നിങ്ങള്‍ ബിസിനസ് ലാഭകരമാണോ എന്ന് നോക്കുന്നു. എന്നാല്‍ ബിസിനസിലെ പണത്തിന്റെ വരവും പോക്കും നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ? ക്യാഷ്ഫ്‌ളോ മാനേജ്മെന്റ് (Cashflow Management) തന്ത്രത്തിന് എത്രമാത്രം പ്രാധാന്യമുള്ളതായി നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ തീര്‍ച്ചയായും എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. കേവലം ലാഭനഷ്ട കണക്കുകളെക്കാള്‍ ബിസിനസിലെ പണത്തിന്റെ ചലനം പിന്തുടരാന്‍ സംരംഭകന് സാധിക്കേണ്ടതുണ്ട്.
ഉല്‍പ്പന്നങ്ങള്‍ ക്രെഡിറ്റില്‍ വില്‍ക്കുമ്പോള്‍ പണം കൃത്യസമയത്ത് അധമര്‍ണ്ണന്മാരില്‍ (Debtors) നിന്നും പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബിസിനസ് ഏതു സമയത്തും പണത്തിന്റെ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കും. സാധാരണ രീതിയില്‍ അസംസ്‌കൃത വസ്തുക്കള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉത്തമര്‍ണ്ണന്മാര്‍ (creditors) നല്‍കുന്ന ക്രെഡിറ്റ് പീരീഡ് കുറവും നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് (Debtors) അനുവദിക്കുന്ന ക്രെഡിറ്റ് പീരീഡ് കൂടുതലും ആയിരിക്കും. ഡെബ്‌റ്റേഴ്‌സിനെ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന വീഴ്ച ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.
അനാവശ്യമായി അസംസ്‌കൃത വസ്തുക്കളും (Raw Materials) ഉല്‍പ്പന്നങ്ങളും (Products) സ്റ്റോക്ക് ചെയ്യുന്ന ബിസിനസുകളില്‍ പണം യാതൊരു പ്രയോജനവുമില്ലാതെ കെട്ടിക്കിടക്കും. ഫലപ്രദമായി സ്റ്റോക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്നതാണ് ഇതിനുള്ള കാരണം. സ്റ്റോക്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അനാവശ്യ സ്റ്റോക്കുകള്‍ ഒഴിവാക്കുകയും ചെയ്താല്‍ അതില്‍ കുടുങ്ങിക്കിടക്കുന്ന പണം ബിസിനസില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ലഭ്യമാകും.
ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കുവാന്‍ സാധ്യമാകും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസ്സിലാക്കുന്ന സംരംഭകര്‍ ക്യാഷ്ഫ്‌ളോ മാനേജ്മെന്റ് (Cashflow Management) തന്ത്രം ഫലപ്രദമായി ഉപയോഗിക്കും. ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുകയും ബിസിനസില്‍ പണം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിലൂടെ സംരംഭകര്‍ ചെയ്യുന്നത്. ബിസിനസിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഇത് സഹായകരമാകും.
വില്‍പ്പനയുടെ അളവ് കൂടുന്തോറും ക്യാഷ്ഫ്‌ലോ ഭംഗിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ലാഭമുണ്ടെങ്കില്‍ കൂടി ബിസിനസ് പ്രശ്‌നങ്ങളിലേക്ക് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വില്‍പ്പന വര്‍ദ്ധിപ്പിക്കുവാന്‍ കൂടുതല്‍ കടം നല്‍കുമ്പോള്‍ അത് സമയബന്ധിതമായി പിരിച്ചെടുക്കുവാനുള്ള തന്ത്രം കൂടി സംരംഭകന്‍ മെനയേണ്ടതുണ്ട്. ക്യാഷ് ഫ്‌ലോ മാനേജ്മെന്റ് (Cashflow Management) ബിസിനസ് വിജയത്തിന്റെ ഏറ്റവും മൂര്‍ച്ചയുള്ള തന്ത്രമായി മാറുന്നു.