ഏകദേശം ഒരുവര്‍ഷം മുമ്പ് എന്നെ വിളിച്ച് ഓഫീസില്‍ കാണാന്‍ വന്ന ദിനേശ് എന്ന വ്യക്തിയുടെ കഥ വെച്ച് തുടങ്ങാം. ദിനേശിന് ഏകദേശം 35 വയസുണ്ട് പത്തുവര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. ഇനി ഗള്‍ഫില്‍ നിന്ന് തിരിച്ചു പോരാനുള്ള ഒരുക്കത്തിലാണ്. വിവാഹം കഴിഞ്ഞ് മൂന്ന് വയസുള്ള ഒരു കുട്ടിയുമുണ്ട്. നാട്ടില്‍ തിരിച്ചുവന്നാല്‍ എന്തുചെയ്യും എന്നുള്ളത് എല്ലാ ഗള്‍ഫ്കാരെയും പോലെ ദിനേശിന്റെ തലയ്ക്കു മുകളിലും തൂങ്ങിക്കിടന്ന ഒരു വലിയ ചോദ്യമായിരുന്നു. അതിനാല്‍ നാട്ടിലേക്ക് തിരിച്ചു വരണമല്ലോ എന്ന ചിന്തയില്‍ ഒരു കൂട്ടുകാരനുമൊത്ത് ഒരു വര്‍ഷംമുമ്പ് നാട്ടില്‍ ഒരു ചെറിയ ഓട്ടോമോട്ടിവ് ബിസിനസ് തുടങ്ങി.
കാറിന് ആവശ്യമായിട്ടുള്ള ചില ആക്‌സസറികളും ഒപ്പം കാര്‍ വാഷിനുള്ള ഒരു സൗകര്യം കൂടി ഒരുക്കി കൊണ്ടുള്ള ഒരു ബിസിനസ് ആയിരുന്നു അത്. ദിനേശും സുഹൃത്ത് അരുണും 10 ലക്ഷം വീതം മുടക്കിയാണ് ഈ പരിപാടി തുടങ്ങിയത്. എന്നാല്‍ തുടങ്ങി ഒരുവര്‍ഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഇതിനകത്ത് ഉണ്ടായില്ലെന്നു മാത്രമല്ല പല സാധനങ്ങളും ഔട്ട് ഓഫ് ഡേറ്റ് ആവുകയും ചെയ്തു. കാര്‍ വാഷിംഗ് ബിസിനസ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ബിസിനസ് ആണോ എന്നുപോലും ദിനേശിനും അരുണിനും തോന്നിത്തുടങ്ങി. ഇനിയെന്തു ചെയ്യും എന്നതാണ് പ്രശ്‌നം!
ചുരുക്കിപ്പറഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 35 ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയ ഒരു ബിസിനസായി ഈ കാര്‍ വാഷ് ബിസിനസ് മാറിക്കഴിഞ്ഞു. കയ്യില്‍ ഇനി ഇന്‍വെസ്റ്റ് ചെയ്യാന്‍ ഒട്ടും തന്നെ പൈസ ഇല്ലാത്തതിനാല്‍ ഈ ബിസിനസും അടച്ചു പൂട്ടാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അവര്‍. ദിനേശിനും അരുണിനും മാത്രമല്ല നമുക്കു ചുറ്റുമുള്ള മിക്കയാളുകള്‍ക്കും പറ്റുന്ന വലിയ ഒരു പ്രശ്‌നമാണ്.
പ്രത്യേകിച്ച് യാതൊരു പഠനങ്ങളും ഇല്ലാതെ പുതിയ ഒരു ബിസിനസിലേക്ക് എടുത്തു ചാടുക. ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചതിനു ശേഷം അത് അടച്ചുപൂട്ടി മറ്റൊരു ബിസിനസിലേക്ക് മാറുക. ഇതിന് ഒരു പരിഹാരം ഉണ്ടോ? പറ്റിക്കഴിഞ്ഞ് പരിഹാരം അന്വേഷിക്കുന്നതിനേക്കാള്‍, ഇത് പറ്റാതിരിക്കാന്‍ എന്ത് ചെയ്യാം എന്നു നോക്കാം!
ഏതൊരു ബിസിനസ് തുടങ്ങുന്നതിനു മുന്‍പും എളുപ്പത്തില്‍ പരിശോധിക്കാവുന്ന ഒന്നാണ് PEMI. പാഷന്‍, എക്‌സ്പീരിയന്‍സ്, മാര്‍ക്കറ്റ്, ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ അക്ഷരങ്ങള്‍. ഇവ ഓരോന്നിലും പാസ്മാര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ പുതിയ ഒരു ബിസിനസ് തുടങ്ങാന്‍ പാടുള്ളൂ എന്ന് ഉറപ്പിക്കണം.
PASSION
ഏതെങ്കിലും ഒരു പ്രവൃത്തി പൂര്‍ണ്ണമായി ആസ്വദിച്ച് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ഒരുപക്ഷേ അത് നിങ്ങളുടെ പാഷന്‍ ആയിരിക്കാം. മാത്രമല്ല എത്ര നേരം തുടര്‍ച്ചയായി അത് ചെയ്താലും ഒരു വിരസതയും തോന്നാതിരിക്കുകയും വേണം. അങ്ങനെയാകുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു. അത്തരമൊരു അവസ്ഥയില്‍ അങ്ങനെ ഒരു പ്രവൃത്തി ചെയ്യാനായി നിങ്ങള്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് പാഷന്‍ ഉള്ള ഏരിയകള്‍ ആണ് തെരഞ്ഞെടുക്കേണ്ടത്.
നിങ്ങള്‍ക്ക് പാഷന്‍ ഇല്ലാത്ത ഒരു ബിസിനസ് ഫീല്‍ഡ് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് കുറച്ചു കഴിയുമ്പോള്‍ അതിനോട് പൂര്‍ണ്ണമായ വിരസത ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദിനേശും അരുണും ഉള്‍പ്പെടെ ഒരുപാടാളുകള്‍ തെരഞ്ഞെടുക്കുന്നത് അവര്‍ക്ക് എളുപ്പത്തില്‍ പൈസയുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്ന ബിസിനസുകള്‍ ആണ്… അല്ലാതെ അവര്‍ക്ക് പാഷന്‍ ഉള്ള ബിസിനസുകളല്ല. ഇതു തന്നെയാണ് നമ്മളില്‍ പലരും വരുത്തിവയ്ക്കുന്ന ഏറ്റവും വലിയ തെറ്റ്.
EXPERIENCE
ഒരു പുതിയ ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിനകത്ത് ഒരു ചെറിയ എക്‌സ്പീരിയന്‍സ് അല്ലെങ്കില്‍ എക്‌സ്പര്‍ട്ടൈസ് ആവശ്യമാണ്. തീര്‍ത്തും പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിനകത്തുള്ള പല കാര്യങ്ങളും മനസിലാക്കിയെടുക്കാന്‍ എക്‌സ്പീരിയന്‍സ് നമ്മെ സഹായിക്കും അല്ലെങ്കില്‍ മിക്കവാറും ആദ്യ രണ്ടു വര്‍ഷം ഈ എക്‌സ്പീരിയന്‍സിനു വേണ്ടി മാത്രമായി നാം ചെലവഴിക്കേണ്ടി വന്നേക്കാം.
അതിനാല്‍ നിങ്ങള്‍ ഒരു പുതിയ ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി ഉണ്ടെങ്കില്‍ അതിനെ കുറിച്ച് പഠിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ചെലവാക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം
MARKET
നിങ്ങള്‍ തുടങ്ങാന്‍ പോകുന്ന ബിസിനസ് എവിടെയാണ്, അതിന് എവിടെയൊക്കെ മാര്‍ക്കറ്റുണ്ട്, മാത്രമല്ല ഇനിയുള്ള കാലത്ത് ഈ ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ എത്ര ഉണ്ട്, ഇതിന്റെ ഉപഭോക്താക്കള്‍ക്ക് സേവനം ചെയ്യുന്ന രീതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ടെക്‌നോളജിയുടെ കടന്നുകയറ്റം മാര്‍ക്കറ്റിനെ ബാധിക്കുമോ, കോമ്പറ്റീഷന്‍ ശക്തമാണോ, അത് നമ്മളെ, നമ്മളുടെ ുൃശരല നെ ബാധിക്കാനുള്ള സാധ്യതയുണ്ടോ… എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിനുശേഷം കാര്യങ്ങള്‍ അനുകൂലമാണെന്ന് കാണുകയാണെങ്കില്‍ മാത്രമേ പുതിയ ബിസിനസ് മേഖലയിലേക്ക് ഇറങ്ങാവൂ.
ഒരു മാര്‍ക്കറ്റ് സര്‍വ്വേ, ഫീസിബിലിറ്റി സ്റ്റഡി എല്ലാം ചെയ്തുകൊണ്ട് മാര്‍ക്കറ്റ് സാധ്യതകള്‍ മനസിലാക്കാന്‍ ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട് എന്നാല്‍ പലരും ഇത്തരം കാര്യങ്ങളെ ആദ്യമേ അവഗണിക്കുന്നു. ബിസിനസ് തുടങ്ങിയതിനുശേഷം ആരും ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ മേടിക്കാന്‍ ഇല്ലാതാകുമ്പോഴാണ് പലരും ഇതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. നമ്മുടെ ദിനേശിന് പറ്റിയതും ഇതുതന്നെയാണ്. ഏകദേശം 20 ലക്ഷം രൂപ യാതൊരു ചിന്തയുമില്ലാതെ ആദ്യമേ ഇന്‍വെസ്റ്റ് ചെയ്തതിനുശേഷമാണ് ഇതിന്റെ സാധ്യതകളെ കുറിച്ച് ആലോചിക്കുന്നത് തന്നെ. ഒരു ഗ്രാമ പ്രദേശത്തുള്ള ഇവരുടെ വീടിനടുത്ത് ആണ് ഇവരുടെ ഓട്ടോമൊബൈല്‍ കാര്‍ വാഷ് ഉള്ളത്.
ആ ഗ്രാമത്തില്‍ പൊതുവേ കാറുകള്‍ കുറവാണെന്നു മാത്രമല്ല കാറുകള്‍ ഉള്ളവര്‍ തന്നെ സ്വന്തമായി അത് കഴുകുന്ന രീതിയാണുള്ളത്. അത്തരമൊരു സ്ഥലത്ത് അവരുടെ ശീലം മാറ്റണമെങ്കില്‍ വളരെ വ്യത്യസ്തമായ രീതിയിലുള്ള സ്ട്രാറ്റജി ഉപയോഗിച്ചുകൊണ്ട് വേണം ഈ ബിസിനസ് അവതരിപ്പിക്കാന്‍. എന്നാല്‍ അതൊന്നും ചിന്തിക്കാതെ, പഠിക്കാതെ വെറും ചങ്കൂറ്റത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ബിസിനസ് തുടങ്ങുമ്പോഴാണ് ബിസിനസുകളില്‍ വലിയ പരാജയങ്ങള്‍ സംഭവിക്കുന്നത്.
INVESTMENT
എത്ര നല്ല ഐഡിയ ആണെങ്കിലും എത്ര നല്ല ബിസിനസ് പ്ലാന്‍ ആണെങ്കിലും അതിന് ആവശ്യമായിട്ടുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലെങ്കില്‍ തീര്‍ച്ചയായിട്ടും ബിസിനസ് മുന്നോട്ടുപോകില്ല എന്നുറപ്പ്. ഓരോ ബിസിനസിനും ആവശ്യമായ ഒരു മിനിമം ഇന്‍വെസ്റ്റ്‌മെന്റ് തുകയുണ്ട്. ഓരോ ബിസിനസിനും അത് വ്യത്യസ്തമായിരിക്കും നിങ്ങള്‍ക്ക് ആവശ്യമുള്ള തുക നിങ്ങളുടെ കയ്യിലുണ്ടോ എന്നുള്ളത് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ബിസിനസ് തുടങ്ങാവൂ. അല്ലെങ്കില്‍ ആ തുക സംഭരിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തി വച്ചിരിക്കണം. ഒരുപക്ഷേ ഒരു ബിസിനസില്‍ നിന്ന് ഒരുവര്‍ഷം അല്ലെങ്കില്‍ രണ്ടു വര്‍ഷം വരെ ഒരു വരുമാനം പോലും ഉണ്ടായില്ല എന്ന് വരാം.
അത്രയുംകാലം ബിസിനസ് നടത്താനുള്ള വര്‍ക്കിംഗ് ക്യാപിറ്റല്‍ നമ്മുടെ കയ്യില്‍ ഉണ്ടാവുക എന്നത് പ്രധാനമാണ്. പല ബിസിനസ് പ്ലാനുകളും വളരെ ഒപ്റ്റിമിസ്റ്റിക് ആയതിനാല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുകൊണ്ട് പിന്നീട് വര്‍ക്കിംഗ് ക്യാപിറ്റല്‍ ഉണ്ടാക്കാം എന്നുള്ള ധാരണയാണ് പലരും ഉണ്ടാക്കിവച്ചിരിക്കുന്നത്. കാര്യങ്ങള്‍ വിചാരിച്ചപോലെ പോയില്ലെങ്കില്‍ ബിസിനസ് മുഴുവന്‍ നിന്നു പോവുകയും പിന്നീട് മുന്നില്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരികയും ചെയ്യും. ഏകദേശം അത്തരമൊരു അവസ്ഥയിലാണ് ഇപ്പോള്‍ ദിനേശും.
(സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്‌ലില്‍ അയയ്ക്കാം)