Image Courtesy: Canva 
Guest Column

സാമ്പത്തിക പ്രതിസന്ധികള്‍ ബാധിക്കാതെ എങ്ങനെ ബിസിനസ് വളര്‍ത്താം

നിലനില്‍പ്പിനായി ശ്രമിക്കുന്ന സമയത്ത് അടുത്ത തലത്തിലേക്ക് ബിസിനസിനെ കൊണ്ടെത്തിക്കാനാകുമോ?

Siju Rajan

ഒരു നാട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ അത് ഏറ്റവുമധികം ബാധിക്കുന്നത് ആ നാട്ടിലെ സംരംഭകരെയാണ്. ഈ   സാഹചര്യത്തില്‍ പ്രതിസന്ധികള്‍ ബാധിക്കാതെ എങ്ങനെ ബിസിനസിനെ വളര്‍ത്താം എന്ന് പരിശോധിക്കാം.

മനസിലാക്കേണ്ട ഒരു കാര്യം, സാമ്പത്തിക പ്രതിസന്ധി പരമാവധി പേരെയും ഒരുപോലെ  ബാധിക്കുന്ന ഒന്നാണ് എന്നതാണ്. അതിനാല്‍ ഒട്ടുമിക്ക സംരംഭകരും നിലനില്‍പ്പിനായി ശ്രമിക്കുമ്പോള്‍, നമ്മള്‍ ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താനായി ലഭിക്കുന്ന അവസരമായി ഈ പ്രതിസന്ധിയെ കാണണം.

ഒതുങ്ങുകയല്ല, ഉയരണം!

പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ ലാഭം വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. ലാഭം കൂടണമെങ്കില്‍ ഒന്നില്ലെങ്കില്‍ വില കൂട്ടണം അല്ലെങ്കില്‍ വില്‍പ്പന കൂട്ടണം. വില വര്‍ധിപ്പിക്കല്‍ പ്രതിസന്ധി ഘട്ടത്തില്‍ പ്രായോഗികമല്ല. പകരം വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതിനായി നിലവില്‍ വില്‍പ്പന കേന്ദ്രീകരിച്ചിട്ടുള്ള സ്ഥലത്തുനിന്നും മറ്റു സ്ഥലങ്ങളിലേക്ക്, അതായത്  മറ്റ് സംസ്ഥാനങ്ങളിലേക്കോ, മറ്റ് രാജ്യങ്ങളിലേക്കോ വ ളരാനായുള്ള പ്രാരംഭ ചുവട് വയ്ക്കാനായി തയ്യാറാവണം. അതിനായി മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്യാം. ഏതു തന്നെയാണെങ്കിലും ചെലവ് ചുരുക്കി ഒതുങ്ങുകയല്ല വേണ്ടത്, പകരം ചെലവ് ക്രമീകരിച്ച് വളരുകയാണ് ചെയ്യേണ്ടത്.

സാങ്കേതികവിദ്യയുടെ ഉപയോഗം

ഇനിയും നിങ്ങള്‍ സാങ്കേതികവിദ്യ ബിസിനസ്സില്‍ ഉപയോഗിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയായിരിക്കില്ല നിങ്ങളുടെ സ്ഥാപനത്തിന്റെ അന്തകന്‍; അത് സാങ്കേതികവിദ്യതന്നെ ആയിരിക്കും. കാലത്തിനനുസരിച്ച് മാറാത്ത ബിസിനസുകളും ബിസിനസുകാരും കാലഹരണപ്പെട്ടുപോകും.

പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ ചെലവ് ക്രമീകരിച്ച് ബിസിനസ് വളര്‍ത്തുന്നതിനായി ബിസിനസിൽ ഓട്ടോമേഷന്‍ കൊണ്ടുവരേണ്ടതായി വരും. അതിനായി സാങ്കേതികവിദ്യ ബിസിനസിന്റെ അടിസ്ഥാന പ്രവര്‍ത്തനത്തില്‍ പ്രയോഗിക്കേണ്ടതുണ്ട്. അതുവഴി ജീവനക്കാരുടെ എണ്ണം ക്രമപ്പെടുത്തി കൂടുതല്‍ വേഗതയില്‍ ചെലവ് ചുരുക്കി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധിക്കും.

താല്‍ക്കാലിക ജീവനക്കാര്‍

ബിസിനസിലെ ഏറ്റവും വലിയ അസറ്റ് അവിടെ തൊഴിലെടുക്കുന്ന ജീവനക്കാര്‍ തന്നെയാണ്. എന്നാല്‍ ഇതേ ജീവനക്കാര്‍ തന്നെയാണ് പ്രതിസന്ധിഘട്ടങ്ങളില്‍ പലപ്പോഴും ബാധ്യതയായി മാറുന്നത്. വില്‍പ്പന നടന്നാലും ഇല്ലെങ്കിലും ഇവര്‍ക്ക് കൃത്യമായി വേതനം നല്‍കേണ്ടതുണ്ട്. ഈ ബാധ്യത കുറയ്ക്കാന്‍ ചെറിയ സ്ഥാപങ്ങള്‍ക്ക് വേണമെങ്കില്‍ fixed-term എംപ്ലോയ്മെന്റ് എന്ന രീതിയിലേക്ക് മാറാം.

നിശ്ചിത കാലയളവിലേക്ക് മാത്രമായി കഴിവുള്ള ആളുകളെ നിയോഗിക്കുക. എടുക്കുന്ന തൊഴിലിന് അനുസരിച്ച് വേതനം നിശ്ചയിക്കുകയും ചെയ്യുക. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ അധിക ബാധ്യത ഒഴിവാക്കാന്‍ സഹായിക്കും എന്ന് മാത്രമല്ല കഴിവുള്ള ആളുകളെ നിയോഗിക്കാനും സാധിക്കും.

പ്രതിസന്ധികള്‍ സംരംഭങ്ങളെ തളര്‍ത്താം അല്ലെങ്കില്‍ വളര്‍ത്താം. പ്രതിസന്ധികളെ അവസരങ്ങളായി കണ്ട് മാറാന്‍ തയ്യാറാകുമ്പോഴാണ്  സംരംഭങ്ങള്‍ വളരുന്നത്. അതിന് മാറ്റത്തെ സ്വീകരിക്കാനും അതിനനുസരിച്ച് ബിസിനസ് രീതിയില്‍ മാറ്റം വരുത്താനുമുള്ള മനസ്ഥിതി സംരംഭകര്‍ വളര്‍ത്തേണ്ടതുണ്ട്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT