ലോകം മുഴുവന്‍ നിങ്ങളുടെ കളിക്കളമാക്കാം; ബ്രാന്‍ഡിനെ ഈ വിധമാക്കിയാല്‍

ലോകമെമ്പാടുമുള്ള കണ്‍സ്യൂമര്‍ നിങ്ങളെ വിശ്വസിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന വിധം മാറാന്‍ ഇങ്ങനെയൊരു കാര്യം മതി

Update:2022-11-14 11:55 IST

നിങ്ങള്‍ വിദേശ രാജ്യത്തേക്ക് പറക്കുകയാണ്. ആ രാജ്യത്തിന്റെ എയര്‍പോര്‍ട്ടില്‍ നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനി അവിടെ നിന്നും ലക്ഷ്യ സ്ഥാനത്തിലേക്ക് പോകേണ്ടതുണ്ട്. പ്രാദേശിക ടാക്‌സി സേവനമോ എയര്‍പോര്‍ട്ട് ടാക്‌സി സേവനമോ തേടാതെ നിങ്ങള്‍ ഊബര്‍ (Uber) ടാക്‌സി ലഭ്യമാണോ എന്ന് നോക്കുന്നു. മൊബൈല്‍ ആപ്‌ളിക്കേഷനില്‍ ടാക്‌സി ഓര്‍ഡര്‍ ചെയ്യുന്നു. ടാക്‌സി അതാ എത്തിച്ചേരുന്നു, നിങ്ങള്‍ സന്തോഷത്തോടെ യാത്ര തുടരുന്നു.

നിങ്ങള്‍ക്ക് ഊബര്‍ (Uber) ടാക്‌സി സര്‍വീസ് അത്ര പരിചിതമാണ്. അവരുടെ സേവനം തേടേണ്ടത് എങ്ങിനെയെന്നും ആ ബ്രാന്‍ഡിനെ വിശ്വസിക്കാമെന്നും അനുഭവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ലോകത്തെവിടെയും സഞ്ചരിക്കുമ്പോള്‍ അവരുടെ സേവനം തേടാന് നിങ്ങള്ക്ക് സന്ദേഹമില്ല. ഇവിടെ ഈ കൊച്ചു കേരളത്തില്‍ കിട്ടുന്ന അതെ സേവനം അതേയളവില്‍ ഒട്ടും കുറയാതെ മേന്മയോടെ ലോകത്തില്‍ എവിടെയും ലഭിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. ഈ ചിന്തയും വിശ്വാസവും നിങ്ങളിലേക്ക് കടന്നു വരുന്നത് എങ്ങിനെയാണ്?

നിങ്ങള്‍ ആഫ്രിക്കയിലെ മക്‌ഡോണാള്‍ഡ്‌സില്‍ (McDonald's) കയറുന്നു. അവിടെ നിങ്ങള്‍ക്ക് യാതൊരു വ്യത്യാസവും അനുഭവപ്പെടുന്നില്ല. ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിലെ മക്‌ഡോണാള്‍ഡ്‌സിലെ അതേ മേന്മയും അനുഭവവും ഭക്ഷണവും നിങ്ങള്‍ക്ക് അവിടേയും ലഭിക്കുന്നു. ഒരേ നിലവാരം ഒരേ അനുഭവം. പ്രദേശങ്ങള്‍ മാറുന്നതിനനുസരിച്ച് അടിസ്ഥാനപരമായ യാതൊരു മാറ്റവും അവര്‍ക്ക് സംഭവിക്കുന്നില്ല. ലോകത്ത് എവിടെപ്പോയാലും ഒരേ നിലവാരം. പ്രാദേശികമായ ചില വകഭേദങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ടെങ്കിലും മറ്റെല്ലാം ഒന്നുപോലെ.

ഈ ബിസിനസുകളെയൊക്കെ ശ്രദ്ധിക്കൂ. അവര്‍ ലോകത്തെ ഒരൊറ്റ വിപണിയായി കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം ലോകമാകെയുള്ള ഉപഭോക്താക്കള്‍ ഒന്നാണ്. പ്രാദേശികമായ അഭിരുചികളില്‍ വ്യത്യാസമുണ്ട്. അവയ്ക്കനുസരിച്ചുള്ള ചില വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും ഉല്‍പ്പന്നങ്ങളുടെ മേന്മയും അനുഭവവും ബ്രാന്‍ഡിന്റെ സേവനവുമൊക്കെ ലോകമാകെ ഒരേ നിലവാരത്തില്‍ നിലനിര്‍ത്താന്‍ അവര്‍ തുനിയുന്നു. ഈ തന്ത്രം ഉപഭോക്താക്കളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നു. ഈ ഭൂഗോളത്തിന്റെ ഏത് മൂലയില്‍ പോയാലും ഈ ബ്രാന്‍ഡിനെ വിശ്വസിക്കാം എന്ന സന്ദേശം ഉപഭോക്താക്കളുടെ മനസ്സില്‍ പതിയുന്നു. ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (Global Standardization) ബ്രാന്‍ഡിന്റെ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുന്നു.

ലോകവ്യാപകമായുള്ള കൊക്കോകോളയുടെ മാര്‍ക്കറ്റിംഗ് കാമ്പയിനുകളിലൂടെ ഒന്ന് കണ്ണോടിക്കൂ. സന്തോഷം, കുടുംബം, പരസ്പരമുള്ള പങ്കുവെക്കല്‍ എന്നീ സന്ദേശങ്ങളും മൂല്യങ്ങളും സമാനമായി അവര്‍ ആഗോള തലത്തില്‍ ഉപഭോക്താക്കളുമായി നിരന്തരം സംവദിക്കുന്നു. ഒരേ തീം, ഒരേ മാര്‍ക്കറ്റിംഗ്, ഒരേ പാക്കേജിംഗ് ഇവയിലൂടെ കൊക്കോകോളയെ ലോകത്തെവിടെയും നിങ്ങള്‍ക്ക് തിരിച്ചറിയാം. ചില പ്രാദേശിക രുചിഭേദങ്ങളും പരസ്യങ്ങളും മാറ്റിനിര്‍ത്തിയാല്‍ ലോകമൊട്ടാകെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നിലനിര്‍ത്താന്‍ ആഗോള ബ്രാന്‍ഡുകള്‍ പരിശ്രമിക്കുന്നു.

നിങ്ങള്‍ക്കൊരു കോഫി കുടിക്കാന്‍ ആഗ്രഹം തോന്നുന്നു. നിങ്ങള്‍ തനിച്ച് സ്റ്റാര്‍ബക്‌സില്‍ (Starbucks) കയറിച്ചെല്ലുന്നു. ആരും സംസാരിക്കാനില്ലാതെ, ഒരു വട്ടമേശയ്ക്ക് (round Table) മുന്നില്‍ നിങ്ങള്‍ ഇരിപ്പുറപ്പിക്കുന്നു. നിങ്ങള്‍ക്കപ്പോള്‍ ഏകാന്തത അനുഭവപ്പെടുന്നില്ല. കൂട്ടില്ലാത്തതിന്റെ മടുപ്പില്ല. എന്തുകൊണ്ടാണിതെന്ന് ചിന്തിച്ചിട്ടുണ്ടോ?

റൗണ്ട് ടേബിളുകള്‍ നിങ്ങള്‍ തനിച്ചാണെന്ന ബോധം ഉണര്‍ത്തുന്നില്ല. റൗണ്ട് ടേബിളില്‍ ഇരിക്കുമ്പോള്‍ ഏകാന്തത നിങ്ങളില്‍ നിന്നും അകന്നുപോകുന്നു. ചതുരത്തിലുള്ള മേശകള്‍ക്ക് ഈ പ്രതീതി സൃഷ്ടിക്കുവാന്‍ സാധിക്കില്ല. ലോകത്തെവിടെയുമുള്ള സ്റ്റാര്‍ബക്‌സ് നിങ്ങള്‍ സന്ദര്‍ശിക്കുക. റൗണ്ട് ടേബിളുകള്‍ അവിടെ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ലോകത്തെ ഒരൊറ്റ വിപണിയായി കാണുകയും അതിനനുസരിച്ച് ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുകയുമാണ് ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (Global Standardization) ചെയ്യുന്നത്. ലോകം മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് ഒരേ നിലവാരത്തിലുള്ള, മേന്മയുള്ള, സമാനതയുള്ള അനുഭവങ്ങള്‍ പകരാന്‍ ഈ തന്ത്രത്തിലൂടെ സാധിക്കുന്നു.


Tags:    

Similar News