ജി.എസ്.ടിക്ക് ആറ് വര്‍ഷം: വിട്ടൊഴിയാതെ ആശങ്കകള്‍
ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ജി.എസ്.ടി, നേട്ടങ്ങള്‍ക്കൊപ്പം ഒരുപിടി പ്രശ്നങ്ങളും ഉണ്ടാക്കുന്നു
ആറ് വര്‍ഷം മുമ്പ് നിലവില്‍ വന്ന (2017 ജൂലൈ ഒന്നിന്) ജി.എസ്.ടി (ചരക്ക്- സേവന നികുതി) രാജ്യത്തെ വ്യാപാര വ്യവസായ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. വാങ്ങുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്ത്യയില്‍ എവിടെ നിന്നും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാം എന്നതാണ് ഇതിന്റെ വലിയ നേട്ടം. ചെക്ക് പോസ്റ്റുകളിലെ നൂലാമാലകളും ഒഴിവായി. സി ഫോം, എഫ് ഫോം, ഇ 1 ഫോം തുടങ്ങിയ നികുതി ഫോമുകള്‍ ഒഴിവായതും ഗുണകരമായി.
വ്യക്തതയില്ല
ജി.എസ്.ടി നിലവില്‍ വന്ന് രണ്ട് വര്‍ഷമെങ്കിലും ഇതുമായി ബന്ധപ്പെട്ട നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. വ്യാപാരി, വ്യവസായികള്‍ക്ക് മാത്രമല്ല, കണ്‍സള്‍ട്ടന്റ്, നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു. 'ഒരു രാജ്യം, ഒരു നികുതി' എന്ന പേരില്‍ ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ചെറിയ തെറ്റുകള്‍ മാപ്പാക്കുമെന്ന ഉറപ്പും അധികൃതര്‍ നല്‍കിയിരുന്നു.
പ്രശ്‌നങ്ങള്‍
ജി.എസ്.ടി.ആര്‍-1, 2എ, 2 ബി, 3ബി തുടങ്ങിയ റിട്ടേണ്‍ ഫയലുകള്‍ ചെറുകിട സംരംഭകരെ കുഴപ്പത്തിലാക്കി. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ ലേറ്റ് ഫീസിന് പുറമേ 18 ശതമാനം പലിശ എന്ന അധിക ബാധ്യതയും ഇവര്‍ നേരിടുന്നു.
ഒരു പ്രതിമാസ റിട്ടേണ്‍ പോലും റിവൈസ് ചെയ്യാനുള്ള സംവിധാനം നിലവിലില്ല. ഈ നിയമത്തിന്റെ ഓരോ വകുപ്പുകളും ഉപവകുപ്പുകളും കൃത്യമായി പാലിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത് ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
പ്രതിമാസ റിട്ടേണിലെ പിഴവുകള്‍ തിരുത്തുന്നതിനുള്ള സംവിധാനവും നിലവിലില്ല. ജി.എസ്.ടി.ആര്‍-2 (Purchase List) അപ്ലോഡ് ചെയ്യുന്ന സംവിധാനവുമില്ല. ഇതിനു പകരം ജി.എസ്.ടി.ആര്‍ 3ബി, 2ബി തുടങ്ങിയവയുടെ സഹായത്തോടെ റിട്ടേണ്‍ ഫയലിംഗ് നടത്തുകയാണ്. പര്‍ച്ചേസര്‍ ആറ് മാസത്തിനകം വാങ്ങിയ സാധന/സേവനങ്ങളുടെ തുക, വിതരണക്കാര്‍ക്ക് കൊടുക്കാത്ത പക്ഷം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് പോലും തിരിച്ച് നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇനി എന്ത് വേണം
റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ജി.എസ്.ടി.ആര്‍-2എയും 3ബിയും മിസ്മാച്ചിംഗ് 2017-18, 2018-19 കാലയളവില്‍ സര്‍ക്കുലര്‍ നമ്പര്‍ 183 പ്രകാരം ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും 2020 വരെയുള്ള കാലഘട്ടത്തില്‍ ഈ സര്‍ക്കുലര്‍ ബാധകമാക്കണം.
ആദ്യ മൂന്ന് വര്‍ഷത്തേക്ക് ആംനെസ്റ്റി സ്‌കീം നടപ്പാക്കണമെന്ന് ഗ്രീവന്‍സ് സെല്‍, വ്യാപാരി സംഘടനകള്‍, കണ്‍സള്‍ട്ടന്റ്സ് മുഖേന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കാലഘട്ടത്തില്‍ ഡിമാന്‍ഡ്, പലിശ, പിഴ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുകയും നികുതിയില്‍ ഇളവ് കൊടുക്കുകയും വേണം.
ഇപ്പോഴും ഓഡിറ്റ് അസസ്മെന്റ് അടക്കമുള്ള ടൂള്‍സ് സജ്ജമായിട്ടില്ല. സെക്ഷന്‍ 73 പ്രകാരമുള്ള റിട്ടേണുകളുടെ അസസ്മെന്റ് സൂക്ഷ്മ പരിശോധനയ്ക്ക് ആദ്യം മൂന്ന് വര്‍ഷ കാലാവധിയും പിന്നീട് അഞ്ച് വര്‍ഷവുമാക്കി. ഇപ്പോള്‍ 2023 ഡിസംബര്‍ വരെ നീട്ടി.
ഈ സാഹചര്യത്തില്‍ 2023 സെപ്റ്റംബര്‍ 30നകം ഇതുമായി ബന്ധപ്പെട്ട നോട്ടീസുകള്‍ അയക്കാത്ത പക്ഷം 2017-18ലെ അസസ്മെന്റുകളുടെ സമയപരിധി തീരുന്നതിനാല്‍ ജി.എസ്.ടി നിയമത്തിലെ ചുരുങ്ങിയത് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ നടത്തുന്ന അസസ്മെന്റ്, പിഴ തുടങ്ങിയവ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണം.
സാധനങ്ങള്‍ വാങ്ങുന്ന ഡീലര്‍മാരില്‍ വിതരണക്കാരുടെ റിട്ടേണ്‍ ഫയല്‍ ചെയ്യിക്കുന്നതിനോടൊപ്പം നികുതി അടപ്പിക്കാനുള്ള ബാധ്യതകൂടിയായതോടെ ചെറുകിട വ്യാപാരികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി. ആദ്യ മൂന്നു വര്‍ഷം അസസ്മെന്റുകള്‍ നടത്തിവരുന്ന ഡിമാന്‍ഡിന് പലിശയും പിഴയും പൂര്‍ണമായും ഒഴിവാക്കികൊടുക്കുകയാണ് വേണ്ടത്. നികുതി ഇനത്തിലും ഇളവുകള്‍ നല്‍കണം.
ഒരു റിട്ടേണ്‍ പോലും കൃത്യമായി ഫയല്‍ ചെയ്യാന്‍ സാധിക്കാത്ത ആദ്യകാലഘട്ടങ്ങളിലെ റിവേഴ്സ് ചാര്‍ജ് മെക്കാനിസം സെക്ഷന്‍ 9(3), 9(4) തുടങ്ങിയവയ്ക്ക് ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ നികുതിയും 18 ശതമാനം പലിശയും ഈടാക്കുന്നത് നീതീകരിക്കാന്‍ കഴിയാത്തതാണ്. ഓരോ മാസവും ലക്ഷം കോടികള്‍ ജി.എസ്.ടി വരുമാനമായി കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന സാഹചര്യത്തില്‍ ആംനെസ്റ്റി സ്‌കീം ഈ വര്‍ഷം തന്നെ പ്രഖ്യാപിക്കുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ സഹായകമാകും.
(എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റും ജി.എസ്.ടി കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ യൂട്യൂബറും (ജി.എസ്.ടി ടോക്ക്) സാജു ആന്‍ഡ് കോയിലെ മാനേജിംഗ് പാര്‍ട്ണറുമാണ്. മൊബൈല്‍: 98471 48622)
(This article was originally published in Dhanam Magazine July 31st issue)