വായ്പാ ലഭ്യത:  സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ഏറ്റവും പിന്നില്‍

Update:2018-09-04 14:09 IST

രാജ്യത്തെ എം.എസ്.എം.ഇ മേഖലയിലെ ഔദ്യോഗിക വായ്പാ ലഭ്യതയെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലെ നിര്‍ണ്ണായകമായ വിവിരങ്ങള്‍ ആര്‍.ബി.ഐ വെളിപ്പെടുത്തി.

പത്ത് ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഔദ്യോഗിക വായ്പാ ലഭ്യത വളരെയേറെ പരിമിതമാണ്. എന്നാല്‍ ഉയര്‍ന്ന വിറ്റുവരവുള്ള വന്‍കിട സരംഭങ്ങള്‍ക്ക് ഔദ്യോഗിക വായ്പ ഒരു മുഖ്യ സ്രോതസായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇക്കാരണത്താല്‍ അവ കൂടുതല്‍ വായ്പകള്‍ നേടിയെടുക്കുകയും ചെയ്യുന്നു.

ഔദ്യോഗിക വായ്പകള്‍ നേടിയെടുക്കുന്നതില്‍ രാജ്യത്തെ എം.എസ്.എം.ഇ മേഖലയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ആര്‍.ബി.ഐ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ഇവയൊക്കെ. സംരംഭകരുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമേ സംരംഭത്തിന്റെ പ്രായം, പ്രവര്‍ത്തനം, ജീവനക്കാരുടെ എണ്ണം, വിറ്റുവരവ് തുടങ്ങിയ ഘടകങ്ങളെയുമാണ് ആര്‍.ബി.ഐ പഠനത്തിന് അടിസ്ഥാമാക്കിയിട്ടുള്ളത്.

ഇടത്തരം സംരംഭങ്ങള്‍ക്കും ഔദ്യോഗിക വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ സൂക്ഷ്മ ചെറുകിട സംരംഭങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ഇന്‍ഫര്‍മേഷനുകളിലെ പൊരുത്തക്കേട്, ചെറിയ തുകയുടെ വായ്പകള്‍ക്കുള്ള ഉയര്‍ന്ന ട്രാന്‍സാക്ഷന്‍ കോസ്റ്റ് എന്നീ കാരണങ്ങള്‍ കൊണ്ടാണ് ഒദ്യോഗിക വായ്പാ രംഗത്ത് ഇവ പിന്തള്ളപ്പെട്ട് പോകുന്നത്.

സുപ്രധാന കണ്ടെത്തലുകള്‍

  • 5 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഔദ്യോഗിക വായ്പകളെ ഒരു സുപ്രധാന സ്രോതസായി പരിഗണിക്കുന്നതിനുള്ള സാധ്യത കുറവാണ്. കാരണം ആരംഭഘട്ടത്തിലാണ് മൂലധന മുതല്‍മുടക്ക്് ഇവക്ക് ഏറ്റവും അത്യാവശ്യമായി വരുന്നത്. കൂടാതെ അടുത്ത തലത്തിലേക്ക് വളരാനുള്ള എം.എസ്.എം.ഇ സംരംഭങ്ങളുടെ ശേഷിക്കുറവിനെയും ഇത് സൂചിപ്പിക്കുന്നു.
  • ഉല്‍പാദന രംഗത്തെ സംരംഭങ്ങളെക്കാള്‍ സേവന മേഖലയിലുള്ള എം.എസ്.എം.ഇ സംരംഭങ്ങള്‍ക്കാണ് ഔദ്യോഗിക ധനസഹായം ലഭിക്കാനുള്ള സാധ്യത കൂടുതലായുള്ളത്.
  • യുവ സംരംഭകരെക്കാള്‍ മുതിര്‍ന്ന സംരംഭകര്‍ ഔദ്യോഗിക ഫണ്ടിംഗ് ഒരു പ്രധാന സ്രോതസായി നേടുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നു.
  • സംരംഭകരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഔദ്യോഗിക ഫണ്ടിംഗ് നേടിയെടുക്കുന്നതില്‍ കാര്യമായൊരു മുന്നേറ്റം പ്രകടമല്ല.
  • പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടുള്ള സംരംഭകര്‍ ഓദ്യോഗിക വായ്പകള്‍ നേടിയെടുക്കുന്നതില്‍ മുന്നിലാണ്. അതിനാല്‍ പരിശീലനമാണ് എം.എസ്.എം.ഇ മേഖലയിലെ വായ്പ ഉയര്‍ത്തുന്നതിനുള്ള ഒരു സുപ്രധാന നടപടി.

Similar News