മരണ ശയ്യയിലെ ഏറ്റവും വലിയ ഖേദം എങ്ങനെ ഒഴിവാക്കാം

ജീവിതത്തിൻ്റെ അവസാന നാളുകളിലെ ത്തിയ നിരവധി ആളുകളെ പരിചരിച്ച ഒരു നഴ്സ് വെളിപ്പെടുത്തിയ സത്യം നമ്മെ ഏറെ ചിന്തിപ്പിക്കും

Update:2020-12-06 11:13 IST

ഒന്നു സങ്കൽപ്പിച്ചു നോക്കൂ, പതിറ്റാണ്ടുകള്‍ക്ക് ശേഷം നിങ്ങള്‍ മരണക്കിടക്കയിൽ കിടന്ന്, നിങ്ങളുടെ ജീവിതം എങ്ങനെ ജീവിച്ചുവെന്ന് ചിന്തിക്കുകയാണ്.

നിങ്ങള്‍ അങ്ങനെ കിടക്കുമ്പോള്‍, നിങ്ങളുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ച് മറ്റുള്ളവര്‍ എന്തു ചിന്തിച്ചിട്ടുണ്ടാകുമെന്നത് ഒരു പ്രശ്‌നമായി നിങ്ങള്‍ കരുതുമോ? അല്ലെങ്കില്‍, നിങ്ങള്‍ എന്തെങ്കിലും കാര്യം ചെയ്തതിൻ്റെയോ ചെയ്യാത്തതിൻ്റെയോ കാരണത്താല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്ന ഭയമാണ് ഏറ്റവും വലിയ ഒരു ഭയം.

ജീവിതത്തിന്റെ അന്ത്യനാളുകളിലുള്ള നിരവധി ആളുകളെ പരിചരിക്കാന്‍ അവസരം ലഭിച്ച നഴ്‌സായ ബ്രോണി വെയര്‍ തന്റെ ഏറെ വിറ്റഴിക്കപ്പെട്ട 'The Top Five Regrets of the Dying' എന്ന പുസ്തകത്തില്‍ പറയുന്നത്, മരിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടായിരുന്ന പൊതുവായ സങ്കടം, 'മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന വേവലാതിയില്ലാതെ എനിക്ക് എന്റേതായ രീതിയില്‍ ജീവിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍' എന്നാണ്.

പക്ഷേ മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വിട്ട് നമ്മോട് തന്നെ നീതി പുലര്‍ത്തി ജീവിക്കാനുള്ള ധൈര്യം എങ്ങനെ നേടാനാവും? അതാണ് ഈ ലേഖനത്തിലൂടെ പറയാനാഗ്രഹിക്കുന്നത്.

അവബോധം (Awareness)

മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നത് എത്രമാത്രം നമ്മളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സ്വയം

ബോധവാനാകുക എന്നതാണ് ആദ്യ പടി.

നമ്മുടെ ചിന്തകളെയും മനസ്സിന്റെ വ്യാപാരങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുക (പ്രത്യേകിച്ച് തീരുമാനങ്ങളെടുക്കുന്ന അവസരങ്ങളിൽ) എന്നതാണ് അവബോധമുണ്ടാകുന്നതിന്റെ തുടക്കം.


വലിയ ചിത്രം (The big picture)

നമ്മുടെ ജീവിതത്തില്‍ പലപ്പോഴും വലിയ ചിത്രത്തിന്റെ കാഴ്ച നഷ്ടപ്പെടുന്നു. നിങ്ങള്‍ എന്തു ചെയ്‌താലും ചെയ്‌തില്ലെങ്കിലും

ഒരു ദിവസം നിങ്ങള്‍ മരണപ്പെടും എന്ന സത്യം അവശേഷിക്കുന്നു. എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ. നമ്മള്‍ ഇത് പലപ്പോഴും മറന്നു പോകുന്നു. എന്നാല്‍ അത് നമ്മള്‍ എന്നും ഓര്‍ത്തിരിക്കേണ്ടതാണ് .

ഇപ്പോള്‍ മരണശയ്യയില്‍ കിടക്കുന്നതായി സങ്കല്‍പ്പിക്കുക എന്നതാണ്, നമ്മുടെ പെരുമാറ്റങ്ങളെയും തീരുമാനങ്ങളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കുന്നത് തടയാനുള്ള ഒരു മികച്ച വഴി.

ഈയൊരു തിരിച്ചറിവാണ്, സ്റ്റീവ് ജോബ്‌സിനെ അദ്ദേഹത്തിന്റെ ജീവിതത്തിൽവലിയ തീരുമാനങ്ങളെടുക്കാന്‍ സഹായിച്ചതെന്ന് സ്റ്റാന്‍ഡ്‌ഫോര്‍ഡിലെ പ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നു.

'ജീവിതത്തിലെ വലിയ തീരുമാനങ്ങളെടുക്കാന്‍ ഞാന്‍ ഏറ്റവും പ്രധാനമായി ആശ്രയിച്ചിരുന്നത്, ഞാന്‍ മരിച്ചു പോകുമെന്ന സ്വയം ഓര്‍മിപ്പിക്കലിനേയാണ്. കാരണം എല്ലാ ബാഹ്യ പ്രതീക്ഷകളും, എല്ലാ അഭിമാനവും, ചമ്മലോ പരാജയമോ എല്ലാം - മരണത്തിന്റെ മുൻപിൽ ഇല്ലാതാകുന്നു, യഥാർത്ഥത്തിൽ പ്രധാന്യമുള്ളവ മാത്രം അവശേഷിക്കുന്നു. നിങ്ങൾ മരിക്കുമെന്ന് ഓർമിക്കുന്നതാണ് നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നതിന്റെ കെണി ഒഴിവാക്കാൻ എനിക്കറിയാവുന്ന ഏറ്റവും നല്ല മാർഗം."


നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക (Take responsibility for your life)

അഭിപ്രായങ്ങൾ - നമ്മുടെ ലോകം അവ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആളുകള്‍ക്ക് എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ അവരോട് ചോദിച്ചാൽ. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ നിങൾ ഏറെ ഇഷ്ടപ്പെടുന്നവർ (അവരുടെ അഭിപ്രായത്തിനാകും നിങ്ങള്‍ ഏറെ വില കല്‍പ്പിക്കുന്നത്).

എന്നിരുന്നാലും അവസാനം നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ ജീവിതം അവര്‍ക്ക് ജീവിക്കാനാവില്ല. നിങ്ങളുടെ ജീവിതം മാറുന്നതിനനുസരിച്ച് അവരെ കുറ്റപ്പെടുത്താനോ ഉത്തരവാദികളാക്കാനോ കഴിയില്ല. നിങ്ങളുടെ തെരഞ്ഞെടുപ്പുകളുടെ ഫലം അനുസരിച്ച് ജീവിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

മറ്റുള്ളവരെ പ്രീതിപ്പെടുത്താനും തൃപ്തിപ്പെടുത്താനുമുള്ള ശ്രമം ഉപേക്ഷിക്കുക

മറ്റുള്ളവരുടെ അംഗീകാരം നേടുക, അവരെ സന്തോഷിപ്പിക്കുക, തൃപ്തിപ്പെടുത്തുക എന്നതൊക്കെയാണ് മനുഷ്യരുടെ സഹജവാസന. പക്ഷേ, എല്ലായ്‌പ്പോഴും എല്ലാവരെയും സന്തോഷിപ്പിച്ചു നിര്‍ത്തുക എന്നത് അസാധ്യമാണ്. മാത്രമല്ല, അത് ജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കുറ്റമറ്റ ജീവിതം നയിക്കുകയും മറ്റുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത ആളുകള്‍ക്ക്, അത് ബുദ്ധനോ,ക്രിസ്തുവോ ആകട്ടെ, എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ആയിട്ടില്ല.

ഏറ്റവും മികച്ച കല, സംഗീതം, സിനിമ എന്നിവയ്ക്ക് പോലും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു.

എല്ലാവരെയും എല്ലായ്‌പ്പോഴും സന്തോഷിപ്പിക്കാന്‍ ആവില്ലെന്ന സത്യം അംഗീകരിക്കുകയും അത് രൂഢമൂലമാക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ സ്വതന്ത്രരാവുകയാണ്.

നിങ്ങളോട് തന്നെ നീതി പുലര്‍ത്തി ജീവിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ അടുത്ത സൃഹുത്തുക്കളുടേയോ കുടുംബാംഗങ്ങളുടേയോ പോലും സ്വീകാര്യതയും അംഗീകാരവും തേടുന്ന ശീലം ഉപേക്ഷിക്കേണ്ടി വന്നേക്കാം.

വ്യക്തത (Clarity)

നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്താനാവില്ല. വ്യക്തത ഒറ്റ രാത്രി കൊണ്ട് ഉണ്ടാവുന്നതല്ല. നമ്മള്‍ അത് സജീവമായി അന്വേഷിച്ചു കൊണ്ടിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായത്താല്‍ ചുറ്റപ്പെട്ടിരിക്കുമ്പോള്‍ വ്യക്തതയുണ്ടാവാനുള്ള സാധ്യതയില്ല. നമ്മളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് വ്യക്തതയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവാന്‍ ഞാന്‍ ഏകാന്തമായി സമയം ചെലവിടുകയും ഡയറി എഴുതുകയും ( Journaling) ചെയ്യുന്നു. എന്താണ് നമുക്ക് ആവശ്യമുള്ളതെന്ന കാര്യം നമുക്ക് തന്നെ കൂടുതല്‍ വ്യക്തമാകുമ്പോള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അനുസരിച്ച് നാം ചാഞ്ചാടുകയില്ല.

വ്യർത്ഥ‍ ധാരണകൾ മാറട്ടെ (Let go of the big Illusion)

ലോകം നമുക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമ്മുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും വിലയിരുത്താന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും പലപ്പോഴും നമ്മുടെ മനസ്സ് ചിന്തിച്ചേക്കാം. എന്നാല്‍ സത്യമിതാണ്, നമ്മള്‍ നമ്മെ തന്നെ വിലയിരുത്തുന്നതില്‍ കൂടുതല്‍ മറ്റൊരാളും വിലയിരുത്തുന്നില്ല. കാരണം, മറ്റുള്ളവര്‍ക്ക് അവരുടെ വേവലാതികള്‍ തന്നെയുണ്ട്. അതുകൊണ്ട് നമ്മള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് വിലയിരുത്താന്‍ അവർക്ക് സമയമില്ല.

എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ബിഗ് മാജിക് എന്ന പുസ്തകത്തിന്റെ രസകരമായ ഒരു ഭാഗത്ത് ഇത് സംക്ഷിപ്തമായി ചിത്രീകരിക്കുന്നുണ്ട്.

' നമ്മളെ കുറിച്ച് എല്ലാവരും എന്താണ് ചിന്തിക്കുന്നത് എന്ന് വേവലാതിപ്പെട്ട് നമ്മുടെ 20 കളും 30തുകളും നമ്മള്‍ ചെലവിടുന്നു. അങ്ങനെ പിന്നീട് 40 കളിലേക്കും 50 കളിലേക്കും കടക്കുന്നു. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നതിന് ഒരു വിലയും oകല്‍പ്പിക്കുന്നില്ല എന്ന് തീരുമാനിക്കുന്നതോടെ നമ്മള്‍ സ്വതന്ത്രരായി തുടങ്ങുന്നു. എന്നാല്‍ 60 കളും 70 കളും ആകുന്നതു വരെ പൂര്‍ണമായും സ്വതന്ത്ര രാകുന്നില്ല. ഒടുവില്‍ നിങ്ങള്‍ ആ സത്യം മനസ്സിലാക്കുന്നു, ആരും നിങ്ങളെ കുറിച്ച് ചിന്തി ക്കുകയായിരുന്നില്ല എന്ന്. '

' ആളുകള്‍ കൂടുതലും അവരവരെ കുറിച്ചു തന്നെയാണ് ചിന്തിക്കാറ്. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നോ, എത്രമാത്രം മികച്ച രീതിയില്‍ ചെയ്യുന്നുവെന്നോ ചിന്തിക്കാന്‍ ആളുകള്‍ക്ക് സമയമില്ല. കാരണം എല്ലാവരും അവരവരുടേതായ ജീവിത നാടകം കളിച്ചു കൊണ്ടിരിക്കുകയാണ്. ആളുകളുടെ ശ്രദ്ധ ഒരു നിമിഷം നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാം (ഉദാഹരണത്തിന് നിങ്ങള്‍ വലിയ തോതില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍) എന്നാല്‍ ആ ശ്രദ്ധ പെട്ടെന്നു തന്നെ അവരവരിലേക്ക് തന്നെ മടങ്ങി പൂര്‍വസ്ഥിതി പ്രാപിക്കും.

ആളുകൾ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച് ഒട്ടും ഓർക്കാതിരിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ട് ആയേക്കാം. എന്നാല് അത് നമ്മുടെ ജീവിതത്തെ പരിമിതപ്പെടുത്താൻ അനുവദിക്കരുത്.

ഇത് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അത് നമ്മുടെ സ്വാഭാവിക ചോദനകള്‍ക്ക് എതിരാണ്. പക്ഷേ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാനുള്ള വഴിയാണത്. എന്നിരുന്നാലും നമുക്ക് ആവശ്യമായതെന്ത് എന്നതു സംബന്ധിച്ച് വ്യക്തതയും ശരിയായ കാഴ്ചപ്പാടും ലഭിച്ചു കഴിഞ്ഞാല്‍ നമ്മുടെ സഹജമായ ഈ ശീലത്തെ മറികടക്കാൻ എളുപ്പമാകും.


To read the article in English click here :  
Tags:    

Similar News