കളിമണ്‍ ഫ്രിഡ്ജിലെ ആ വിജയചേരുവ നിങ്ങള്‍ക്കും അറിയണ്ടേ?

സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത ഗ്രാമീണന്‍ നിര്‍മിച്ച കളിമണ്‍ ഫ്രിഡ്ജില്‍ ഒളിച്ചിരുന്ന ആ വിദ്യ നിങ്ങളുടെ സംരംഭം വളര്‍ത്താനും ഉപകരിക്കും

Update:2021-05-03 08:45 IST

പ്രാദേശിക ദിനപത്രത്തില്‍ തന്റെ ഗ്രാമത്തില്‍ ഭൂകമ്പം മൂലം സംഭവിച്ച നാശനഷ്ടങ്ങള്‍ വായിച്ചിരിക്കെ പ്രജാപതി എന്ന് പേരുള്ള ആ ഗ്രാമീണന്റെ കണ്ണുകള്‍ ഒരു ഫോട്ടോയുടെ തലക്കെട്ടില്‍ ഉടക്കി നിന്നു. 'ദരിദ്രന്റെ ഫ്രിഡ്ജ് തകര്‍ന്നു' എന്നായിരുന്നു ആ തലക്കെട്ട്. ഗ്രാമവാസികള്‍ വെള്ളം തണുപ്പിച്ച് കുടിക്കാന്‍ ഉപയോഗിക്കുന്ന ഒരു കൂജ പൊട്ടിക്കിടക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഈ കൂജയെ ഫ്രിഡ്ജ് എന്ന് വിശേഷിപ്പിച്ചത് പ്രജാപതിയുടെ ഉള്ളില്‍ എവിടെയോ ഒരു തീപ്പൊരി ജ്വലിപ്പിച്ചു. എന്തുകൊണ്ട് കളിമണ്ണ് കൊണ്ട് ഒരു ഫ്രിഡ്ജ് ഗ്രാമവാസികള്‍ക്കായി നിര്‍മിച്ചു കൂടാ. ഇലക്ട്രിസിറ്റി ആവശ്യമില്ലാത്ത എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയ്ക്കുള്ള ഒരു യഥാര്‍ത്ഥ ഫ്രിഡ്ജ്.

അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ കളിമണ്‍ ഫ്രിഡ്ജ് പിറന്നു. പൂര്‍ണ്ണമായും കളിമണ്ണ് കൊണ്ട് നിര്‍മിച്ച ഗ്ലാസ് ഡോറുള്ള ഒന്നാന്തരം ഫ്രിഡ്ജ്. ഫ്രിഡ്ജിന് മുകളിലുള്ള ഒരു വാട്ടര്‍ ചേംബറില്‍ നിന്നും വെള്ളം വശങ്ങളിലൂടെ താഴേക്ക് ഒഴുകുമ്പോള്‍ ബാഷ്പീകരണം മൂലം ഫുഡ് ചേംബര്‍ തണുക്കുന്നു. ഇലക്ട്രിസിറ്റിയോ ബാറ്ററിയോ ഒന്നും ആവശ്യമില്ല. യാതൊരു മലിനീകരണവും സംഭവിക്കുന്നില്ല. കേവലം 2000 രൂപയ്ക്ക് പ്രജാപതി തന്റെ ഫ്രിഡ്ജ് വിറ്റുതുടങ്ങി. ആദ്യം തന്റെ ഗ്രാമത്തില്‍, പിന്നെ ഇന്ത്യയിലെമ്പാടും, അതിനുശേഷം രാജ്യാന്തര വിപണിയില്‍. പ്രജാപതി തന്റെ ഉല്‍പ്പന്നം നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതിരുന്ന ഒരു സാധാരണ ഗ്രാമീണന്റെ കണ്ടുപിടുത്തം!

ഇത് ജുഗാദ് എന്ന മികച്ച തന്ത്രമാണ്. വെല്ലുവിളികളോടുള്ള തികച്ചും അനന്യമായ (Unique) ചിന്താഗതിയും പ്രതികരണവുമാണ് ജുഗാദ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും അവസരങ്ങള്‍ കണ്ടെത്തുക, പരിഹാരങ്ങള്‍ മെനഞ്ഞെടുക്കുക എന്ന ചിന്തയും ബുദ്ധിയും ഉപയോഗിച്ചുള്ള തന്ത്രം. ലഭ്യമായിട്ടുള്ള പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഇന്നൊവേറ്റീവ് ആയ മെച്ചപ്പെട്ട ഉപായങ്ങള്‍ കണ്ടെത്തുകയാണ് ജുഗാദ് ചെയ്യുന്നത്. 'Doing more with less' എന്ന് ഇതിനെ വിവക്ഷിക്കാം.

ജീവിതത്തില്‍ നാമോരുരുത്തരും ദിനംപ്രതി ജുഗാദ് പരിശീലിക്കുന്നുണ്ട്. സോഫ്റ്റ് ഡ്രിങ്ക് / അച്ചാര്‍ ബോട്ടിലുകള്‍ അടുക്കളയില്‍ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുക, പഴയ വസ്ത്രങ്ങളുടെ പോക്കറ്റുകള്‍ വസ്തുക്കള്‍ ഇട്ടു വെക്കാന്‍ ഉപയോഗിക്കുക, ഉപയോഗശൂന്യമായ ടയര്‍ ചെടി നടാന്‍ ഉപയോഗിക്കുക, സൈക്കിള്‍ തന്റെ കച്ചവടത്തിന് ഉപയുക്തമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുക അങ്ങിനെ നമുക്ക് ചുറ്റും ധാരാളം ചെറുതും വലുതുമായ ജുഗാദ് നടന്നു കൊണ്ടിരിക്കുന്നു.
സംരംഭത്തില്‍ ഒരു പുതിയ സംസ്‌കാരമാക്കാം
പ്രതികൂല സാഹചര്യങ്ങള്‍, വെല്ലുവിളികള്‍ എന്നിവയെ അവസരമായി കാണുകയാണ് ആദ്യം വേണ്ടത്. ചുറ്റുപാടുമുള്ള പ്രശ്‌നങ്ങളിലേക്ക് കണ്ണും മനസ്സും കടന്നു ചെല്ലണം. അവയ്ക്ക് നവീനങ്ങളായ പരിഹാരങ്ങള്‍ എങ്ങിനെ നല്‍കാം എന്ന് ചിന്തിക്കണം? നാം ജീവിക്കുന്ന സമൂഹത്തിലെ പ്രശ്‌നങ്ങള്‍ സംരംഭകര്‍ക്ക് ആശയങ്ങളുടെ വിളനിലമാണ്. നിരവധി ബിസിനസുകള്‍ കെട്ടിപ്പടുക്കുവാനുള്ള വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. പരിഹാരത്തിനുള്ള ആശയങ്ങള്‍ കണ്ടെത്തുകയും അവയെ ബിസിനസായി രൂപാന്തരപ്പെടുത്തുകയുമാണ് ഓരോരുത്തരും ചെയ്യേണ്ടത്.

ജുഗാദ് ഇന്നൊവേഷനോടുള്ള സാധാരണക്കാരന്റെ ജീവിതത്തിലെ സമീപനമായി മാത്രം കാണേണ്ട ഒന്നല്ല. ബിസിനസുകള്‍ക്കും ജുഗാദ് പരിശീലിക്കാവുന്നതാണ്. സംരംഭങ്ങളിലെ മനസ്സുകളെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കണം. ബിസിനസിനെ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ആശയങ്ങള്‍ ഇത്തരം മനസ്സുകള്‍ സംഭാവന ചെയ്യും. സര്‍ഗാത്മകത ബിസിനസിനെ നിരന്തരം നവീകരിക്കും. തുറന്ന, ചിന്തിക്കുന്ന മനസ്സുകളെ സ്വാഗതം ചെയ്യുവാന്‍ സംരംഭകന് കഴിയണം. ജുഗാദ് ഒരു സംസ്‌കാരമാക്കുക, ബിസിനസ് മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കുക.



Tags:    

Similar News