മകളുടെ മുറിയില്‍ കാമറ വെച്ച അമ്മ!

Update:2020-08-29 10:19 IST

ഞാന്‍: ഹലോ... ഞാന്‍ എങ്ങനെയാണ് സഹായിക്കേണ്ടത്?

അവള്‍: എനിക്ക് ഒരു സഹായവും ആവശ്യമില്ല.

(ഈശ്വരാ! ഇത് ഒരുവഴിക്ക് പോകില്ല.... അവള്‍ നല്ല ദേഷ്യത്തിലാണ്. മുഖത്തേക്ക് നോക്കുന്നുപോലുമില്ല. മറ്റെവിടെയോ നോക്കിയാണ് സംസാരം.)

ഒരു അമ്മയും മകളും എന്നെ കാണാനെത്തിയത് വളരെ ദൂരെനിന്നാണ്. രണ്ടുപേരുടെയും മുഖം കണ്ടിട്ട് കാര്യങ്ങള്‍ അത്ര പന്തിയല്ല. അമ്മയുടെ മുഖത്ത് നോക്കാതെ മകള്‍. അമ്മയാകട്ടെ ആകെ നിസഹായാവസ്ഥയിലും.

മകള്‍ 12ാം ക്ലാസ് കഴിഞ്ഞുനില്‍ക്കുകയാണ്. ക്ലാസില്‍ ടോപ്പറായിരുന്നു. പഠനം മാത്രമല്ല, എല്ലാറ്റിലും ഓള്‍റൗണ്ടര്‍!

അമ്മയോട് പുറത്ത് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ല. ആള്‍ അടുക്കുന്നില്ല.

ഒരു വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഞാന്‍ കുറച്ചുസമയം എടുത്തു. അവള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ സംസാരിച്ചു. പതിയെ അവള്‍ മനസുതുറക്കാന്‍ തുടങ്ങി.

അവള്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് തയാറെടുക്കുകയാണ്. 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സിനായുള്ള ക്രാഷ് കോഴ്‌സിന് അവളെ ചേര്‍ത്തു. അവള്‍ക്ക് മെഡിസിന് ചേരാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. റിസര്‍ച്ചായിരുന്നു ഇഷ്ടം.

പിന്നെന്തിന് കോച്ചിംഗിന് പോയി? ഞാന്‍ ചോദിച്ചു.

''എന്റെ അമ്മയുടെ തീരുമാനമായിരുന്നു. ചെറുപ്പത്തിലെ എന്റെ തലയിലേക്ക് ഈ തീരുമാനം അടിച്ചുകേറ്റുകയായിരുന്നു. അതിനായി ഒന്നിനുപിന്നാലെ മറ്റൊന്നായി ട്യൂഷനുകള്‍ ഏര്‍പ്പാടാക്കി. ഞാന്‍ സമയം കളയുന്നില്ലെന്ന് ഉറപ്പാക്കാന്‍ എന്റെ മുറിയില്‍ കാമറകള്‍ വെച്ചു! കുറച്ച് മാര്‍ക്ക് പോയാല്‍ പോലും അമ്മ കലിതുള്ളും. പുറത്തേക്ക് പോകാനോ കളിക്കാനോ അനുവാദമില്ലായിരുന്നു. എനിക്ക് മടുത്തു. ഐ ജസ്റ്റ് ഹേറ്റഡ് ഹേര്‍.

എന്റെ ആകെയുള്ള ആശ്വാസം സ്‌കൂളും കൂട്ടുകാരും മാത്രമായിരുന്നു. എനിക്ക് മാര്‍ക്ക് തന്നില്ലെന്ന് പറഞ്ഞ് ടീച്ചര്‍മാരോട് വരെ അമ്മ വഴക്കുണ്ടാക്കും. ഇതുകൊണ്ട് സ്‌കൂളില്‍ ഞാന്‍ ഒരു പരിഹാസകഥാപാത്രമായി.

ബോര്‍ഡ് എക്‌സാം കഴിഞ്ഞപ്പോള്‍ ക്രാഷ് കോഴ്‌സിന് ചേര്‍ത്തു. അവിടം എന്റെ സകൂള്‍ പോലെ അല്ലായിരുന്നു. കടുത്ത കോച്ചിംഗ്. വളരെ ടൈറ്റായ വര്‍ക് ഷെഡ്യുള്‍. ആവശ്യത്തിന് ഉറക്കം പോലും കിട്ടില്ല. വിദ്യാര്‍ത്ഥികളെ ബോഡി ഷെയ്മിംഗ് പോലും ചെയ്യുന്ന അദ്ധ്യാപകര്‍. ഞങ്ങളില്‍ കൂടുതല്‍പ്പേരും അവിടെ ചേര്‍ന്നത് മാതാപിതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടായിരുന്നു.

അവിടത്തെ പരീക്ഷകളില്‍ എനിക്ക് നല്ല മാര്‍ക്കുകള്‍ കിട്ടുന്നുണ്ടെന്ന് അമ്മ ഉറപ്പാക്കി. മാര്‍ക്ക് കുറഞ്ഞാല്‍ പഴയ കലാപരിപാടി ആവര്‍ത്തിക്കും. എനിക്ക് വേണ്ടി ചെലവാക്കുന്ന പണത്തിന്റെ കണക്കുപറയും. എന്റെയുള്ളില്‍ കുറ്റബോധം നിറച്ചുകൊണ്ടിരിക്കും.

മാം, പഠിക്കുന്ന കാര്യത്തില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ പഠനം മാത്രമേ പാടുള്ളുവെന്ന് പറഞ്ഞാലോ?

ഒരു ദിവസം ഹോസ്റ്റലില്‍ വെച്ച് വീണ് എന്റെ ഇടതുകൈ പൊട്ടി. പലയിടത്ത് പൊട്ടലുണ്ടായിരുന്നു. കുറച്ചുനാളത്തേക്ക് ഈ പീഡനത്തില്‍ നിന്ന് രക്ഷപെടുമല്ലോ, വീട്ടില്‍ നില്‍ക്കാമല്ലോ എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചു. വാര്‍ഡന്‍ വീട്ടില്‍ പോയിക്കൊള്ളാനും പറഞ്ഞു

പക്ഷെ എന്റെ അമ്മ എന്നെ വീട്ടില്‍ കൊണ്ടുപോകാന്‍ ഒരുക്കമായിരുന്നില്ല. എന്റെ ക്ലാസ് പോകുന്നത് അവര്‍ക്ക് സഹിക്കാനാകുമായിരുന്നില്ല.

''അമ്മേ, ഒറ്റക്കൈ വെച്ച് ഞാനെന്തു ചെയ്യും?'' എന്ന് ഞാന്‍ ചോദിച്ചു. റൂംമേറ്റിനോട് എന്നെ സഹായിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.

റൂംമേറ്റുമായി എനിക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അമ്മ തിരിച്ചുപോയി.

രണ്ട് ആഴ്ച ഞാന്‍ ഒരുപാട് അനുഭവിച്ചു. കോമണ്‍ ബാത്ത്‌റൂമില്‍ പോയി കുളിക്കാനും വസ്ത്രങ്ങളഴിക്കാനും ഇടാനുമൊക്കെ ഞാന്‍ കുറയേ കഷ്ടപ്പെട്ടു.

വല്ലാതെ അവഗണിക്കപ്പെട്ടതുപോലെ എനിക്ക് തോന്നി. എല്ലാ ദിവസവും ഞാന്‍ കരഞ്ഞു. ശാരീരികവേദനയ്‌ക്കൊപ്പം മാനസികവേദനയും.

റൂംമേറ്റ് എന്നെ പറ്റുന്നതുപോലെ സഹായിച്ചെങ്കിലും അവരും തിരക്കായിരുന്നു. മാം, അണ്‍വാണ്ടഡ് എന്ന അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുമോ എന്നെനിക്ക് അറിയില്ല.

ഞാന്‍ അമ്മയെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ എന്‍ട്രന്‍സ് കോച്ചിംഗ് ഉപേക്ഷിക്കുകയാണ്. എന്റെ അമ്മയെ നാണം കെടുത്താന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും.''

താന്‍ എങ്ങനെയാണ് അമ്മയെ വെറുത്തതെന്ന് അവള്‍ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് അവളുടെ കാര്യമോര്‍ത്ത് വലിയ വിഷമം തോന്നി. അവളുടെ മനസില്‍ വേരൂന്നിയ വേദനാജനകമായ ഓര്‍മ്മകള്‍ പറിച്ചുകളയാന്‍ സമയമെടുക്കും എന്നെനിക്ക് മനസിലായി.

ഞാന്‍ അമ്മയെ വിളിച്ചു. മകള്‍ പറഞ്ഞതെല്ലാം ഞാന്‍ അവരോട് പറഞ്ഞു. മകളുടെ മനസില്‍ ഇത്രത്തോളം വേദനയുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഞാന്‍ ഇത്രയൊക്കെ ചെയ്തുകൊടുത്തിട്ടും അവള്‍ക്ക് നന്ദിയില്ലല്ലോയെന്നാണ് അമ്മ ചിന്തിച്ചുകൊണ്ടിരുന്നത്.

ഇതാണ് മിക്കയിടങ്ങളിലും സംഭവിക്കുന്നത്. എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആരും കൃത്യമായി ആശയവിനിമയം നടത്തുന്നില്ല. ''മകള്‍ക്ക് പായസമായിരിക്കും ഇഷ്ടമെന്ന് വിചാരിച്ച് നിങ്ങളത് ഉണ്ടാക്കിക്കൊടുക്കുന്നു. എന്നാല്‍ അവള്‍ക്ക് വേണ്ടത് വാനില ഐസ്‌ക്രീം ആയിരിക്കും. അവള്‍ക്ക് വേണ്ടതെന്താണെന്ന് നിങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ല.''

മകളുടെ അവസ്ഥ കേട്ടപ്പോള്‍ അമ്മ ആകെ തകര്‍ന്നു.  മകള്‍ക്ക് അമ്മയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇനി ഒറ്റ മാര്‍ഗ്ഗമേയുള്ളു. അവളോട് ക്ഷമചോദിക്കുക.

പക്ഷെ നമ്മുടെ പാരമ്പര്യം അനുസരിച്ച് നമ്മള്‍ മക്കളോട് ക്ഷമ ചോദിക്കാറില്ലല്ലോ. എന്നാല്‍ ഈ അമ്മ മകളോട് മാപ്പിരന്നു എന്ന് തന്നെ പറയാം.

എന്നാല്‍ മാപ്പ് കൊടുക്കുകയെന്നത് മകള്‍ക്ക് എളുപ്പമായിരുന്നില്ല. മകളെ സംബന്ധിച്ചടത്തോളം അമ്മയെ വിശ്വസിക്കാന്‍ കൊള്ളില്ല. അമ്മ ക്ഷമയോടെ മകള്‍ക്ക് ആവശ്യമുള്ള സമയവും ഇടവും കൊടുത്ത് കാത്തിരിക്കണമായിരുന്നു. സ്‌നേഹത്തിലൂടെ അവളുടെ ഉള്ളിലെ മുറിവുകളെ കാലം ഉണക്കിയെടുക്കുന്നതുവരെ. 

മിടുക്കിയായ ആ പെണ്‍കുട്ടി മെഡിസിന്‍ ഉപേക്ഷിച്ചു കെട്ടോ. അവള്‍ക്കിഷ്ടമുള്ളതുപോലെ റിസര്‍ച്ച് തെരഞ്ഞെടുത്തു. ഇപ്പോഴവള്‍ വിദേശത്തെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ മാസ്‌റ്റേഴ്‌സ് ചെയ്യുകയാണ്. അമ്മയും മകളുമായുള്ള അകലം പതിയെ മാറിവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News