നിങ്ങള്‍ സ്വയം ചോദിക്കേണ്ട ഒരു പ്രധാനപ്പെട്ട ചോദ്യം

ഈ ചോദ്യം ചോദിക്കുന്നതിലൂടെ മുമ്പ് ചിന്തിച്ചിട്ടില്ലാത്ത പുതിയ സാധ്യതകളിലേക്ക് നിങ്ങളുടെ മനസ്സ് തുറക്കാന്‍ സാധിക്കും

Update:2022-02-13 10:11 IST

സ്‌കൂളില്‍ പഠിക്കുമ്പോള്‍ നോട്ട് ബുക്കിലെ ആദ്യ രണ്ടു പേജുകള്‍ എഴുതാതെ വെറുതേ വിടാനാണ് ഞങ്ങളെ പഠിപ്പിച്ചത്. അന്നു മുതല്‍ പുതിയ നോട്ട് ബുക്കില്‍ എഴുതാന്‍ തുടങ്ങുമ്പോഴെല്ലാം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഞാന്‍ ഈ ശീലം തുടര്‍ന്നു പോന്നു.

ഇന്ന്, പുതിയ ഡയറിയില്‍ എഴുതാന്‍ ആരംഭിക്കുന്നതിന് മുമ്പ്, ആദ്യമായി ഞാന്‍ ചിന്തിച്ചു, തികച്ചും നല്ല രണ്ടു പേജുകള്‍ പാഴാക്കാന്‍ തക്ക എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്ന്. എനിക്ക് അതിന് നല്ലൊരു കാരണം കണ്ടെത്താനായില്ല. അങ്ങനെ ഓര്‍മയില്‍ ആദ്യമായി ഒന്നാം പേജു മുതല്‍ ഞാന്‍ എഴുതാന്‍ തുടങ്ങി.
നമ്മുടെ കുട്ടിക്കാലത്തെ രൂപപ്പെടുത്തിയെടുക്കലി(Childhood conditioning)നുള്ള ശക്തി അപാരമാണ്. യാതൊരു യുക്തിയുമില്ലാത്ത കാര്യമാണെങ്കില്‍ പോലും പല കാര്യങ്ങളും മറിച്ചൊന്നു ചിന്തിക്കുക പോലും ചെയ്യാതെ പിന്തുടരാന്‍ അത് പ്രേരിപ്പിക്കുന്നു.
നോട്ട് ബുക്കിന്റെ ഒന്നാം പേജില്‍ നിന്നോ മൂന്നാം പേജില്‍ നിന്നോ തുടങ്ങണമെന്നത് അപ്രധാനമായ കാര്യമായിരിക്കാം. എന്നാല്‍ അമ്പരിപ്പിക്കുന്ന ഒരു കാര്യം, ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പോലും രണ്ടാമതൊന്ന് ചിന്തിക്കാത്ത വിധമാണ് സമൂഹം നമ്മെ രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ്.
നമ്മള്‍ പലപ്പോഴും സ്വയം ചോദിക്കാത്ത ഒരു ലളിതമായ ചോദ്യമാണ്, എന്തിനാണ് നമ്മള്‍ ഒരു കാര്യം ചെയ്യുന്നത് എന്നത്.
ഉദാഹരണത്തിന് എന്തുകൊണ്ടാണ് വിവാഹം കഴിക്കുന്നത് എന്ന് ആളുകളോട് ചോദിച്ചു നോക്കൂ?
അടുത്തിടെ, എന്റെ സഹോദരന്റെ സുഹൃത്തുക്കളിലൊരാള്‍ പറയുകയുണ്ടായി, തനിക്ക് 30 വയസ്സായി സ്ഥിരജോലിയുമുണ്ട്. അതിനാല്‍ അടുത്ത യുക്തിപരമായ കാല്‍വെയ്പ് വിവാഹിതനാകുക എന്നതാണത്രെ.
വിവാഹത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ എനിക്ക് അറിയില്ലായിരിക്കാം. പക്ഷേ എനിക്ക് അറിയാവുന്ന കാര്യം, അടുത്ത യുക്തിപരമായ പടി, അല്ലെങ്കില്‍ എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത് എന്നതിനാല്‍ വിവാഹിതനാകുന്നത് വളരെ ബാലിശമായ കാരണമാണെന്നാണ്.
ഒരു കാര്യം അവര്‍ എന്തിന് ചെയ്യണം എന്ന് തോന്നല്‍ കുട്ടികളിലുണ്ടാവുക സ്വാഭാവികമാണ്.
എന്നാല്‍ നമ്മള്‍ വളരുന്തോറും നമ്മളില്‍ നിന്ന് ചോദ്യം ചെയ്യാനുള്ള മാനസികാവസ്ഥ നഷ്ട്മാകുകയും സമൂഹം നമ്മോട് ചെയ്യാന്‍ പറഞ്ഞതു കൊണ്ടോ അല്ലെങ്കില്‍ മറ്റുള്ളവരെല്ലാം ചെയ്യുന്നതു കൊണ്ടോ മാത്രം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ലോകത്ത് എന്തെങ്കിലും കാര്യം ബഹുഭൂരിപക്ഷവും ചെയ്യുന്നു എന്ന കാരണത്താല്‍ അത് വിവേകപൂര്‍ണമായ കാര്യമാണെന്ന് നമ്മള്‍ തെറ്റായി അനുമാനിക്കുന്നു.
എന്തുകൊണ്ട് എന്നു ചോദിക്കുന്നതിലൂടെ അന്ധമായി എന്തിനെയെങ്കിലും, അത് അര്‍ത്ഥശൂന്യമായ ആചാരമോ, ശീലമോ, പാരമ്പര്യമോ എന്തുമാകട്ടെ, അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നതിനു പകരം വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
എന്തുകൊണ്ട് എന്നു ചോദിക്കുന്നത് എല്ലായ്‌പ്പോഴും നിങ്ങളെ ഉത്തരങ്ങളിലേക്ക് നയിച്ചെന്നു വരില്ല. എന്നാല്‍ എന്തെങ്കിലും ചെയ്യുന്നതിനുള്ള പ്രചോദനം വ്യക്തമായി മനസ്സിലാക്കാനും നിങ്ങളുടെ അഗാധമായ ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന മികച്ച തെരഞ്ഞെടുപ്പുകള്‍ നടത്താനും ഇത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.
എന്തുകൊണ്ട് എന്ന് ചോദിക്കുന്നതിലൂടെ നിങ്ങള്‍ മുമ്പ് ചിന്തിച്ചിട്ടില്ലാത്ത പുതിയ സാധ്യതകളിലേക്കും കൂടുതല്‍ ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യാനുള്ള വഴികളിലേക്കും നിങ്ങളുടെ മനസ്സ് തുറക്കാന്‍ സഹായിക്കും.
അതിനാല്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്ന് സ്വയം ചോദിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. കൂടാതെ ജീവിതത്തിലെ പ്രധാന തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനു മുമ്പ് എന്തുകൊണ്ട് എന്ന് എപ്പോഴും പരിശോധിക്കുക.

For more simple and practical tips to live better and be happier visit anoop's website:https://www.thesouljam.com


Tags:    

Similar News