ഒരു വിപണിക്കു പിന്‍പേ മറ്റൊരു വിപണി; കണ്ടെത്താം, മുതലാക്കാം ഈ അവസരം

കണ്ണുതുറന്ന് നോക്കിയാല്‍ വളര്‍ച്ചാ സാധ്യതയുള്ള ഈ ബിസിനസ് അവസരം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം

Update:2022-12-05 11:29 IST

നിങ്ങളുടെ കാറിന് ചില അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുന്നു. കാറിന്റെ പ്രധാനപ്പെട്ട ഒരു പാര്‍ട്ട് മാറേണ്ടതുണ്ട്. കാര്‍ നിര്‍മ്മാതാക്കള്‍ അതിന്റെ വില പറയുന്നത് കേട്ട് നിങ്ങള്‍ ഞടുങ്ങുന്നു. എന്തൊരു കൊല്ലുന്ന വില എന്ന് മനസ്സില്‍ പറയുന്നു. വാഹനങ്ങളുടെ പാര്‍ട്ട്സുകളുടെ വില്‍പ്പന നിര്‍മ്മാതാക്കള്‍ ലാഭം കൊയ്യുന്ന മേഖലയാണെന്ന് നിങ്ങള്‍ക്കറിയാം. കുറഞ്ഞ വിലയ്ക്ക് വണ്ടിയുടെ പാര്‍ട്ട് ലഭിക്കുമോയെന്ന് നിങ്ങള്‍ അന്വേഷിക്കുന്നു.

നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാറിന്റെ ആ ഭാഗം വളരെ വിലക്കുറവില്‍ ലഭ്യമാകുന്നു. എന്നാല്‍ ആ പാര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് കാറിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളല്ല മറിച്ച് മറ്റേതോ നിര്‍മ്മാതാക്കളാണ്. എന്നാല്‍ നിങ്ങളുടെ വാഹനത്തിന് അത് യോജിച്ചതാണ്, വിലയും കുറവാണ്. യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍ കത്തി വില വാങ്ങുമ്പോള്‍ നിങ്ങളുടെ പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ അതേ ഉല്‍പ്പന്നം മറ്റൊരു വിപണിയില്‍ ലഭ്യമാകുന്നു.

നിങ്ങളുടെ ഫാക്ടറിയിലെ യന്ത്രത്തിന് പരിപാലനം (Maintenance) ആവശ്യമുണ്ട്. എന്നാല്‍ അതിനായി അതിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍ ചാര്‍ജ്ജ് ചെയ്യുന്നത് വലിയൊരു തുകയാണ്. യന്ത്ര ഭാഗങ്ങള്‍ മാറ്റുന്നതിനും ഇതേ രീതിയില്‍ തന്നെയാണ് അവര്‍ തുക ഈടാക്കുന്നത്. തീര്‍ച്ചയായും ഇതില്‍ നിങ്ങള്‍ അസ്വസ്ഥനാണ്. ഇതിന് ഒരു പരിഹാരം നിങ്ങള്‍ തിരയുന്നു. അപ്പോഴാണ് ഇതൊക്കെ നല്‍കുന്ന മറ്റൊരു കമ്പനിയെ നിങ്ങള്‍ കണ്ടെത്തുന്നത്. യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍ ഈടാക്കുന്ന തുകയെക്കാള്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അവരുടെ സേവനം ലഭ്യമാകുന്നു.

ഇത്തരം വിപണികള്‍ നിങ്ങള്‍ക്ക് സുപരിചിതമാണ്. വണ്ടികളുടെ അംഗീകൃത സര്‍വീസ് സെന്ററുകള്‍ ചെയ്യുന്ന അതെ സേവനം കുറഞ്ഞ ചെലവില്‍ നല്‍കുന്ന ലോക്കല്‍ വര്‍ക്ക്‌ഷോപ്പുകള്‍ ധാരാളമുണ്ട്. വാഹനങ്ങള്‍, യന്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ പോലുള്ള ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങളുടെ (Durable Products) പാര്‍ട്സുകളും പരിപാലനവും അറ്റകുറ്റപ്പണികളും ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ (After Market) ലഭിക്കുന്നു. ആഫ്റ്റര്‍ മാര്‍ക്കറ്റ് യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങളെ പിന്തുണക്കുകയും ചിലപ്പോള്‍ യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങളുടെ വിപണിയെക്കാള്‍ കൂടുതല്‍ വരുമാനം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ യഥാര്‍ത്ഥ ഉല്‍പ്പന്നത്തെ പിന്തുടര്‍ന്നെത്തുന്ന വിപുലമായ വിപണിയെ കണ്ടെത്തുകയും അവയില്‍ നിന്നും സംരംഭകര്‍ വരുമാനം സൃഷ്ടിക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെ ഉള്‍ഭാഗങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായ യാത്ര ഉറപ്പുവരുത്തുന്ന രീതിയില്‍ ഫര്‍ണിഷ് ചെയ്യുന്നതും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതുമൊക്കെ ഇത്തരം വിപണിയില്‍ കാണാം. വിപണിയില്‍ പുതിയൊരു പ്രിന്റര്‍ ഇറങ്ങുമ്പോള്‍ ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ അതിന്റെ മഷി (Ink) ലഭ്യമായി തുടങ്ങുന്നു. ഇതിലെ രസകരമായ കാര്യം എന്താണെന്നു വെച്ചാല്‍ യഥാര്‍ത്ഥ നിര്‍മ്മാതാക്കളും മറ്റ് സംരംഭകരും ഇത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്.

മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന അപ്ലിക്കേഷനുകള്‍ ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ ഉദാഹരണമാണ്. ഫോണിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഉപയോഗ്യത കൂട്ടുന്നതില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പങ്ക് അവര്‍ തിരിച്ചറിയുന്നു. ആഫ്റ്റര്‍ മാര്‍ക്കറ്റിലെ മത്സരങ്ങള്‍ അവര്‍ പോസിറ്റീവ് തലത്തിലാണ് കാണുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ആവാസവ്യവസ്ഥയുടെ (Product Ecosystem) വ്യാപ്തി വര്‍ദ്ധിപ്പിക്കുവാന്‍ ആഫ്റ്റര്‍ മാര്‍ക്കറ്റിനെ അവര്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുന്നു.

ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങളെ (Durable Products) പിന്തുണയ്ക്കുന്ന വിപണികള്‍ സംരംഭകര്‍ക്ക് സൃഷ്ടിക്കാം. അത്തരം ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കള് ആഫ്റ്റര്‍ മാര്‍ക്കറ്റ് തേടിയെത്തും. ബിസിനസ് ചെയ്യുവാന്‍ പുതിയ മേഖലകള്‍ തേടിയലയുന്ന സംരംഭകര്‍ക്ക് ആഫ്റ്റര്‍ മാര്‍ക്കറ്റ് തന്ത്രം പ്രയോഗിക്കാം.


Tags:    

Similar News