഇന്നലെ സെൻസെക്സ് ചാഞ്ചാട്ടങ്ങൾക്കു ശേഷം 145.37 പോയിൻ്റ് (0.25%) നഷ്ടത്തിൽ 57,996.68 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 30.25 പോയിൻ്റ് (0.17%) നഷ്ടമാക്കി 17,322.2 ൽ ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി കുറേക്കൂടി നേട്ടമുണ്ടാക്കി. സ്മോൾ ക്യാപ് സൂചിക 0.73 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.29 ശതമാനം താണു. ഫാർമയും റിയൽറ്റിയും അടക്കം ചുരുക്കം മേഖലകൾ ഒഴികെ എല്ലാ വ്യവസായ മേഖലകൾക്കും ഇന്നലെ ഇടായിരുന്നു.
ഡെയിലി ചാർട്ടിൽ ബെയറിഷ് ആണെങ്കിലും വിപണി മേലോട്ടു നീങ്ങാനുള്ള പ്രവണത കൈവിട്ടിട്ടില്ലെന്നു സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു. 17,450-17,500 മേഖലയിലെ പ്രതിരോധം കരുത്തോടെ മറികടക്കാൻ കഴിഞ്ഞാൽ നിഫ്റ്റി 17,650-17,900-18,100 വഴിയേ നീങ്ങും. നിഫ്റ്റിക്ക് 17,225 ലും 17,125-ലും സപ്പോർട്ട് ഉണ്ട്.
വിദേശ നിക്ഷേപകർ ഇന്നലെ 1890.96 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.സ്വദേശി ഫണ്ടുകൾ 1180.14 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ലാഭമെടുക്കലും വിൽപനയും തുടരുമെന്നാണു സൂചന.

ക്രൂഡ് കയറിയിറങ്ങി

ലോക വിപണിയിൽ ക്രൂഡ് ഓയിൽ ഇന്നലെ കയറിയിറങ്ങി. ബ്രെൻ്റ് ഇനം 92 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 94.81 ഡോളറിലേക്കു കയറി. വീണ്ടും 92.42ലേക്കു താണു. യുക്രെയ്നിൽ സംഘർഷം കൂടിയാൽ വില വീണ്ടും ഉയരും.
വ്യാവസായിക ലോഹങ്ങൾ ഉയരത്തിൽ തുടരുന്നു.ചെമ്പ് 10,045 ഡോളറിലും അലൂമിനിയം 3256 ഡോളറിലും എത്തി. ഇരുമ്പയിര് ചൊവ്വാഴ്ചത്തെ ഇടിവിനു ശേഷം മാറ്റമില്ലാതെ തുടരുന്നു. ചൈനയാണ് വിലയിടിക്കാൻ ശ്രമിക്കുന്നത്.

സ്വർണം വീണ്ടും കയറി

സ്വർണം വീണ്ടും ഉയർന്നു. ഫെഡ് മിനിറ്റ്സ് പടിപടിയായുള്ള പലിശ വർധന മാത്രമാണു സൂചിപ്പിക്കുന്നത് എന്ന വിലയിരുത്തലാണ് വിപണിക്കുള്ളത്‌. 1851 ഡോളറിൽ നിന്ന് 1874 ഡോളറിലേക്കു കയറിയ സ്വർണം ഇന്നു രാവിലെ 1868-1870 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ പവനു 480 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്നു വീണ്ടും വില വർധിക്കുമെന്നാണു സൂചന.

സമ്പദ്ഘടന ഉഷാർ എന്നു ധനമന്ത്രാലയം

രാജ്യത്തു സാമ്പത്തികരംഗം ഉഷാറാകുന്നുവെന്ന് ധനമന്ത്രാലയവും സാമ്പത്തിക തിരിച്ചുവരവ് വേഗത്തിലാണെന്ന് റിസർവ് ബാങ്കും പറയുന്നു.
ജനങ്ങൾ ഉപഭോഗം വർധിപ്പിച്ചു തുടങ്ങിയെന്നാണ് ധനമന്ത്രാലയം വിശദീകരിക്കുന്നത്. ജനുവരിയിലെ വാഹന വിൽപന കോവിഡിനു മുമ്പത്തെ തോതിൽ ആയെന്നു മന്ത്രാലയം പറയുന്നു. ഡിസംബറിൽ ബാങ്കുകളിൽ നിന്നുള്ള പേഴ്സണൽ വായ്പകൾ 14.3 ശതമാനം വർധിച്ചതു് ഉപഭോഗവർധനയ്ക്കു തെളിവായി കാണിച്ചു.
റിസർവ് ബാങ്ക് പ്രതിമാസ റിപ്പാേർട്ട് വളർച്ചയ്ക്കു വേഗം കൂടി എന്നു ചൂണ്ടിക്കാട്ടി. കോവിഡ് മൂന്നാം തരംഗം വിചാരിച്ചത്ര ദോഷം ചെയ്തില്ല. ഫാക്ടറി ഉൽപാദന മേഖലയിൽ ഉണർവ് വേണ്ടത്ര ആയിട്ടില്ലെന്ന് റിസർവ് ബാങ്ക് കരുതുന്നു.

ഭക്ഷ്യധാന്യ ഉൽപാദനം വീണ്ടും റിക്കാർഡ്

രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപാദനം വീണ്ടും വർധിച്ച് 31.61 കോടി ടൺ ആകുമെന്ന് ഗവണ്മെൻ്റ് പറയുന്നു. ഇതു പുതിയ റിക്കാർഡാണ്. 2021-22ൽ (ജൂലൈ - ജൂൺ) ഖാരിഫ് വിള 15.36 കോടി ടണ്ണും റാബി വിള 16.25 കോടി ടണ്ണുമാണു പ്രതീക്ഷിക്കുന്നത്. അരി 12.8 കോടി ടൺ, ഗോതമ്പ് 11.13 കോടി ടൺ, പയറുവർഗങ്ങൾ 2.7 കോടി ടൺ എന്നിങ്ങനെ പ്രതീക്ഷിക്കുന്നു.


This section is powered by Muthoot Finance

Tags:    

Similar News