സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇതാ 2023 ല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന 4 ബിസിനസ് മേഖലകള്‍

2023 ല്‍ ലോക സാമ്പത്തികരംഗം വലിയതോതിലുള്ള പ്രതിസന്ധിയിലൂടെയായിരിക്കും കടന്നുപോവുക എന്ന് പല ഏജന്‍സികളും റിപ്പോര്‍ട്ട് ചെയുന്നുണ്ട്. എന്നിരുന്നാലും 2023 മുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളരാന്‍ സാധ്യതയുള്ള ബിസിനസ് മേഖലകളാണ് ഇവിടെ വിവരിക്കുന്നത്

Update:2022-12-04 13:46 IST

കോവിഡ്  മൂലം തകര്‍ന്ന പല ബിസിനസ് മേഖലകളും ഇന്ന് പതിയെ വളര്‍ച്ചയുടെ പാതയില്‍ സഞ്ചരിക്കുകയാണ്. പുതിയൊരു വര്‍ഷം പുലരുമ്പോള്‍ ഏതെല്ലാം മേഖലകളിലാണ് വളര്‍ച്ച പ്രതീക്ഷിക്കാവുന്നത് എന്ന് പരിശോധിക്കാം. 2023 ല്‍ ലോക സാമ്പത്തികരംഗം വലിയതോതിലുള്ള പ്രതിസന്ധിയിലൂടെയായിരിക്കും കടന്നുപോവുക എന്ന് പല ഏജന്‍സികളും റിപ്പോര്‍ട്ട് ചെയുന്നുണ്ട്. എന്നിരുന്നാലും 2023 മുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളരാന്‍ സാധ്യതയുള്ള ബിസിനസ് മേഖലകളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

1. വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണ വിപണി (Pet Food ): കോവിഡ് സമയത്ത് ആളുകള്‍ വളര്‍ത്തുമൃഗ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. അതിന്റെ ഫലമായി 2020 ല്‍ വളര്‍ത്തുമൃഗ വ്യവസായത്തിന്റെ മൊത്തം വില്‍പ്പന 103.6 ബില്യണ്‍ ഡോളറായി, ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇത് 2019 ലെ റീട്ടെയില്‍ വില്‍പ്പനയായ 97.1 ബില്യണ്‍ ഡോളറിനേക്കാള്‍ 6.7% വര്‍ദ്ധന രേഖപ്പെടുത്തുന്നു. നിലവില്‍, വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണ വിപണി ഏകദേശം ?4,000 കോടിയാണ്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഗണ്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ഓടെ ഇന്ത്യയിലെ വളര്‍ത്തുമൃഗ സംരക്ഷണ വ്യവസായം ?10,000 കോടിയില്‍ എത്തും. ഇത് നെസ്ലെ ഇന്ത്യ , ഇമാമി തുടങ്ങിയ കമ്പനികളെ ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ ഈ മേഖലയിലുള്ള വിവിധ ബിസിനസ്സുകളായ പെറ്റ് ഫുഡ്, പെറ്റ് ബ്രീഡിങ്, പെറ്റ് കെയര്‍ ക്ലിനിക്, പെറ്റ് ഗ്രൂമിങ് തുടങ്ങിയവ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത കൂടുതലാണ്.

2. തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍: ഇതിനെ പൂര്‍ണമായും ഒരു ബിസിനസ് മേഖല എന്ന് പറയാന്‍ കഴിയില്ല എങ്കിലും ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മേഖലയാണ്. ഇന്ന് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ അവരില്‍ എത്രപേര്‍ക്ക് ഏതെങ്കിലും ഒരു തൊഴില്‍പ്രാവീണ്യം ഉണ്ട്? പഠിച്ചിറങ്ങിയാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം തൊഴില്‍ ലഭിക്കുകയില്ലല്ലോ. ഏതൊരു സ്ഥാപനവും ഒരാളെ നിയമിക്കുമ്പോള്‍ അടിസ്ഥാനപരമായി നോക്കുക അവര്‍ക്ക് ആ തൊഴില്‍ ചെയ്യാന്‍ കഴിയുമോ എന്നതാണ്. എന്നാല്‍ കേരളത്തിന്റെ അവസ്ഥവച്ചു നോക്കുമ്പോള്‍ കാര്യം ദയനീയമാണ്. ഇതിനെ തെളിയിക്കുന്ന പഠനറിപ്പോര്‍ട്ടുകളൊന്നും ഇല്ല എങ്കിലും നേരിട്ട് മനസിലാക്കിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാന്‍ ഇത് എഴുതുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തീര്‍ച്ചയായും വലിയ സാധ്യത കേരളത്തില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ വരാം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുപരി തൊഴിലിന് പ്രാപ്തരാക്കുന്നതരത്തിലുള്ള പരിശീലനം നല്‍കാന്‍ കഴിയണം.

3. ഹോം ഓട്ടോമേഷന്‍ ഉപകരണങ്ങള്‍: ഇന്ന് ആളുകള്‍ വീടുപണിയുമ്പോള്‍ തന്നെ ഓട്ടോമേഷന്‍ ഉപകരങ്ങള്‍ക്കായിമാത്രം നല്ലൊരു തുക മാറ്റിവയ്ക്കാറുണ്ട്. ആ മേഖലയുടെ വളര്‍ച്ച വരുന്നവര്‍ഷങ്ങളില്‍ വന്‍തോതിലായിരിക്കും, പ്രത്യേകിച്ച് ക്യാമറ, ലോക്കര്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ വില്പന. Artificial intelligence , Internet of Things തുടങ്ങിയ രംഗങ്ങളുടെ വളര്‍ച്ച ഹോം ഓട്ടോമേഷന്‍ മേഖലയുടെ വളര്‍ച്ചക്ക് വലിയ കരുത്തേകും. ഇന്ന് ചെറിയ കമ്പനികള്‍പോലും ഇത്തരം ഉപകരണങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഹോം ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങള്‍ ആഡംബരത്തില്‍ നിന്ന് ഇന്ത്യയിലെ എല്ലാ ഇടത്തരം കുടുംബങ്ങള്‍ക്കും ഉണ്ടായിരിക്കേണ്ട ഒന്നായി അതിവേഗം മാറുകയാണ്. Renub റിസര്‍ച്ച് പറയുന്നതനുസരിച്ച്, 2021-2027 കാലയളവില്‍ ഇന്ത്യന്‍ ഹോം ഓട്ടോമേഷന്‍ വ്യവസായം 15.62% എന്ന ഇരട്ട അക്ക CAGR ഉപയോഗിച്ച് വളരും. 'ഡിജിറ്റല്‍ ഇന്ത്യ' പ്രോഗ്രാം രാജ്യത്തുടനീളം അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ ഈ ലാഭകരമായ അവസരം മുതലാക്കാന്‍ സര്‍ക്കാര്‍ സ്മാര്‍ട്ട് ഹോം ബിസിനസുകളെ സ്വാഗതം ചെയ്യുന്നു.

4. ഇന്റീരിയര്‍ ഡിസൈന്‍ മാര്‍ക്കറ്റ് : ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈന്‍ മാര്‍ക്കറ്റ് 2020-ല്‍ $22,939.7 മില്യണ്‍ വരുമാനം നേടി, 2023-2030 ല്‍ ഇത് ഗണ്യമായ വളര്‍ച്ച കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, വര്‍ദ്ധിച്ചുവരുന്ന ഡിസ്‌പോസിബിള്‍ വരുമാനം, റിയല്‍ എസ്റ്റേറ്റ് പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ എന്നിവ വിപണിയുടെ വളര്‍ച്ചയെ നയിക്കുന്നു. മാത്രമല്ല ഇന്ന് ആളുകള്‍ കൂടുതല്‍ ഉയര്‍ന്ന ജീവിത നിലവാരത്തിലേക് മാറാന്‍ ആഗ്രഹിക്കുന്നു, അതും ഈ ഇന്റീരിയര്‍ ഡിസൈന്‍ മാര്‍ക്കറ്റിന്റെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകും.


(ഇവിടെ സൂചിപ്പിച്ച 4 മേഖലകള്‍ക്കകത്തും ധാരാളം ബിസിനസ് സാധ്യതകളുണ്ട്. കൃത്യമായ മാര്‍ക്കറ്റ് പഠനത്തിന് ശേഷം മാത്രം ഉചിതമായ ആശയം തിരഞ്ഞെടുക്കുക.)

Siju Rajan

Business and Brand Coach

BRANDisam LLP

www.sijurajan.com

+91 8281868299

Tags:    

Similar News