ക്രിസ്മസ് ന്യൂ ഇയര്‍ സീസണില്‍ എങ്ങനെ വില്‍പന കൂട്ടാം ?

ഷോപ്പിംഗ് കൂടുതല്‍ നടക്കുന്ന സമയത്ത് എങ്ങനെ നിങ്ങളുടെ ഉല്‍പ്പന്നങ്ങളും കൂടുതല്‍ വില്‍ക്കാം. റീറ്റെയ്ല്‍ സംരംഭകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട തന്ത്രം നോക്കാം

Update: 2022-12-25 07:00 GMT

ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം വില്‍പന നടക്കുന്ന സമയമാണ് ഡിസംബര്‍ അവസാനവാരവും, ജനുവരി ആദ്യവാരവും. ആഘോഷങ്ങളുടെ സമയമായതിനാല്‍ കുടുംബസമേതമായിരിക്കും ആളുകള്‍ ഷോപ്പിംഗിനായി കമ്പോളത്തില്‍ എത്തുക. അതിനാല്‍ ബുദ്ധിപൂര്‍വം ഇടപെട്ടാല്‍ ധാരാളം വില്‍പന സൃഷ്ടിക്കാന്‍ കഴിയുന്ന ആഴ്ചകളാണിവ. ഈ സമയങ്ങളില്‍ വില്പന വര്‍ധിപ്പിക്കാന്‍ ഏതെല്ലാം മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് പ്രയോഗിക്കേണ്ടത് എന്ന് നോക്കാം.

1. എക്‌സ്‌പോകളില്‍ പങ്കെടുക്കുക:
ഇന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും പല സംഘടനകളും പുതുവത്സര എക്‌സ്‌പോകള്‍ നടത്താറുണ്ട്. അത്തരം എക്‌സ്‌പോകളില്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നത് ബ്രാന്‍ഡ് ബോധവത്കരണം സൃഷ്ടിക്കാനും, ആളുകളുടെ ഡേറ്റാബേസ് ശേഖരിക്കാനും, വില്‍പന വര്‍ധിപ്പിക്കാനും സഹായിക്കും. ബിസിനസുകള്‍ ഉപഭോക്താക്കളെ തേടിപോകുന്നതും, ഉപഭോക്താക്കള്‍ ബിസിനസിനെ തേടിപോകുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇവിടെ ഉപഭോക്താക്കളാണ് ബിസിനസുകളെ തേടിപോകുന്നത്, അതിനാല്‍ ഉപഭോക്താക്കള്‍ ബിസിനസുകളെ കേള്‍ക്കാന്‍ തയ്യാറാകും.
പണം മുടക്കാന്‍ തയ്യാറായി ആളുകള്‍ വരുന്നതിനാല്‍ തന്ത്രപരമായ മാര്‍ക്കറ്റിംഗ് നടത്തിയാല്‍ അവിടെ എളുപ്പത്തില്‍ വില്പന സൃഷ്ഠിക്കാന്‍ സാധിക്കും. അഥവാ വില്‍പ്പന അധികം സാധ്യമായില്ലെങ്കിലും വരുന്ന അനേകായിരം ആളുകളുടെ മുന്നില്‍ ഉത്പന്നം അവതരിപ്പിക്കാന്‍ സാധിക്കും. അത് ബ്രാന്‍ഡ് അവേര്‍നസ് സൃഷ്ടിക്കാനും സഹായകരമാകും.
2. ഡിസ്‌കൗണ്ട് സെയില്‍സ്:
മലയാളികള്‍ക്ക് എന്നും ഡിസ്‌കൗണ്ടുകളോട് ഒരു പ്രത്യേക പ്രിയമാണ്. ഭൂരിപക്ഷം മലയാളികളും ഉയര്‍ന്ന വിലയാണെങ്കിലും ഡിസ്‌കൗണ്ടുള്ള ഉല്‍പ്പന്നമാണെങ്കില്‍ അത് വാങ്ങാനായി താല്‍പര്യപ്പെടും. ഡിസ്‌കൗണ്ട് നല്‍കുക എന്നത് പണ്ടു മുതലേ പ്രയോഗിക്കുന്ന രീതിയാണെങ്കിലും അതിന്റെ ഗുണം ഇന്നും മങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍ എന്നിവ മുന്‍നിര്‍ത്തി മാര്‍ക്കറ്റിംഗ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കും.
വന്‍കിട സ്ഥാപങ്ങള്‍ വലിയതോട്ടില്‍ ഈ സമയങ്ങളില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിനാല്‍ ചെറിയ സ്ഥാപനങ്ങള്‍ക്ക് അത് നല്‍കാതെ പിടിച്ചുനില്‍ക്കാനും കഴിയില്ല എന്നതാണ് വാസ്തവം. ആയതിനാല്‍ ഉയര്‍ന്ന ഡിസ്‌കൗണ്ടുകള്‍ നല്‍കി പരമാവധി വില്‍പ്പന സൃഷ്ഠിക്കാന്‍ നോക്കുക. കാരണം ലാഭവിഹിതം ഡിസ്‌കൗണ്ട് നല്‍കുമ്പോള്‍ കുറയുന്നതിനാല്‍ വില്‍പ്പന വലിയ തോതില്‍ വര്‍ധിപ്പിക്കുകയെ നിവര്‍ത്തിയുള്ളൂ.
3. പുതിയ ഉല്‍പ്പന്ന അവതരിപ്പിക്കുക:
ഈ വില്‍പന സീസണിലെ ഒരു പ്രത്യേകത, ആളുകള്‍ ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ മാത്രമല്ല വാങ്ങുക എന്നതാണ്. ആഡംബര ഉത്പന്നങ്ങള്‍, അലങ്കാര ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പരീക്ഷിക്കാനായിപോലും പല ഉല്‍പ്പന്നങ്ങളും വാങ്ങിക്കൂട്ടും. കാരണം ആളുകള്‍ ഈ സമയങ്ങളില്‍ ഷോപ്പിങ്ങിന് ഇറങ്ങുന്നത് ആഘോഷിക്കാനും, ആസ്വദിക്കാനും, പണം ചെലവിടാനുമാണ്. അതിനാല്‍ സ്ഥാപനങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് ഏതാനും, കൂടുതല്‍ വില്പനക്കും കാരണമാകും. കാരണം ഈ സമയങ്ങളില്‍ ആളുകളെ തേടി ബിസിനസ്സുകള്‍ക്ക് ഇങ്ങോട്ടും പോകേണ്ടതില്ല; ആളുകള്‍ ബിസിനസുകളെ തേടി മാര്‍ക്കറ്റില്‍ വരും. ഈ ഒരു അവസരം പ്രയോജനപ്പെടുത്തി പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്.
4. ഇവന്റ് sponsoring:
ക്രിസ്മസ്, പുതുവത്സരവുമായി ബന്ധപ്പെട്ട് ധാരാളം സംഘടനകള്‍ പാര്‍ട്ടികളും ഇവന്റുകളും സംഘടിപ്പിക്കാറുണ്ട്. ഒത്തിരി ആളുകളുടെ പങ്കെടുക്കല്‍മൂലം അതെല്ലാം വന്‍ വിജയം നേടാറുമുണ്ട്. ഇത്തരം പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് തീര്‍ച്ചയായും ബിസിനസ് പ്രൊമോഷന് സഹായകരമാകും.
വരുന്ന അനേകായിരം ആളുകളുടെ മുന്നില്‍ സ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും വില്പന നടത്താനും സാധിക്കും. മികച്ച ഒരു പരിപാടിയാണെങ്കില്‍ അതുവഴി ലഭിക്കുന്ന പ്രൊമോഷന്‍ ചെറുതായിരിക്കുകയില്ല.
മികച്ച ഒരു ബിസിനസ് വര്‍ഷമാവട്ടെ 2023. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ്, പുതുവത്സരാശംസകള്‍.....
Siju Rajan
Business and Brand Coach
BRANDisam LLP
www.sijurajan.com
+91 8281868299


Tags:    

Similar News