സാമ്പത്തിക അച്ചടക്കത്തിനായി സംരംഭകര്‍ തീര്‍ച്ചയായും പരിശീലിക്കേണ്ട കാര്യങ്ങള്‍
ബിസിനസില്‍ സാമ്പത്തിക ഞെരുക്കമില്ലാതിരിക്കാന്‍ ബജറ്റിംഗ് മാത്രമല്ല, ലാഭവിഹിതം ഉപയോഗപ്പെടുത്തുന്നതില്‍ പോലും ശ്രദ്ധ വേണം
സാമ്പത്തിക അച്ചടക്കം ഇല്ലാത്ത സംരംഭകര്‍ എന്നും പരാജയങ്ങളേ അഭിമുഖീകരിക്കൂ. ഒരു സംരംഭത്തിലെ ഏറ്റവും കാര്യക്ഷമമാവേണ്ട വിഭാഗം ഫിനാന്‍സ് വിഭാഗമാണ്. സംരംഭം ആരംഭിക്കുന്നവരും ആരംഭിച്ച് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരും നിര്‍ബന്ധമായും ചുവടെ നല്‍കിയിട്ടുള്ള കാര്യങ്ങള്‍ പാലിക്കാനായി ശ്രമിക്കുക.
1. ആറുമാസത്തേക്കുള്ള ഫണ്ട് മാറ്റിവയ്ക്കുക:
ബിസിനസ് ആരംഭിച്ച് ലാഭത്തില്‍ നിന്നും ശമ്പളവും വാടകയും മറ്റ് ചെലവുകള്‍ക്കുമുള്ള തുക കണ്ടെത്താം എന്ന് വിചാരിച്ച് ബിസിനസിലേക്ക് ഇറങ്ങരുത്. കുറഞ്ഞത് ആറു മാസത്തേക്കുള്ള ചെലവിനുള്ള തുകയെങ്കിലും ആരംഭ ഘട്ടത്തില്‍ തന്നെ മാറ്റിവയ്ക്കണം. കാരണം ബിസിനസ് ആരംഭിച്ച് ഒത്തിരി വെല്ലുവിളികളിലൂടെ പോകേണ്ടി വരും, ആരംഭത്തില്‍ പ്രതീക്ഷിച്ച വില്‍പ്പന സംഭവിക്കണമെന്നില്ല. ചെലവിനത്തില്‍ ശമ്പളം, വാടക, ഉല്‍പ്പാദനച്ചെലവ്, മാര്‍ക്കറ്റിംഗ് തുടങ്ങിയവ ഉള്‍പ്പെടുത്താം.
2. ലാഭവിഹിതം മാത്രം എടുക്കുക:
ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭം മൊത്തമായും സംരംഭകര്‍ തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ബിസിനസിനെ മുരടിപ്പിക്കും. ലാഭത്തില്‍ നിന്നും മുന്‍ നിശ്ചയിച്ച തുക മാത്രം ലാഭവിഹിതമായി കൈപ്പറ്റുക. അല്ല എങ്കില്‍ ഒരു തുക ശമ്പളമായി മാത്രം സംരംഭകര്‍ ബിസിനസില്‍ നിന്നും എല്ലാ മാസവും പിന്‍വലിക്കുക. ബാക്കി തുക ബിസിനസില്‍ തന്നെ നിലനിര്‍ത്തുക, അല്ലാത്ത പക്ഷം ബിസിനസിന് ഒരിക്കലും വളര്‍ച്ച ഉണ്ടാകില്ല എന്ന് മാത്രമല്ല പ്രതിസന്ധി ഘട്ടത്തില്‍ ബിസിനസ് ഇല്ലാതാവാനും സാധ്യതയുണ്ട്.
3. ബിസിനസ് ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുക:
സംരംഭകര്‍ ബിസിനസില്‍ നിന്നും ലാഭം അല്ലെങ്കില്‍ ശമ്പളം കൈപറ്റുന്നതിനുമുമ്പ് ബിസിനസിലുള്ള ചെലവുകളെല്ലാം തീര്‍ക്കുക. ബിസിനസിലെ ബാധ്യതകള്‍ക്ക് പരിഗണന നല്‍കിയതിനു ശേഷമേ വ്യക്തിപരമായ കാര്യങ്ങള്‍ക്കുള്ള തുക പിന്‍വലിക്കാവൂ.
4. ബജറ്റിംഗ്:
ഒരു വര്‍ഷത്തിന്റെ തുടക്കത്തില്‍ ആ വര്‍ഷം ബിസിനസില്‍ പ്രതീക്ഷിക്കുന്ന ചെലവുകളും വരവുകളും എസ്റ്റിമേറ്റ് ചെയ്യുക. കൂടാതെ ബിസിനസിലെ ഓരോ ഡിപ്പാർട്ട്മെന്റിലേക്കുമുള്ള തുക വകയിരുത്തുക. അതിനോടൊപ്പം അപ്രതീക്ഷിത സംഭവങ്ങള്‍ക്കുള്ള ഒരു തുകയും മാറ്റിവയ്ക്കുക. ഇത്തരത്തില്‍ കൃത്യമായി പ്ലാനിംഗ് ചെയ്ത് മുന്നോട്ടുപോയാല്‍ സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കും.
5. വികസനത്തിനുള്ള തുക:
ലാഭത്തില്‍ നിന്നും ഒരു തുക ബിസിനസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. അല്ലാത്ത പക്ഷം മത്സരത്തോടൊപ്പം ഓടിയെത്താന്‍ കഴിഞ്ഞെന്നുവരില്ല. ബിസിനസില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഗ്രേഡിംഗ്, ജീവനക്കാര്‍ക്കുള്ള നൈപുണ്യ വികസന പരിശീലനം തുടങ്ങിയവയില്‍ നിക്ഷേപിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
6. നികുതി അടയ്ക്കാനുള്ള തുക:
സ്ഥാപനം ലാഭത്തിലാണെങ്കിലും അല്ലെങ്കിലും എല്ലാവര്‍ഷവും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മുടക്കം വരുത്തരുത്. കൂടാതെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പോ ആണെങ്കില്‍ ROC ഫയലിംഗും നിര്‍ബന്ധമായും ചെയ്തിരിക്കണം. അല്ലാത്ത പക്ഷം വലിയ തുക പെനാൽറ്റി വരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ അതിനുള്ള തുക ലാഭം ഉണ്ടെങ്കിലും ഇല്ലെങ്കിലും മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കുക.
സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് പല ബിസിനസുകളെയും പരാജയത്തിലേക്ക് തള്ളിവിടുന്നത്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടുകൂടി മുന്നോട്ട് പോവുകയാണെകില്‍ പരാജയം എന്നത് ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.