മനോവേദന മറികടക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ!

സന്തോഷങ്ങള്‍ പങ്കുവെക്കുകയും സങ്കടങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍ ഇത് നിങ്ങളെ സഹായിക്കും

Update: 2022-04-10 03:12 GMT

ജീവിതത്തില്‍ മിക്കയാളുകളും ചിലപ്പോള്‍ കടുത്ത വൈകാരിക വേദനയുടെ ഘട്ടത്തിലൂടെ കടന്നു പോകാറുണ്ട്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് എല്ലാവരും അവരുടെ വലിയ സന്തോഷങ്ങളുടെ നിമിഷങ്ങള്‍ അതിലൂടെ മറ്റുള്ളവരുമായി പങ്കിടുന്നു. എന്നാല്‍ വേദനകള്‍ ആരോടും പറയാതെ സ്വകാര്യമാക്കി വെക്കുന്നു.

ഇത് വല്ലാത്ത ഒറ്റപ്പെടലിന്റെ അനുഭവം ഉണ്ടാക്കുകയും ഇത്തരം വികാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ തികച്ചും ഒറ്റയ്ക്കാണെന്ന് തോന്നിക്കുകയും ചെയ്യുന്നു.
നമ്മള്‍ കടുത്ത വൈകാരിക വേദനയിലൂടെ കടന്നു പോകുമ്പോഴും നമുക്ക് പ്രശ്നമൊന്നുമില്ലെന്ന് ഭാവിക്കണമെന്നാണ് നമ്മള്‍ സമൂഹത്തില്‍ നിന്ന് പഠിച്ചു വെച്ചിരിക്കുന്നത്. അതിനാല്‍ നമ്മുടെ വികാരങ്ങള്‍ ഏറ്റവും അടുത്തവരില്‍ നിന്ന് പോലും മനഃപൂര്‍വം മറച്ചു വെക്കുന്ന സാഹചര്യം ഉണ്ടാകുന്നു.
നമ്മള്‍ വലിയ മനോവേദനയോ കടുത്ത വിഷാദമോ അനുഭവിക്കുമ്പോള്‍ നമ്മളത് ഉള്ളില്‍ തന്നെ വെക്കുകയും മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്യുന്നത് നെഗറ്റിവിറ്റി മറികടക്കാന്‍ പ്രയാസമുണ്ടാക്കുന്നു.
മറ്റുള്ളവരുമായി (നമ്മുടെ പ്രിയപ്പെട്ടവരോ തെറാപിസ്റ്റോ ആകട്ടെ) പങ്കുവെക്കുന്നതിലൂടെ നമ്മുടെ സാഹചര്യത്തെ മെച്ചപ്പെട്ട കാഴ്ചപ്പാടില്‍ കണ്ട് വൈകാരിക പിന്തുണയും ഉപദേശവും നല്‍കി സഹായിക്കുവാന്‍ അവര്‍ക്ക് കഴിയും. അത് നമ്മുടെ മാനസിക നില മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കും.
ചിലപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നതിലൂടെ നമ്മുടെ നെഞ്ചില്‍ നിന്നൊരു ഭാരം ഒഴിഞ്ഞു പോകുകയും വലിയ ആശ്വാസം ലഭിക്കുകയും ചെയ്യും.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ധനം ദ്വൈവാരികയില്‍ ഞാന്‍ എഴുതിയ ലേഖനം വായിച്ച ഒരാള്‍ എനിക്ക് മെയ്ല്‍ അയച്ചു; അദ്ദേഹം വിഷാദത്തിനടിപ്പെട്ടിരിക്കുകയാണെന്നും ആത്മഹത്യയെ കുറിച്ചു വരെ ചിന്തിക്കുന്നുണ്ടെന്നുമായിരുന്നു അതില്‍.
അദ്ദേഹം ഡോക്ടറെ സമീപിച്ചപ്പോള്‍ ചില മരുന്നുകള്‍ കുറിച്ചു കൊടുത്തെങ്കിലും ആ മരുന്ന് വലിയ ഗുണം ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അറിയാമെങ്കില്‍ മികച്ച മനഃശാസ്ത്രജ്ഞനെ നിര്‍ദേശിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
വായനക്കാരന്റെ അതേ നാട്ടിലെ എന്റെ ഒരു സുഹൃത്തിനോട് അന്വേഷിച്ച് മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രശസ്തമായ വെല്‍നെസ് ക്ലിനിക്കിന്റെ നമ്പര്‍ കണ്ടുപിടിച്ച് ഞാന്‍ അദ്ദേഹത്തിന് നല്‍കി.
പിന്നീട് ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ നിര്‍ദ്ദേശിച്ച ക്ലിനിക്കില്‍ പോയെന്നും അതിലൂടെ ഗുണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ബാഹ്യ സഹായം തേടിയതിലൂടെ, സ്വന്തം ചിന്ത തന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കടുത്ത സമയങ്ങളിലൂടെ കടന്നു പോകുമ്പോള്‍ എന്റെ വികാരങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാന്‍ മടിക്കുന്ന ഒരാളാണ് ഞാനും. സാധാരണ എന്റെ മുഖത്ത് നോക്കി ഉള്ളിലെ വികാരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഞാന്‍ പറഞ്ഞില്ലെങ്കില്‍ ആളുകള്‍ക്ക് സാധാരണയായി എന്റെ മാനസികാവസ്ഥ മനസ്സിലാകുകയുമില്ല.
പക്ഷേ തുറന്നു പറയാനുള്ള പേടിയും മടിയും മറികടന്ന് എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചപ്പോഴെല്ലാം എനിക്ക് ആശ്വാസം തോന്നുകയും എന്റെ സാഹചര്യങ്ങളെ കുറിച്ച് മെച്ചപ്പെട്ട കാഴ്ചപ്പാടോടെ വിലയിരുത്താന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങള്‍ ദുഷ്‌കരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസവും അടുപ്പവുമുള്ള ആളുകളോട് അത് തുറന്നു പറയാനും ദീര്‍ഘ നാളായി എന്തെങ്കിലും പ്രശ്നം അഭിമുഖീകരിച്ചു വരികയാണെങ്കില്‍ ബാഹ്യ സഹായം (തെറാപ്പിസ്റ്റിനെ പോലെ) തേടാനുമാണ് ഞാന്‍ നിര്‍ദേശിക്കുന്നത്.

For more simple and practical tips to live better and be happier visit anoop's website: https://www.thesouljam.com


Tags:    

Similar News