കെ.പി ശങ്കരന്‍
ജീവിത സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച് ആരംഭിച്ച പ്രസ്ഥാനത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ മനംനൊന്ത് ഒരു പ്രവാസി സംരംഭകന്‍ മരണത്തിന്റെ വഴി തെരഞ്ഞെടുത്തത് ഈ കേരളത്തിലാണ്. അതിനു പിന്നാലെ പുറത്തു വന്ന പല വാര്‍ത്തകളും വരച്ചുകാട്ടിയത് ഇവിടെ പ്രവാസി സംരംഭകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും ചിത്രങ്ങളും.
എന്തുകൊണ്ടാണ് കേരളത്തില്‍ പ്രവാസി സമൂഹത്തിന് വിജയകരമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പ്രയാസം അനുഭവപ്പെടുന്നത്?
പ്രധാന കാരണങ്ങള്‍
- ഗള്‍ഫ് രാജ്യങ്ങളില്‍ സുദീര്‍ഘമായ കാലം കഷ്ടപ്പെട്ടാണ് പല സംരംഭകരും നാട്ടില്‍ തിരിച്ചെത്തുന്നത്. അതിനു ശേഷം വീണ്ടും ജന്മനാട്ടില്‍ കിടന്ന് കഷ്ടപ്പെടാന്‍ പലരും താല്‍പ്പര്യപ്പെടുന്നില്ല. അതുകൊണ്ട് അവരില്‍ ഭൂരിഭാഗം പേരും കഷ്ടപ്പാടും ബുദ്ധിമുട്ടും കുറഞ്ഞ വഴികളാണ് ആദ്യം തെരഞ്ഞെടുക്കുക. ഒരു ബിസിനസ് എന്ന നിലയില്‍ ഒരു കട തുറക്കാനോ തുണിക്കടയോ ഷോപ്പിംഗ് കോംപ്ലെക്‌സോ ഹോട്ടലോ ജൂവല്‍റിയോ ഒക്കെ ആരംഭിക്കാനോ ആണ് ശ്രമിക്കുക.
- നാട്ടിലെത്തുന്ന പ്രവാസികള്‍ പലരും ബിസിനസ് ആരംഭിക്കാന്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോ എന്തിന് അവരുടെ അടുത്തുള്ള ജില്ലകളോ പോലും പരിഗണിക്കില്ല. പരമാവധി വീടിന് അടുത്തു തന്നെയുള്ള സംരംഭത്തിനാണ് താല്‍പ്പര്യമേറെ. ഉദാസീനമായ ഈ നിലപാട് ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് തന്നെ വിഘാതമാണ്.
- ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന പ്രവാസി മലയാളികള്‍ ഭൂരിഭാഗം പേരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴില്‍ ചെയ്തും പ്രവര്‍ത്തിച്ചും ശീലമുള്ളവരാണ്. ഇവര്‍ക്ക് മാനുഫാക്ചറിംഗ്, ട്രേഡിംഗ് രംഗത്ത് വൈദഗ്ധ്യം കുറവാണ്.
- മറ്റൊരു പ്രതികൂല ഘടകം സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണമില്ലായ്മയാണ്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പലരും പ്രവാസികളെ പണച്ചാക്കുകളായാണ് കാണുന്നത്. എത്ര പണം വേണമെങ്കിലും ചെലവിടാന്‍ ശേഷിയുള്ളവരായാണ് ഇവരെ പരിഗണിക്കുന്നത് തന്നെ.
- ഗള്‍ഫിലും വിദേശ രാജ്യങ്ങളിലും ദീര്‍ഘനാള്‍ ചെലവിട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ വ്യവസായ മേഖലയെ കുറിച്ചുള്ള അറിവ് പരിമിതമായിരിക്കും. നാട്ടിലുള്ളവര്‍ പറയുന്നത് വിശ്വസിച്ച് കൃത്യമായി പഠനം നടത്താതെ ബിസിനസ് തുടങ്ങുമ്പോള്‍ പല പ്രശ്‌നങ്ങളും പൊന്തിവരും. നിക്ഷേപം നടത്തിയ ശേഷം തലയൂരാന്‍ പറ്റാതെ പോകുന്നതും അത്തരം സന്ദര്‍ഭങ്ങളിലാണ്.
- നാട്ടില്‍ ബിസിനസ് ആരംഭിക്കാന്‍ പ്രോത്സാഹനവും പ്രലോഭനവുമായി പലരും കാണും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പല സുന്ദര വാഗ്ദാനങ്ങളും നല്‍കും. പക്ഷേ അവ പാലിക്കണമെന്നില്ല.
- ഭൂമിയെ സംബന്ധിച്ച രേഖകളെല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം. സ്ഥലത്തിന്റെ രേഖകളില്‍ ക്രമക്കേട് കണ്ടാലും ചിലര്‍ കാലക്രമേണ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തില്‍ മുന്നോട്ടുപോകും. ഇത്തരം ക്രമക്കേട് പിന്നീട് ചിലര്‍ ബ്ലാക്ക് മെയ്‌ലിംഗിനുള്ള അവസരമായും വിനിയോഗിക്കും. ക്രമക്കേടുള്ളതിനാല്‍ അതിന് വശംവദരാകാതെ മുന്നോട്ടുപോകാനും സാധിക്കില്ല.
- നാട്ടില്‍ തുടങ്ങുന്ന ബിസിനസിന്റെ മേല്‍നോട്ടം പലപ്പോഴും അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിശ്വസിച്ച് ഏല്‍പ്പിക്കുന്നവരുണ്ട്. പണം മുടക്കാതെ മേല്‍നോട്ടം മാത്രം വഹിക്കുന്നവര്‍ പിന്നീട് ബിസിനസിന്റെ അടിത്തറ തന്നെ കുളം തോണ്ടും. അമിതമായി മറ്റുള്ളവരെ വിശ്വസിക്കുന്നത് വഴി പലപ്പോഴും അബദ്ധങ്ങള്‍ പിണയും.
എന്താണ് പോംവഴി?
പ്രശ്‌നങ്ങള്‍ എവിടെയുമുണ്ടാകും. പക്ഷേ അതിനെ മറികടക്കാനുള്ള വഴികള്‍ കണ്ടെത്തുകയാണ് സംരംഭകര്‍ ചെയ്യേണ്ടത്. പ്രവാസി സംരംഭകരുടെ തനതായ പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തുകടക്കാനുള്ള ചില മാര്‍ഗങ്ങളിതാണ്.
പ്രവാസി സംരംഭകര്‍ നേരെ മാനുഫാക്ചറിംഗ് രംഗത്തേക്ക് കടക്കരുത്. ആദ്യം ട്രേഡിംഗ് ആരംഭിക്കുക. ട്രേഡിംഗ് നല്ല നിലയില്‍ പോകുന്നുണ്ടെങ്കില്‍ മാത്രം ആ ഉല്‍പ്പന്നത്തിന്റെ മാനുഫാക്ചറിംഗ് രംഗത്തേക്ക് കടക്കുക.
പ്രവാസികള്‍ കൂട്ടായ്മയോടെ കമ്പനികള്‍ രൂപീകരിക്കുന്നത് വളരെ നല്ല ആശയമാണ്. നാട്ടില്‍ തിരിച്ചെത്തുന്ന ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരാണ്. അവര്‍ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരാകും. നല്ല പ്ലംബര്‍മാരായിരിക്കും. ഇലക്ട്രീഷ്യന്മാരാകാം. വെല്‍ഡേഴ്‌സ് കാണും. ഇവര്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കണം. അല്ലെങ്കില്‍ കമ്പനിയുണ്ടാക്കണം.
തനിച്ച് ജോലി ചെയ്യുന്നതിനേക്കാള്‍ നല്ല വഴിയാകും ഇത്. വലിയ ജോലികള്‍ ഇവര്‍ക്ക് ഏറ്റെടുക്കാനാകും. നല്ല രീതിയില്‍ ക്ലയന്റ്‌സുമായി പല കാര്യങ്ങളും നെഗോഷ്യേറ്റ് ചെയ്യാന്‍ പറ്റും. ഇത്തരം കമ്പനികള്‍ മാനേജ് ചെയ്യാനുള്ള അല്‍പ്പം കഴിവുവേണമെന്നുമാത്രം. പക്ഷേ ഒട്ടനവധി പേരുടെ വൈദഗ്ധ്യം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കും. മാത്രമല്ല, കേരളത്തിലെ വിദഗ്ധതൊഴിലാളി ക്ഷാമമെന്ന പ്രശ്‌നത്തെ മറികടക്കാനും സാധിക്കും.
അനുബന്ധ വ്യവസായങ്ങള്‍ വരാന്‍ സാധ്യതയുള്ള വലിയ യൂണിറ്റുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അത് കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കും. ഉദാഹരണത്തിന്, ഒരു വീല്‍ ആന്‍ഡ് ആക്‌സില്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ വലിയ തോതില്‍ അനുബന്ധ യൂണിറ്റുകള്‍ വരില്ല. മറിച്ച് റെയ്ല്‍ കോച്ച് ഫാക്ടറി വന്നാല്‍ അനുബന്ധ യൂണിറ്റുകള്‍ വരാനുള്ള സാധ്യതയുണ്ട്.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാനുഫാക്ചറിംഗ് യൂണിറ്റുകളിലെ ജോലികള്‍ കഴിയുന്നത്ര വികേന്ദ്രീകൃതമാക്കുക. ഇത് അത്തരം കമ്പനികളുടെ ഇന്‍പുട്ട് കോസ്റ്റ് കുറയാന്‍ സഹായിക്കും. മാത്രമല്ല, നിരവധി ചെറിയ കമ്പനികള്‍ക്ക് നിര്‍മാണ കരാറുകള്‍ ലഭിക്കുകയും ചെയ്യും.
നാട്ടില്‍ മടങ്ങിയെത്തിയ പല വിദഗ്ധരും അവരുടെ കഴിവും പരിചയവും വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത സാഹചര്യവുമുണ്ട്. ഇവര്‍ അവരവരുടെ മേഖലകളില്‍ കണ്‍സള്‍ട്ടന്‍സി/ എന്‍ജിനീയറിംഗ് സൊലൂഷന്‍ സേവനങ്ങള്‍ ആരംഭിക്കുന്നത് ഉചിതമാകും. ഇവര്‍ക്ക് കേരളത്തില്‍ തന്നെയുള്ള മുന്‍നിര കണ്‍സള്‍ട്ടന്‍സി/ എന്‍ജിനീയറിംഗ് സേവനദാതാക്കളായവരുടെ അനുബന്ധ ജോലികള്‍ ഏറ്റെടുത്ത് ചെയ്യാനാകും. ഇവരിലൂടെ മറ്റനേകം പേര്‍ക്ക് തൊഴിലുകള്‍ ലഭിക്കുകയും ചെയ്യും.
ഒരു വീട്ടില്‍ നിന്ന് ഒരു ഉല്‍പ്പന്നം അല്ലെങ്കില്‍ ഒരു പഞ്ചായത്തില്‍ ഒരു വ്യവസായം എന്ന ആശയം കേരളത്തില്‍ വ്യാപകമാക്കണം. ഉത്തര്‍പ്രദേശിലും പഞ്ചാബിലുമൊക്കെയുള്ള കാര്യമാണിത്.
കേരളത്തില്‍ തൊഴിലവസരങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന പ്രസിദ്ധീകരണങ്ങളേറെയുണ്ട്. പക്ഷേ ബിസിനസ് അവസരങ്ങളെ കുറിച്ച് പറയാന്‍ അത്രമാത്രമില്ല. ബിസിനസ് അവസരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. അത് വിദേശ മലയാളികള്‍ക്ക് സഹായകരമാകും.
കേരളത്തിലെ ബ്രാന്‍ഡുകള്‍ ബ്രാന്‍ഡ് നാമം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ മുന്നില്‍ കാണുന്നത് കേരളീയരായ ഉപഭോക്താക്കളെയാണ്. എന്തിനാണത് ഇനിയും ഇക്കാലത്ത് തുടരുന്നത്? ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ഉപഭോക്താക്കളുടെ മനസില്‍ കയറാന്‍ പറ്റുന്ന വിധത്തിലുള്ള ബ്രാന്‍ഡ് നാമങ്ങള്‍ സംരംഭകര്‍ സ്വീകരിക്കണം.
കെ പി നമ്പൂതിരീസ് പോലുള്ള കമ്പനികള്‍ എന്തുകൊണ്ടാണ് അത്തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തതും ദേശീയ തലത്തില്‍ കോള്‍ഗേറ്റുമായി മത്സരിക്കാത്തതും? ഇനി അങ്ങനെയൊക്കെ ചെയ്താല്‍ മാത്രമേ കേരളത്തിലൊതുങ്ങാതെ സംരംഭകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും വളരാനാകൂ.
പ്രവാസി മലയാളി സംരംഭകര്‍ തീര്‍ച്ചയായും ബന്ധം സ്ഥാപിക്കേണ്ട മറ്റൊരു വിഭാഗമുണ്ട്. അത് ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളി സംരംഭകരാണ്. പ്രവാസി സംരംഭകര്‍ക്ക് ഇന്ത്യ എന്നത് അധികം പരിചയമില്ലാത്ത സ്ഥലമാണ്. കാരണം നേരെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കോ മറ്റോ വര്‍ഷങ്ങളായി നേരെ പറിച്ചു നടപ്പെട്ടവരാണ്.
അവര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ കാര്യങ്ങള്‍ അറിയണമെന്നില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതശൈലിയെന്ത്? അവരുടെ വരുമാനമെന്ത്? ആവശ്യങ്ങളെന്ത്? എന്നെല്ലാം ഇവര്‍ക്ക് അറിയണമെന്നില്ല. പക്ഷേ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മലയാളി സംരംഭകര്‍ക്ക് അതേ കുറിച്ച് ധാരണ കാണും.
ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലെ മലയാളി സംരംഭകര്‍ അങ്ങേയറ്റം നിര്‍ണായകമായ ഘടകമാണ്. കേരളത്തില്‍ ഒരു പ്രവാസി മലയാളി സംരംഭകന് വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇവര്‍ക്കാകും. കാരണം ഇവര്‍ക്ക് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ കുറിച്ച് അറിയാം. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മെഷീനുകള്‍ വാങ്ങാന്‍ വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാധിക്കും.
(കേരളത്തില്‍ എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു? എന്ന റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണിത്)