രൂപയുടെ മൂല്യത്തകർച്ച തടയാൻ നടപടി; കേന്ദ്രസർക്കാരിന്റെ 5 പ്രധാന തീരുമാനങ്ങൾ

Update:2018-09-15 11:55 IST

രൂപയുടെ വിലയിടിവ് തടയാനും കറന്റ് അക്കൗണ്ട് കമ്മി കുറക്കാനുമുള്ള നടപടികൾ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്ലി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക വിശകലന സമിതിയാണ് ഇതിനായി അഞ്ച് മുഖ്യ തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗം ഇന്നും തുടരും.

മാർക്കറ്റ് കോൺഫിഡൻസ് ഉയർത്താനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടും. കറന്റ് അക്കൗണ്ട് കമ്മി കുറക്കാനുള്ള നടപടികളാണ് ഇന്നലെ പ്രധാനമായും കൈക്കൊണ്ടത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.4 ശതമാനത്തിലെത്തിയിരുന്നു. എണ്ണവില കൂടുന്നതും രൂപയുടെ വില ഇടിയുന്നതുമാണു പ്രധാന പ്രശ്നങ്ങളെന്ന് ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.

1. അവശ്യം വേണ്ട സാധനങ്ങൾ ഒഴികെയുള്ളവയുടെ ഇറക്കുമതി വേണ്ടെന്നുവെയ്ക്കും. കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളും.

2. ഉൽപന്നനിർമാണ മേഖലയിൽ ഉള്ളവർക്ക് വിദേശത്തുനിന്നും വായ്പസ്വീകരിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് വരുത്തും. ഇത്തരം യൂണിറ്റുകൾക്ക് ഒരു വർഷത്തെ പ്രവർത്തന കാലാവധി പൂർത്തിയായാൽ 50 ദശലക്ഷം ഡോളർ വിദേശ വായ്പ സ്വീകരിക്കാം.

3. 2019 സാമ്പത്തിക വർഷത്തിൽ പുറപ്പെടുവിക്കുന്ന മസാല ബോണ്ടുകളെ വിത്ത്‌ഹോൾഡിങ് നികുതിയിൽ നിന്ന് ഒഴിവാക്കും.

4. ഇന്ത്യൻ ബാങ്കുകൾക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളയും.

5. അടിസ്ഥാന വികസനപ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നു വാങ്ങുന്ന വാണിജ്യ വായ്പകൾക്ക് (ECB) ഏർപ്പെടുത്തിയിരിക്കുന്ന ഹെഡ്ജിങ് ചട്ടങ്ങൾ പുനഃപരിശോധിക്കും. മാത്രമല്ല, ഇന്ത്യൻ കമ്പനിയിൽ വിദേശ നിക്ഷേപകർക്കുള്ള 20% നിക്ഷേപ പരിധി ഒഴിവാക്കും.

Similar News