ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ പരസ്പരം പഠിച്ച പാഠങ്ങള്‍
കേരളത്തിലെ ഹിന്ദു, ക്രൈസ്തവ, മുസ്ലിം സമുദായങ്ങള്‍ നേട്ടമുണ്ടാക്കിയ സാമൂഹിക മാതൃകകള്‍ ബിസിനസ് ലോകത്തിനും അനുകരിക്കാവുന്നതാണ്. സമൂഹത്തില്‍ നിന്ന് ബിസിനസ് ലോകം ഒപ്പിയെടുക്കേണ്ട ആ പാഠങ്ങള്‍ ഇതാ.
കഴിഞ്ഞ ലക്കം ധനത്തില്‍ പ്രസിദ്ധീകരിച്ച ''മുസ്ലിങ്ങള്‍ എന്തുകൊണ്ട് ബിസിനസില്‍ കൂടുതല്‍ വിജയിക്കുന്നു?' എന്ന ലേഖനത്തിന് വായനക്കാരില്‍ നിന്ന് വളരെ മികച്ച സ്വീകരണമാണ് ലഭിച്ചത്. ആ നിരീക്ഷണം ഏറെ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബിസിനസ് വിജയിപ്പിക്കാന്‍ വേണ്ട നല്ല മാതൃകകള്‍, ബെസ്റ്റ് പ്രാക്ടീസസുകള്‍, എവിടെനിന്നും ഉള്‍ക്കൊള്ളുക തന്നെ വേണം. കേരളത്തിലെ വിവിധ സമുദായങ്ങള്‍ കാലങ്ങളായി ഇവിടെ സൃഷ്ടിച്ചിരിക്കുന്ന നല്ല മാതൃകകളുണ്ട്. ആ നല്ലതുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിലും ഭക്ഷണരീതിയില്‍ പോലും നല്ല മാതൃകകള്‍ അന്യോനം അനുകരിച്ചാണ് കേരളത്തിലെ സമുദായങ്ങള്‍ മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിന്റെ പ്രധാനപ്പെട്ട ഒരു മാനമാണിത്.
ഓരോ സമുദായത്തിലും നിലനില്‍ക്കുന്ന നല്ല സമ്പ്രദായങ്ങളും രീതികളും മറ്റുള്ളവരെ പകര്‍ത്താന്‍ സഹായിക്കുന്നത് കേരളത്തിലെ വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്നതും നിരന്തരമായ ഇടപഴകലുമാണ്. ഇതിന്റെ കുറേ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ഇതോടൊപ്പം ശ്രമിക്കുന്നത്.
ഹിന്ദു സമുദായത്തിന്റെ മഹാമനസ്‌കത
കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ സാമ്പത്തിക വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്‍മാര്‍ നല്‍കിയിട്ടുള്ളത്. വിവിധ ്രൈകസ്തവസഭകളുടെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സ്ഥലവും സാമ്പത്തിക സഹായങ്ങളും നല്‍കിയ ധാരാളം ഉദാഹരണങ്ങളുണ്ട്.
ഇതിനുപുറമെ നമ്പൂതിരി, നായര്‍ ജന്മികളും ഈ ആവശ്യങ്ങള്‍ക്കായി ഭൂമി സൗജന്യമായി കൊടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് മാര്‍ ഇവാനിയോസ് തിരുമേനിക്ക് തിരുവിതാംകൂര്‍ രാജാവ് ദാനമായി നല്‍കിയ നൂറ് ഏക്കറിലധികം സ്ഥലത്താണ് മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ഹിന്ദുസമുദായത്തിന്റെ മഹാമനസ്‌കത നിര്‍ലോഭം പ്രയോജനപ്പെടുത്തി സാമ്പത്തിക രംഗത്ത് മുന്നേറിയ ക്രിസ്ത്യാനികള്‍ സൃഷ്ടിച്ച മാതൃകകള്‍ ഹിന്ദുസമുദായത്തിന് പല രീതിയില്‍ പ്രയോജനമായി തീര്‍ന്നു. സാമ്പത്തിക രംഗത്തെ ക്രിസ്ത്യന്‍ സമുദായത്തിന്റെ മുന്നേറ്റം നായര്‍ സമുദായവും ഈഴവ സമുദായവുമായി ഒരു സൗഹൃദ മത്സരത്തിലേക്ക് നയിച്ചു എന്ന് പറഞ്ഞാല്‍ തെറ്റില്ല.
മരുമക്കത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള മാറ്റം ദ്രുതഗതിയില്‍ പുരോഗമിക്കാന്‍ ഇത് കാരണമായി എന്ന് പ്രശസ്ത സാമുഹിക ചരിത്രകാരന്‍ റോബിന്‍ ജഫ്രി അദ്ദേഹത്തിന്റെ 'നായര്‍ മേധാവിത്വത്തിന്റെ അധ:പതനം' എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്‍എസ്എസും എന്‍എന്‍ഡിപിയും യഥാക്രമം നായര്‍ സമുദായത്തിന്റെയും ഈഴവ സമുദായത്തിന്റെയും ചുക്കാന്‍ പിടിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്.
ബാങ്കിംഗ് രംഗത്ത് ക്രൈസ്തവരുടെ മുന്നില്‍ നടത്തം
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബാങ്കിംഗ് രംഗത്ത് ക്രിസ്ത്യന്‍ സമുദായം നടത്തിയ പ്രവര്‍ത്തനങ്ങളാണ് മറ്റ് സമുദായങ്ങള്‍ക്ക് ഈ രംഗത്തേക്ക് വരാനുള്ള പ്രചോദനമായതെന്ന് പ്രൊഫ. എം എ ഉമ്മന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിട്ടികളും കുറികളുമായി തുടങ്ങിയ ബാങ്കിംഗ് പ്രസ്ഥാനം മറ്റനേകം വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചു.
സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ മതേതര മാതൃക
കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുന്നതിലും സംസ്ഥാനത്തിലെ സമുദായങ്ങളിലെ കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ഒരുക്കാന്‍ ക്രൈസ്തവ മിഷണറിമാര്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും വിദ്യയിലൂടെ ജനതയെ സ്വതന്ത്രരാക്കാനാണ് ശ്രമിച്ചതും പ്രവര്‍ത്തിച്ചതും. ഇത് സമുദായത്തിന് മാത്രമല്ല സമൂഹത്തിന് ഒന്നടങ്കം ഗുണം ചെയ്തു.
കാര്‍ഷിക രംഗത്ത് മാതൃകയായ തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍
റബ്ബര്‍ കൃഷിയിലേക്ക് ആദ്യമായി പ്രവേശിച്ചത് തിരുവിതാംകൂറിലെ ്രൈകസ്തവരായ കര്‍ഷകര്‍ ആയിരുന്നല്ലോ. ഇത് മറ്റ് സമുദായങ്ങള്‍ക്ക് പ്രചോദനമായി. എന്‍എസ്എസും മറ്റും റബ്ബര്‍ എസ്റ്റേറ്റുകള്‍ ആരംഭിച്ച് നായര്‍ സമുദായങ്ങള്‍ക്ക് മാതൃക കാട്ടി.
മലബാറിലേക്കുള്ള ക്രൈസ്തവ കുടിയേറ്റം; ബര്‍മ്മയിലേക്കുള്ള ഈഴവരുടെ പോക്ക് പ്രശസ്ത കുടിയേറ്റ ചരിത്രകാരന്‍ പ്രൊഫ. കെ വി ജോസഫിന്റെ അഭിപ്രായത്തില്‍ മലബാറിലേക്കും ഹൈറേഞ്ചിലേക്കുമുള്ള ക്രിസ്ത്യന്‍ സമുദായത്തിന്റെ കുടിയേറ്റമാണ് കേരള സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ചത്. മുഖ്യമായും കോട്ടയം ജില്ലയിലെ ്രൈകസ്തവരായിരുന്നു കുടിയേറിയവരില്‍ ബഹുഭൂരിഭാഗവും. ഹൈന്ദവരിലെ ഈഴവ കുടിയേറ്റ സമുദായങ്ങളില്‍നിന്നും കുറേ കുടിയേറ്റം ഉണ്ടായെങ്കിലും നായര്‍ സമുദായത്തില്‍നിന്ന് വളരെ കുറച്ചു മാത്രമേ ഉണ്ടായുള്ളൂ.
വിദേശ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഈഴവ സമുദായമാണ് ആദ്യത്തെ കാല്‍വയ്പുകള്‍ നടത്തിയത്. ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അവര്‍ നടത്തിയ കുടിയേറ്റം പക്ഷേ മറ്റുള്ളവരെ കാര്യമായി സ്വാധീനിച്ചതായി തോന്നുന്നില്ല.
വിദേശ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഗള്‍ഫ് നാടുകളിലേക്കും യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റമാണല്ലോ കൂടുതല്‍ പ്രസക്തം. ഇവിടെ മലബാറിലെ മുസ്ലിങ്ങളും തിരുകൊച്ചിയിലെ ക്രിസ്ത്യാനികളുമാണ് ഹിന്ദുസമുദായത്തിന് മാതൃക ആയത്.
ആതുര സേവന രംഗത്തെ വിപ്ലവം സൃഷ്ടിച്ച നഴ്സിംഗ്
കേരളത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തിയുണ്ടാക്കി കൊടുത്ത ഒരു കരിയര്‍ മേഖലയാണ് നഴ്സിംഗ്. വൈദ്യസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുകൊച്ചിയില്‍ കുറിച്ചത് സിഎംഎസ്, എല്‍എംഎസ് തുടങ്ങിയ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളായിരുന്നു.
ക്രിസ്ത്യന്‍ ജീവകാരുണ്യ (Charity) പ്രവര്‍ത്തനങ്ങളുടെ ഭാഗമായ നഴ്സിംഗിലേക്ക് ക്രിസ്ത്യാനികള്‍ കടന്നുന്നത് സ്വാഭാവികമായിരുന്നു. എങ്കിലും നഴ്സിംഗ് മറ്റ് സമുദായങ്ങളില്‍ അത്ര സ്വീകാര്യമായിരുന്നില്ല. ഗള്‍ഫിലേക്കും അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ക്രിസ്ത്യന്‍ നഴ്സുമാരുടെ കുടിയേറ്റവും അവര്‍ കൊണ്ടുവന്ന സമ്പത്തും മറ്റ് സമുദായങ്ങളുടെ കണ്ണു തുറപ്പിച്ചു എന്നു തന്നെ പറയാം. വിവിധ ഹിന്ദു മതസ്ഥരും മുസ്ലിങ്ങളും നഴ്സിംഗിലേക്ക് വന്‍തോതില്‍ കടന്നുവരാന്‍ ഇത് കാരണമായി.
മലബാറിലെ പൂളച്ചേട്ടന്മാരും വാട്ടുക്കപ്പയും കുറിക്കല്ല്യാണവും!
മലബാറിലേക്ക് കുടിയേറിയ ക്രിസ്ത്യാനികള്‍ അവിടുത്തെ ഹിന്ദു, മുസ്ലിം സഹോദരങ്ങള്‍ക്ക് മാതൃകകള്‍ നല്‍കുകയും ചിലത് സ്വീകരിക്കുകയും ചെയ്തു. ഈ ലേഖകന്റെ കുടുംബം മലപ്പുറം ജില്ലയിലെ കുടിയേറ്റ പ്രദേശത്ത് എത്തിയ കാലത്ത് മരച്ചീനി വ്യാപകമായി കൃഷി ചെയ്യപ്പെട്ടിരുന്നില്ല. മലബാറുകാര്‍ മരച്ചീനി പ്രധാനമായും വാട്ടി ഉണക്കുന്നതിന് പകരം വാട്ടാതെ ഉണക്കുകയായിരുന്നു പതിവ്.
വാട്ടുകപ്പ ഒന്നോ രണ്ടോ വര്‍ഷം വരെ സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. കുടിയേറ്റക്കാരായ ക്രിസ്ത്യാനികളെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് മലബാറുകാരുടെ ഇടയില്‍ പൂള എന്നറിയപ്പെട്ടിരുന്ന മരച്ചീനിയാണ്. ക്രിസ്ത്യാനികളായ കുടിയേറ്റക്കാര്‍ അറിയപ്പെട്ടിരുന്നത് തന്നെ 'പൂളച്ചേട്ടന്‍മാര്‍' എന്നായിരുന്നു. ക്രമേണ വാട്ടുകപ്പ പൊതുവെ മലബാറില്‍ ആകെ പ്രചരിച്ചു. അതുപോലെ തന്നെ കുരുമുളക്, റബ്ബര്‍ എന്നിവയെ മലബാറിന് പരിചയപ്പെടുത്തിയത് കുടിയേറ്റക്കാരായ ക്രിസ്ത്യാനികളാണ്.
മലബാറില്‍ പൊതുവെ ഉണ്ടായിരുന്ന ഒരു പരസ്പര സഹായ രീതിയായിരുന്നു 'കുറിക്കല്ല്യാണം അല്ലെങ്കില്‍ കുറിപ്പയറ്റ്'. എന്തെങ്കിലും സാമ്പത്തികമായ ആവശ്യമുള്ള വ്യക്തി സമീപത്തുള്ളവരെയും ബന്ധുക്കളെയും ഒരു തരക്കേടില്ലാത്ത ചായ സല്‍ക്കാരത്തിന് ക്ഷണിക്കുന്നു. സല്‍ക്കാരം സ്വീകരിക്കുന്നവര്‍ ഒരു സംഖ്യ ആ വ്യക്തിക്ക് ഉപഹാരമായി നല്‍കുന്നു. കുറിക്കല്ല്യാണം നടത്തുന്ന വ്യക്തി അത് കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നു.
കുറിക്കല്ല്യാണത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും പിന്നീട് എപ്പോഴെങ്കിലും ഇതുപോലെ കുറിക്കല്ല്യാണം സംഘടിപ്പിക്കും. മുമ്പ് ഉപഹാരമായി കൊടുത്തതിനേക്കാള്‍ കുറേക്കൂടി ഉയര്‍ന്ന ഒരു തുക നല്‍കുക എന്നതാണ് ഇവിടുത്തെ നാട്ടുനടപ്പ്. പലിശയുടെ അംശം ഈ വിധത്തില്‍ നികത്തപ്പെടുകയാണ്. പണ്ട് മലബാറില്‍ ആകെ വ്യാപകമായിരുന്ന ഈ പരസ്പര സഹായപദ്ധതിയില്‍ കുടിയേറ്റക്കാരായ ക്രിസ്ത്യാനികളും പങ്കെടുത്തിരുന്നു.
ഭക്ഷണരീതികളിലെ 'പന്തിഭോജനം'
കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുകള്‍ക്കും മുസ്ലിങ്ങള്‍ക്കും തങ്ങളുടേതായ പാചകരീതിയുണ്ട്. ഭക്ഷണ വിഭവങ്ങളുടെ കാര്യത്തില്‍ 'കൊടുക്കല്‍വാങ്ങല്‍' വളരെ വ്യാപകമായിക്കഴിഞ്ഞു. ഹിന്ദുസമുദായത്തിന്റെ പായസങ്ങളും അവിയലും സാമ്പാറും മറ്റനേകം കറികളും ഉള്‍പ്പെടുന്ന സദ്യ സ്വതേസസ്യേതര ഭക്ഷണപ്രിയരായ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആവേശപൂര്‍വം സ്വീകരിച്ചു കഴിഞ്ഞു.
അതുപോലെ, മുസ്ലിങ്ങളുടെ പത്തിരി, ബിരിയാണി, നെയ്ച്ചോര്‍ തുടങ്ങിയവ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും പഥ്യം. ക്രിസ്ത്യാനികളുടെ കുടംപുളി ചേര്‍ത്ത മീന്‍ മപ്പാസ്, പാലപ്പം, കള്ളപ്പം, വട്ടയപ്പം തുടങ്ങിയവ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വളരെ ഇഷ്ടം.
ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നിവയോട് അനുബന്ധിച്ച് ക്രിസ്ത്യാനികള്‍ തയ്യാറാക്കുന്ന പല വിഭവങ്ങളും ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഇടയില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി പുതുവത്സരാവസരത്തില്‍ കേക്കുകള്‍ കൈമാറുന്നത് ഇന്ന് എല്ലാ സമുദായങ്ങളിലുമുണ്ട്. ഒരു ഭക്ഷണം ഒരു പ്രത്യേക വിഭാഗത്തിന്റേതെന്ന വേര്‍തിരിവൊന്നും ഇപ്പോഴില്ല.
മലയാളി എന്ന പുതിയ മതം
കേരളത്തില്‍ വര്‍ഗീയത വളരുന്നു എന്നൊക്കെയുള്ള വ്യാപകമായ പ്രചാരണങ്ങള്‍ക്കിടയിലും വര്‍ഗീയത ഇല്ലാതാവുന്ന അവസ്ഥ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സമുദായങ്ങള്‍ നല്ല മാതൃകകള്‍ അന്യോനം അനുകരിക്കുകയാണ്. ഇന്റര്‍നെറ്റ് പോലെയുള്ള സാമൂഹികമാധ്യമങ്ങളുമൊക്കെ ചേര്‍ന്ന് 'മലയാളി' എന്ന പുതിയ മതം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആ മതം സൃഷ്ടിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന ശക്തികളുമുണ്ട്. ഈ രണ്ട് കൂട്ടരും തമ്മിലുള്ള ബലാബലങ്ങളാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുക.
ഈ സാമൂഹ്യ, സാമുദായിക പരിസരം കൃത്യമായി അറിഞ്ഞു തന്നെ വേണം ബിസിനസുകളും മുന്നോട്ട് പോകാന്‍. സങ്കുചിതമായ താല്‍പ്പര്യങ്ങളുടെ പേരിലുള്ള പോരിന്റെ ചേരിയില്‍ പെടാതെ കേരളത്തിലെ സമുദായങ്ങള്‍ എങ്ങനെയാണ് കൊടുക്കല്‍ വാങ്ങലുകളിലൂടെ വളര്‍ന്നത്, കേരളം മുന്നേറിയത് എന്നെല്ലാം അറിഞ്ഞിരിക്കണം. അതിരുകള്‍ മായുന്ന പുതിയ കാലത്ത് കൂടുതല്‍ തുറന്ന മനസ്സോടെ ബിസിനസ് നടത്താന്‍ ഇത് ഉപകാരപ്പെട്ടേക്കും.
(ലേഖകന്‍ തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റർപ്രൈസസ് കള്‍ച്ചര്‍ ആന്റ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ ഡയറക്ടറാണ്. ഫോണ്‍: 9447924874. ഇമെയ്ല്‍: joseban59@gmail.com)