എന്താണ് 'സ്‌കെയ്‌ലബ്ള്‍' ബിസിനസ് മോഡല്‍?
സംരംഭകര്‍ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മികച്ചവഴി
ഇന്ന് ഏതൊരു സംരംഭകനും തന്റെ ബിസിനസ് ഒരു സ്‌കേലബ്ള്‍ ബിസിനസ് ആവണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം സ്‌കേലബ്ള്‍ ബിസിനസ് മോഡലിനാണ് ഇന്ന് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അംഗീകാരം കൂടുതലായും ലഭിക്കുന്നത്. അതിന്റെ ഭാഗമായാണ് പല രീതിയിലുള്ള ഫണ്ടിംഗും ലഭ്യമാകുന്നത്. മാത്രമല്ല നിക്ഷേപകരെ ആകര്‍ഷിക്കാനും ഈ സ്‌കേലബിള്‍ ബിസിനസ് മോഡലിന് സാധിക്കും. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ സ്‌കേലബ്ള്‍ ബിസിനസ്? എങ്ങനെയാണ് ഒരു ബിസിനസിനെ സ്‌കേലബ്ള്‍ ആക്കുന്നത്?
ഒരേ ഇന്‍പുട്ട് ഉപയോഗിച്ച് ബിസിനസിന് അതിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് സ്‌കേലബ്‌ള്‍ ബിസിനസ് മോഡല്‍. പൊതുവെ കാലങ്ങളായി കണ്ടുവരുന്നത്, വില്‍പന വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ നിക്ഷേപം ചെയുന്ന രീതിയാണ്. അവിടെ ചെലവ് ആനുപാതികമായി വര്‍ധിക്കുന്നതുകൊണ്ടുതന്നെ ലാഭവിഹിതത്തില്‍ നേരിയ വളര്‍ച്ചമാത്രമേ വീക്ഷിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ സ്‌കേലബ്ള്‍ ബിസിനസില്‍ ചെലവ് വര്‍ധിക്കുന്നില്ല; പകരം വില്പനയും അതിന് ആനുപാതികമായി ലാഭവും വര്‍ധിപ്പിക്കാന്‍ കഴിയുന്നു.
ഓണ്‍ലൈന്‍ ബിസിനസിന്റെ തന്ത്രം
ലളിതമായി ഒരു ഉദാഹരണത്തിലൂടെ വിവരിക്കുകയാണെങ്കില്‍ സ്വന്തമായി ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ മറ്റൊരു ബ്രാന്‍ഡിന്റെ വസ്ത്രങ്ങള്‍ വില്‍ക്കുകയാണെന്ന് വിചാരിക്കുക. ഒരു മാസം 2000 വസ്ത്രങ്ങള്‍ വില്‍ക്കുമ്പോള്‍ വരുന്ന ചെലവും 10,000 വസ്ത്രങ്ങള്‍ വില്‍ക്കുമ്പോള്‍ വരുന്ന ചെലവും തമ്മില്‍ അധികം വ്യത്യാസം വരുന്നില്ല. കാരണം അവിടെയുള്ള fixed asset ആയ വെബ്‌സൈറ്റ് അതേപോലെ നിലകൊള്ളുന്നു. അവിടെ അധിക ചെലവ് വരുന്നില്ല. അതുപോലെതന്നെയാണ് സോഫ്റ്റ്വെയര്‍ ബിസിനസ്സുകളും ഈ ഗണത്തില്‍ പെടുത്താം. ബിസിനസിന്റെ ആദ്യഘട്ടത്തില്‍ സോഫ്റ്റ്വെയര്‍ നിര്‍മിക്കാന്‍ വരുന്ന ചെലവുമാത്രമാണ് പ്രധാനമായി വരുന്നത്. എത്രത്തോളം ഡിമാന്‍ഡ് ഉണ്ടായാലും അധിക ചെലവ് ഇവിടെ വരുന്നില്ല. ഇതാണ് സ്‌കേലബ്‌ൾ ബിസിനസ് മോഡൾ.
സ്‌കേലബിലിറ്റി എങ്ങനെ വര്‍ധിപ്പിക്കാം?
1. പുറമെയുള്ള ബിസിനസ് സ്രോതസ്സുകള്‍ പരമാവധി പ്രയാജനപ്പെടുത്തുക:
ഉദാഹരണത്തിന്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണ്‍ നിര്‍മ്മാതാക്കളെയും സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെയും ഉപയോഗിക്കുമ്പോള്‍ uber, കാറുകളുടെയും ഡ്രൈവറുകളുടെയും പ്രയോജനം നേടുന്നു.
2. ഓട്ടോമേഷന്‍ നടത്തുക:
ഒരു ബിസിനസിന്റെ ഓരോ ഘട്ടങ്ങളും ഓട്ടോമേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത്രയും മെച്ചമായി അതിന് സ്‌കെയില്‍ - അപ് ചെയ്യാന്‍ കഴിയും. ആമസോണിന് ഏകദേശം 350,000 റോബോട്ടുകള്‍ ഉണ്ട്, അത് ഓര്‍ഡര്‍ പൂര്‍ത്തീകരണത്തിന്റെ വശങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുകയും കമ്പനിക്ക് കൃത്യസമയത്ത് വിതരണം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
3. ഔട്‌സോഴ്‌സിംഗ് പ്രയോജനപ്പെടുത്താം:
സ്‌കെയിലിംഗിന്, ബിസിനസിലെ ചെലവേറിയ പ്രക്രിയകള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് ഔട്ട്സോഴ്സ് ചെയ്യാവുന്നതാണ്. യോഗ്യതയുള്ളതും വിശ്വസനീയവുമായ ഒരു ഔട്ട്സോഴ്സിംഗ് പങ്കാളിക്ക് ബിസിനസ്സ് സ്‌കെയിലിനെ കൂടുതല്‍ കാര്യക്ഷമമായി സഹായിക്കാന്‍ കഴിയും.
സ്‌കേലബിള്‍ ബിസിനസ് മോഡലുകള്‍:
1. സോഫ്റ്റ് വെയർ :
സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള സ്‌കേലബ്ള്‍ മോഡലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മൈക്രോസോഫ്റ്റ്. കമ്പനി വിന്‍ഡോസിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പുകള്‍ വികസിപ്പിക്കുകയും തുടര്‍ന്ന് കമ്പനിക്ക് ലൈസന്‍സിംഗ് ഫീസ് നല്‍കുന്ന വിവിധ ഹാര്‍ഡ്വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം വില്‍ക്കുകയും ചെയ്യുന്നു. പ്രീമിയം വേര്‍ഡ്പ്രസ്സ് തീം ഡെവലപ്പര്‍മാരും സമാനമായ മോഡില്‍ പ്രവര്‍ത്തിക്കുന്നു, ദശലക്ഷക്കണക്കിന് വെബ്‌സൈറ്റ് ഉടമകള്‍ക്കും ബ്ലോഗര്‍മാര്‍ക്കും അവരുടെ സൃഷ്ടികള്‍ക്ക് ലൈസന്‍സ് നല്‍കുന്നു.
2. ഓണ്‍ലൈന്‍ കോഴ്‌സുകള്‍:
അധ്യാപകരും വിദഗ്ധരും പരിചയസമ്പന്നരുമായ വ്യക്തികള്‍ മറ്റുള്ളവര്‍ക്കായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സൃഷ്ടിക്കുന്നത് മറ്റൊരു ഉദാഹരണമാണ്. അധ്യാപനത്തിന്റെ പരമ്പരാഗത രീതികള്‍ സ്‌കെയില്‍ ചെയ്യാന്‍ പ്രയാസമാണ്, കാരണം അധ്യാപകന്‍ അവരുടെ സമയം ഓരോ ക്ലാസ്സുകള്‍ക്കായും വിനിയോഗിക്കണം. എന്നാല്‍, കോഴ്സുകള്‍ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് അപ്ലോഡ് ചെയ്യുന്നതുവഴി ഉള്ളടക്കം പ്രസക്തമായിരിക്കുന്നിടത്തോളം കാലം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കഴിയും.
3. ഫ്രാഞ്ചൈസി:
ഫ്രാഞ്ചൈസി നല്‍കുന്നതും സ്‌കേലബ്ള്‍ ബിസിനസ് മോഡലാണ്. കാരണം അധിക ചെലവില്ലാതെ ബിസിനസ് വിപുലീകരിക്കാന്‍ സാധിക്കും. പരമ്പരാഗത ബിസിനസ് മോഡലുകള്‍ സാധാരണയായി നിക്ഷേപങ്ങള്‍ക്ക് പരിമിതമായ വരുമാനത്തിലേക്ക് നയിക്കുമ്പോള്‍, സ്‌കെയ്‌ലബ്ള്‍ ബിസിനസുകള്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടാക്കുന്നതിനും ലാഭം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.
Siju Rajan
Business and Brand Coach
BRANDisam LLP
www.sijurajan.com
+91 8281868299