നായകന്‍ നായികയുടെ കണ്ണുകളിലേക്ക് നോക്കുന്നു. അവള്‍ പ്രേമപരവശയായി നില്‍ക്കുകയാണ്. നായകന്‍ മെല്ലെ നടന്ന് ഗ്രാമഫോണിനടുത്തെത്തി അത് പ്രവര്‍ത്തിപ്പിക്കുന്നു. മുറിയില്‍ സംഗീതം ഒഴുകി പരക്കുമ്പോള്‍ നായകന്‍ നായികയുടെ അടുത്തെത്തി അവളുടെ കരം കവരുന്നു. രണ്ട് പേരും കൂടി സംഗീതത്തിന്റെ താളത്തിനൊത്ത് ചുവട് വെയ്ക്കുന്നു. പഴയകാല സിനിമകളില്‍ ഇത്തരമൊരു രംഗം കാണാത്തവര്‍ വിരളമായിരിക്കും.
വീടുകളിലേക്ക് സംഗീതം കൊണ്ട് വന്നത് ഗ്രാമഫോണുകള്‍ ആയിരുന്നു. ഗ്രാമഫോണുകളില്‍ ഉപയോഗിച്ചിരുന്നത് വലിയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ ആയിരുന്നു. ഗ്രാമഫോണുകളും റെക്കോര്‍ഡുകളും ഇന്നും പല വീടുകളിലും കാണാം, സംഗീതം കേള്‍ക്കാനല്ല മറിച്ച് അലങ്കാര വസ്തുവായി. 1982 ല്‍ സോണി സി ഡി (Compact Disc) കണ്ടുപിടിച്ചതോട് കൂടി ഗ്രാമഫോണുകളുടെ സുവര്‍ണ്ണ കാലം അസ്തമിച്ചു. വലിയ ഫയലുകള്‍ റെക്കോര്‍ഡ്് ചെയ്യാനും സൂക്ഷിക്കാനും സി ഡി കള്‍്ക്ക് സാധിച്ചതോട് കൂടി ഗ്രാമഫോണുകള്‍ വിട പറഞ്ഞു.
സി ഡിയുടെ കണ്ടുപിടുത്തം വിപണിയെ പൊളിച്ചെഴുതി പുതിയൊരു വിപ്ലവം സൃഷ്ടിച്ചു. വിപണിയിലേക്കുള്ള സി ഡിയുടെ വരവ് പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രാമഫോണുകളേയും റെക്കോര്‍ഡുകളേയും തുടച്ചുനീക്കി. സി ഡികള്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ പ്ലെയറുകള്‍ വിപണിയിലേക്ക് പ്രവഹിച്ചു. ശക്തമായ മലവെള്ളപാച്ചിലില്‍ മരങ്ങള്‍ കടപുഴകി വീഴും പോലെ ഗ്രാമഫോണിന്റേയും റെക്കോര്‍ഡിന്റേയും ബിസിനസ് ഇല്ലാതെയായി മാറി.
സി ഡിയുടെ കണ്ടുപിടുത്തത്തെ ഡിസ്‌റപ്റ്റീവ് ഇന്നൊവേഷന്‍ (Disruptive Innovation) എന്ന് വിശേഷിപ്പിക്കാം. ചില ഉല്‍പ്പന്നങ്ങള്‍ (Products), സേവനങ്ങള്‍ (Services), പ്രക്രിയകള്‍ (Processes) പരമ്പരാഗതമായ വിപണിയെ പൊളിച്ചെഴുതി പുതിയ ചരിത്രം രചിക്കും. സാങ്കേതികതയുടെ ലോകത്ത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത് അതാണ്. മാറ്റം കൊടുങ്കാറ്റ് പോലെയാണ്. അത് വിപണിയെ പിടിച്ചു കുലുക്കും. വ്യവസായ ലോകത്തെ മാറ്റി മറിക്കും. വിപണിയില്‍ ചക്രവര്‍ത്തി പദം അലങ്കരിക്കുന്ന ബിസിനസ് ഒന്നുമല്ലാതെയായി മാറാന്‍ ഒരു നിമിഷം മതി.
സി ഡികള്‍ വിപണിയില്‍ അപരാജിതമായി വിഹരിച്ച് കൊണ്ടിരിക്കുമ്പോഴാണ് അശനിപാതം പോലെ ഫഌഷ് മെമ്മറിയുടെ കടന്നുവരവ്. വിപണി വീണ്ടും ഉലഞ്ഞു. സി ഡിയുടെ സിംഹാസനം ഫഌഷ് മെമ്മറിയുടെ കൈകളിലായി. സി ഡി ഉള്‍ക്കൊള്ളുന്ന ഡാറ്റയുടെ എത്രയോ ഇരട്ടി സ്‌റ്റോര്‍ ചെയ്യാനും മായ്ച്ച് എഴുതിച്ചേര്‍ക്കുവാനും കഴിവുള്ള യു എസ് ബി െ്രെഡവ് സി ഡിയുടെ ചരമഗീതം എഴുതി. മറ്റൊരു ഡിസ്്‌റപ്ഷന്‍.
നിങ്ങള്‍ക്കൊരു സിനിമയുടെ പാട്ടുകള്‍ കേള്‍ക്കണം. നിങ്ങള്‍ സി ഡി വില്‍ക്കുന്ന കടയില്‍ പോയി ആ സിനിമയുടെ സി ഡി വാങ്ങുന്നു. അതിലെ അഞ്ചുഗാനങ്ങളില്‍ രണ്ടെണ്ണം മാത്രമേ നിങ്ങള്‍ക്ക് ഇഷ്ടമുള്ളു. എന്നാല്‍ സി ഡിയില്‍ അഞ്ച് ഗാനങ്ങളും ഉണ്ട്. നിങ്ങള്‍ക്കവിടെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ല. മുഴുവന്‍ പണവും നല്‍കിയേ പറ്റൂ. ഈ വിടവിലേക്കാണ് ആപ്പിള്‍ ഐട്യൂണ്‍ കടന്ന് വന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അതിനുള്ള പണം മാത്രം നല്‍കിയാല്‍ മതി. ഡിജിറ്റല്‍ ക്വാളിറ്റിയില്‍ പാട്ടുകള്‍ ആസ്വദിക്കാം. ആസ്വാദനത്തിന്റെ തലം വരെ ഐട്യൂണ്‍ മാറ്റിയെഴുതി.
ചില പുതിയ ആശയങ്ങള്‍ കാലക്രമേണ ചിലപ്പോള്‍ ഡിസറപ്റ്റീവ് ഇന്നൊവേഷന്‍ ആയി മാറാം. അമ്മിക്കല്ലുകളെ മിക്‌സറുകള്‍ അടുക്കളയില്‍ നിന്നും പുറത്താക്കിയത് പോലെ. നവീനത ബിസിനസിന്റെ ആപ്തവാക്യമായി മാറുകയാണ്. മാറ്റമില്ലാതെ ഒന്നും നിലനില്‍ക്കുന്നില്ല. അല്ലെങ്കില്‍ നമുക്ക് പറയാം മാറ്റമുള്ളവ മാത്രമേ നിലനില്‍ക്കുന്നുള്ളൂ.
Read DhanamOnline in English
Subscribe to Dhanam Magazine