രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറയുന്നു, ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനവ്

Update:2018-09-20 10:45 IST

കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2017-18) ഇന്ത്യയിലെ ക്രൂഡ് ഓയില്‍ ഉല്‍പാദനം 35 മില്യണ്‍ ടണ്ണാണ്. എന്നാല്‍ മുന്‍വര്‍ഷത്തെക്കാള്‍ ഇത് കുറവാണെന്ന് മാത്രമല്ല കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ക്രൂഡ് ഓയില്‍ ഉല്‍പാദനവുമാണിത്. രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനത്തെക്കുറിച്ച് ഏതാനും ദിവസം മുന്‍പ് ആര്‍.ബി.ഐ പുറത്തുവിട്ട കണക്കാണിത്.

രാജ്യത്തെ കഴിഞ്ഞ 5 വര്‍ഷത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനം പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷമാണ് ഉല്‍പാദനം ഏറ്റവും കുറഞ്ഞതെന്ന് ഇതോടൊപ്പമുള്ള ചാര്‍ട്ട് വ്യക്തമാക്കുന്നു. 2013-14നെ അപേക്ഷിച്ച് ഏകദേശം 3 മില്യണ്‍ ടണ്ണിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയാകട്ടെ അതിന് അനുസരിച്ച് ഉയരുകയും ചെയ്തിട്ടുണ്ട്. 2013-14ല്‍ 189 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ അത് 220 മില്യണ്‍ ടണ്ണായി വര്‍ദ്ധിച്ചിരിക്കുകയാണ്

ക്രൂഡ് ഓയിലിന്റെ ഉല്‍പാദനവും ഇറക്കുമതിയും (മില്യണ്‍ ടണ്ണില്‍)

വര്‍ഷം ആഭ്യന്തര ഉല്‍പാദനം ഇറക്കുമതി


2013-14 38 189

2014-15 37 189

2015-16 37 203

2016-17 36 214

2017-18 35 220

ക്രൂഡ് ഓയിലിന്റെ ഉല്‍പാദനത്തിലുള്ള കുറവും ഇറക്കുമതിയിലുള്ള വര്‍ദ്ധനവും കാരണം 2022 ഓടെ എണ്ണ ഇറക്കുമതിയിലെ ആശ്രിതത്വം 10 ശതമാനം കുറക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് ഇത് തിരിച്ചടിയാകും. വിദേശ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിക്കുന്നതിനാല്‍ ഇറക്കുമതി ചെലവ് കുത്തനെ ഉയരുകയാണ്. അതോടൊപ്പമുള്ള രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ സമ്പദ്ഘടനയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. കറന്റ് എക്കൗണ്ട് കമ്മി വര്‍ദ്ധിക്കുന്നതിനും പണപ്പെരുപ്പത്തിനും ഇത് വഴിയൊരുക്കും.

പെട്രോള്‍ ഉല്‍പന്നങ്ങളുടെ ഉപഭോഗത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ കണക്കുകളും ആശാവഹമല്ല. 2018 ജൂലൈയില്‍ പെട്രോള്‍ ഉല്‍പന്നങ്ങളുടെ ഉപഭോഗത്തില്‍ 7.4 ശതമാനം വര്‍ദ്ധനവുണ്ടായതായി പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2017 ജൂലൈയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം 15.9 എം.എം.ടി ആയിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ അത് 17.1 എം.എം.ടിയായി വര്‍ദ്ധിച്ചു.

2018 ജൂലൈ മാസത്തെ പാസഞ്ചര്‍ വെഹിക്കിള്‍സ് സെയില്‍സില്‍ 2.7 ശതമാനം കുറവുണ്ടായെങ്കിലും സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ 2018 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില്‍പനയില്‍ 13.3 ശതമാനവും ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ 13.9 ശതമാനം വര്‍ദ്ധനവും ഉണ്ടായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ നാല് മാസങ്ങളില്‍ വാഹന വില്‍പനയിലുണ്ടായ ഈ വര്‍ദ്ധനവാണ് പ്രട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിച്ചത്.

Similar News