കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയ്ത കാര്യം നിങ്ങള്‍ക്കും ബിസിനസിലാകാം!

വോള്‍ട്ടേജ് സ്റ്റബിലൈസറുകളില്‍ നിന്ന് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണ മേഖലയിലേക്ക് വരെ കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി ബിസിനസിനെ വളര്‍ത്തിയതുപോലെ നിങ്ങള്‍ക്കും ചെയ്യാം

Update:2022-06-13 12:26 IST

വി-ഗാര്‍ഡ് ബ്രാന്‍ഡ് (V-Guard Industries) വോള്‍ട്ടേജ് സ്റ്റബിലൈസറുകളുടെ നിര്‍മ്മാണമായിരുന്നു കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളിയുടെ ആദ്യത്തെ ബിസിനസ്. ഇന്നിപ്പോള്‍ ആദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് കടന്നു ചെല്ലുന്ന നിങ്ങള്‍ ഒന്ന് അമ്പരക്കും. വ്യത്യസ്തങ്ങളായ തമ്മില്‍ ബന്ധമുള്ളതും അല്ലാത്തതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍, വിവിധ മേഖലകള്‍. വോള്‍ട്ടേജ് സ്റ്റബിലൈസറുകളില്‍ നിന്നും ഇലക്ട്രിക് ഉപകരണങ്ങളിലേക്കും ഉപഭോഗവസ്തുക്കളിലേക്കും (Consumer Durables) ബിസിനസ് പടര്‍ന്നിരിക്കുന്നു. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണം എന്നീ മേഖലകളിലേക്കും ബിസിനസ് വ്യാപിച്ചിരിക്കുന്നു.

ബിസിനസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലയില്‍ നിന്നും അല്ലെങ്കില്‍ ഉല്‍പ്പന്നത്തില്‍ നിന്നും എന്തിനാണ് മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും ഒരു ബന്ധവുമില്ലാത്ത മേഖലകളിലേക്കും ബിസിനസ് ചുവടു മാറ്റുന്നത്? എന്തുകൊണ്ട് ചെയ്യുന്ന ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി അതു മാത്രം വികസിപ്പിച്ചു കൂടാ? നിങ്ങള്‍ക്കുള്ളില്‍ സംശയങ്ങള്‍ ഉണരുന്നു.

ലോകത്തിലെ ഭീമന്‍ കമ്പനികളില്‍ ഒന്നായ ജനറല്‍ ഇലക്ട്രിക്കിന്റെ (GE) പ്രധാനപ്പെട്ട ബിസിനസ് ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണമാണ്. എന്നാല്‍ പോകെ പോകെ കമ്പനി മറ്റ് മേഖലകളിലേക്കും കടന്നു കയറി. ഇപ്പോള്‍ നോക്കുക ഏറോനോട്ടിക്, റെയില്‍, പവര്‍ പ്ലാന്റ്, ഗ്യാസ്, കിച്ചന്‍ അപ്‌ളയന്‍സസ്, ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ ബിസിനസുകളിലെല്ലാം അവരുണ്ട്. ഒന്നില്‍ മാത്രം തങ്ങി നില്‍ക്കാതെ ബിസിനസ് ഒരു വൃക്ഷം പോലെ വളരുന്നു, പടരുന്നു, ശിഖരങ്ങള്‍ നീട്ടുന്നു.

വൈവിധ്യവല്‍ക്കരണം (Diversification) അതിശക്തമായ ബിസിനസ് തന്ത്രമാണ്. ബിസിനസിലെ നിക്ഷേപത്തെ ബുദ്ധിപരമായി, കൂടുതല്‍ ലാഭം ലഭിക്കുന്ന രീതിയില്‍ വ്യാപിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന വളരെ റിസ്‌ക് കൂടിയ തന്ത്രം. ഒന്നുകില്‍ അത് ഇപ്പോള്‍ കമ്പനി ചെയ്യുന്ന ബിസിനസുമായി ബന്ധപ്പെട്ട പുതിയ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ആകാം അല്ലെങ്കില്‍ പുതിയൊരു വിപണിയിലേക്കുള്ള കടന്നുകയറ്റമാകാം.

ഒരു ബിസിനസില്‍ മാത്രമോ ഒരേ ഉല്‍പ്പന്നങ്ങളില്‍ മാത്രമോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോളുള്ള റിസ്‌ക് ഒഴിവാക്കുവാന്‍ വൈവിധ്യവല്‍ക്കരണം (Diversification) സഹായിക്കും. കൂടുതല്‍ ലാഭം ലഭിക്കുന്ന മറ്റ് മേഖലകളിലേക്ക് ബിസിനസിനെ വ്യാപിപ്പിക്കുവാനും ഈ തന്ത്രം ഉപയോഗിക്കാം. ഡിസ്‌നി (Dinsey) ടി വി, ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും തീം പാര്‍ക്കുകളിലേക്ക് കടന്നപോലെ അവിടെ നിന്നും വസ്ത്ര വ്യാപാരത്തിലേക്കും ടെക്‌നോളജിയിലേക്കും ബിസിനസിനെ വ്യാപിപ്പിച്ചതുപോലെ.

വൈവിധ്യവല്‍ക്കരണം (Diversification) വളരെ സൂക്ഷ്മതയോടെയും തയ്യാറെടുപ്പോടെയും പ്ലാനിംഗോടെയും ചെയ്യേണ്ട പ്രവൃത്തിയാണ്. എടുത്തുചാടി ചെയ്താല്‍ ഗുണത്തിനെക്കാളേറെ ദോഷം ചെയ്യും. ലോകത്തിലെ മികച്ച ബൈക്കുകളുടെ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ (Harley Davidson) ഒരിക്കല്‍ സുഗന്ധദ്രവ്യ നിര്‍മ്മാണ രംഗത്തേക്ക് കടന്നു. അവരുടെ ബൈക്കുകളുടെ ആരാധകരെ ഇത് രോഷാകുലരാക്കി. വൈവിധ്യവല്‍ക്കരണത്തിന് മുതിരുമ്പോള്‍ ബ്രാന്‍ഡുകളുടെ ചേര്‍ച്ചയില്ലായ്മ ചിലപ്പോള്‍ പരാജയത്തിലേക്ക് നയിക്കാം.

വിര്‍ജിന്‍ ഗ്രൂപ്പിനും (Virgin Group) ഇത്തരമൊരു അക്കിടി സംഭവിച്ചിട്ടുണ്ട്. അവര്‍ കൊക്കോകോളയുമായും പെപ്‌സിയുമായും ഏറ്റുമുട്ടാന്‍ വിര്‍ജിന്‍ കോള (Virgin Cola) പുറത്തിറക്കി. എന്നാല്‍ അത് ചരിത്രത്തിലെ വലിയൊരു പരാജയമായി. യു കെ വിപണിയുടെ വെറും 3% മാര്‍ക്കറ്റ് ഷെയര്‍ ഉണ്ടാക്കുവാന്‍ മാത്രമേ വിര്‍ജിന്‍ കോളയ്ക്ക് സാധിച്ചുള്ളൂ. എന്നാല്‍ ആലോചിക്കുക അവരുടെ വിര്‍ജിന്‍ മീഡിയ, വിര്‍ജിന്‍ ഹോളിഡേ, വിര്‍ജിന്‍ മണി എന്നീ മറ്റ് വൈവിധ്യവല്‍ക്കരണങ്ങള്‍ വലിയ വിജയങ്ങളുമായിരുന്നു.

വൈവിധ്യവല്‍ക്കരണം (Diversification) ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. അനാവശ്യമായ തിടുക്കം ഒഴിവാക്കി നന്നായി തയ്യാറെടുക്കുക, പ്ലാല്‍ ചെയ്ത് നടപ്പിലാക്കുക. പുതിയ വിപണികളിലേക്ക് കടന്നു ചെല്ലാനും ബിസിനസ് വിപുലീകരിക്കുവാനും ഈ തന്ത്രം ഉപയോഗിക്കാം.


Tags:    

Similar News