'മാമ എർത്ത്' ബ്രാന്‍ഡും കസ്റ്റമര്‍ റിലേഷന്‍ഷിപ്പും
വില്‍പ്പന കൂട്ടാന്‍ ഉപയോക്താക്കളെ കയ്യിലെടുക്കാന്‍ ഉണ്ട് ചില മാര്‍ഗങ്ങള്‍
ബ്രാന്‍ഡുകളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. തല്‍ഫലമായി മത്സരവും വര്‍ധിച്ചിരിക്കുന്നു. ഉത്പന്നത്തിന്റെ നിലവാരംകൊണ്ടുമാത്രം മാര്‍ക്കറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
കാരണം നിലവാരം എന്നത് ഏതൊരു ഉത്പന്നത്തെ സംബന്ധിച്ചിടത്തോളവും ഏറ്റവും അടിസ്ഥാനപരമായി വേണ്ടുന്ന ഒന്നായതുകൊണ്ടുതന്നെ ഇന്നത്തെകാലത്ത് മാര്‍ക്കറ്റിംഗില്‍ അത് പ്രധാനഘടകമായി ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റിനും റിലേഷന്‍ഷിപ്പിനും വളരെയധികം പ്രാധാന്യം സ്ഥാപനങ്ങള്‍ നല്‍കിവരുന്നു.
വില്‍പ്പന എന്ന ഉദ്ദേശ്യലക്ഷ്യം വച്ചല്ലാതെ ഉപയോക്താക്കളുമായി ബന്ധപ്പെട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം കസ്റ്റമര്‍ റിലേഷന്ഷിപ്പിന് വഴിയൊരുക്കും. അത്തരത്തില്‍ നല്ലരീതിയില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് തന്ത്രം പയറ്റുന്ന ഒരു ബ്രാന്‍ഡാണ് mamaearth .
മാമ എര്‍ത്ത് കഥമാറ്റിയതിങ്ങനെ
2016 സെപ്റ്റംബറില്‍ ഗസല്‍ അലഗും വരുണ്‍ അലഗും ചേര്‍ന്ന് ആരംഭിച്ച പ്രകൃതിദത്തവും വിഷരഹിതവുമായ ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് mamaearth . വിഷ രഹിതവും പ്രകൃതിദത്തവും എന്ന തീം ആണ് mamaearth ന്റെ USP (Unique Selling Proposition)യും മാർക്കറ്റിംഗില്‍ പ്രധാന ഘടകമായി ഉപയോഗിക്കുന്നതും. എന്നാല്‍ എടുത്തുപറയേണ്ട ഒരു സവിശേഷത, ഇവരുടെ Plant Goodness എന്ന പ്രൊജക്റ്റാണ്.
പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങളായതിനാല്‍, ആ തീമുമായി യോജിക്കുന്ന ഒരു പ്രൊജക്റ്റാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളത്. mamaearth ന്റെ വെബ്‌സൈറ്റില്‍ നിന്നും ഒരു ഉത്പന്നം വാങ്ങിയാല്‍ ഉപയോക്താവിന്റെ പേരില്‍ സ്ഥാപനം ഒരു വൃക്ഷതൈ നടും. മാത്രമല്ല ആ വൃക്ഷത്തൈയുടെ ഫോട്ടോവും ഗൂഗിള്‍ മാപ്പ് ലൊക്കേഷനും ഇമെയിലായി അയച്ചുതരും. ഇത് കാണുന്ന ഏതൊരു ഉപഭോക്താവിനും അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാനുള്ള തോന്നലുണ്ടാകും. ഇതുതന്നെയാണ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്ന്.
സങ്കല്‍പ്പ് തരു ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. കൂടാതെ mamaearth അവര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും അതിന്റെ തുടക്കം മുതല്‍ 5,000 ടണ്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യുകയും ചെയ്തു. 2025-ഓടെ 10 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ബ്രാൻഡ് പ്ലാന്റ് ഗുഡ്നെസ്' സംരംഭം ആരംഭിച്ചത്.
സങ്കല്‍പ്പ് തരു
സങ്കല്‍പ് തരു ഫൗണ്ടേഷന്റെയും കര്‍ഷകരുടെയും സഹകരണത്തോടെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍ ഇത്തരം ഫലം കായ്ക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഈ മരങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് വരുമാന സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ അഗ്രോഫോറസ്ട്രി രീതി മുഴുവന്‍ കൃഷിഭൂമിയും ഉപയോഗിക്കുന്നില്ല, കര്‍ഷകര്‍ ഒരു തോട്ടം ഉണ്ടാക്കുന്നതിനൊപ്പം കൃഷി ചെയ്യുന്നത് തുടരുന്നു.
കാർബൺ സിങ്ക്
ഇത് കാര്‍ഷിക മേഖലകളില്‍ കാര്‍ബണ്‍ സിങ്കുകള്‍ (Carbon Sink) സൃഷ്ടിക്കാന്‍ സഹായിക്കുന്നു, അങ്ങനെ 'നെറ്റ് സീറോ കാര്‍ബണ്‍' എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. ഈ സംരംഭത്തിലൂടെ, 2020 മുതല്‍ 500-ലധികം കര്‍ഷകരുടെ ജീവിതത്തെ mamaearth സ്വാധീനിച്ചു.
പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടൊപ്പം ഇത്തരം പ്രോജക്റ്റുകള്‍ സ്ഥാപനത്തിന്റെ മേല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന മതിപ്പ് ചെറുതല്ല. നിങ്ങളുടെ സ്ഥാപനത്തിലും ഇത്തരത്തില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് വര്‍ധിപ്പിക്കുന്നതിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചുനോക്കു.
Details Of Author :
Siju Rajan
Business and Brand Consultant
BRANDisam LLP
www.sijurajan.com
+91 8281868299