ആളുകളുമായി ഇടപെടുമ്പോൾ ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക

ലോകത്തെ ബെസ്റ്റ് സെല്ലർ പട്ടികയിൽ മുന്നിലുള്ള പുസ്തകത്തിൽ നിന്നുള്ള ഈ മൂന്ന് ആശയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും

Update:2021-07-25 09:04 IST

ഡെയ്ല്‍ കാര്‍നഗിയുടെ 'How to Win Friends and Influence People ' എന്ന പുസ്തകം 1936 ലാണ് പ്രസിദ്ധീകരിച്ചത്.

ലോകമാകമാനം 30 ദശലക്ഷത്തിലേറെ കോപ്പികളാണ് ഇത് വിറ്റഴിക്കപ്പെട്ടത്. ആളുകളുമായി എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച് ലളിതവും പ്രായോഗികവും കാലാതീതവുമായ ഉപദേശങ്ങളാണ് പുസ്തകത്തില്‍. 2011 ല്‍, ടൈം മാഗസിന്‍ തയാറാക്കിയ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പുസ്തകങ്ങളുടെ പട്ടികയില്‍ 19ാം റാങ്ക് ഈ പുസ്തകം നേടി.
ഈ പുസ്തകത്തില്‍ നിന്നുള്ള ലളിതവും ഉപയോഗപ്രദവുമായ മൂന്ന് ആശയങ്ങളാണ് ഞാന്‍ ഈ ലേഖനത്തില്‍ പങ്കുവെക്കുന്നത്. ആളുകളുമായി ഇടപഴകുമ്പോള്‍ ഇവ മനസ്സില്‍ വെക്കുന്നത് നല്ലതാണ്.
വാദപ്രതിവാദങ്ങളിൽ ജയിക്കാനുള്ള ഏകവഴി അതൊഴിവാക്കുക എന്നതാണ്
ഏതെങ്കിലും വിഷയത്തെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ആരെങ്കിലുമായി തര്‍ക്കിച്ചിട്ടുണ്ടോ? തര്‍ക്കം കൂടുന്തോറും എതിരെയുള്ളയാള്‍ കൂടുതല്‍ വാശിയോടെ അവരുടെ വീക്ഷണം മുറുകെ പിടിച്ചിട്ടുണ്ടാകും.
കാര്‍നഗി പറയുന്നു; ' ഒരു വാദത്തില്‍ വിജയിക്കാന്‍ ആകാശത്തിനു കീഴില്‍ ഒരു വഴിയേയുള്ളൂ, അത് തര്‍ക്കം ഒഴിവാക്കുക എന്നതാണ്.' ' ഒരു തെറ്റിദ്ധാരണ ഒരിക്കലും തര്‍ക്കത്തിലൂടെ അവസാനിക്കുന്നില്ല. മറിച്ച് നയതന്ത്രം, അനുരഞ്ജനം, മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ സഹതാപത്തോടെ കൈകാര്യം ചെയ്യല്‍ എന്നിവയിലൂടെ മാത്രമേ അത് സാധ്യമാകൂ.'
മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കണമെന്ന് അദ്ദേഹം പറയുന്നു. 'നിങ്ങള്‍ പറയുന്നത് തെറ്റാണ്' എന്ന് ഒരിക്കലും പറയരുത്. അവര്‍ തെറ്റാണെന്ന് പറയുന്നതിലൂടെ അവരുടെ ബുദ്ധി, ന്യായം, അഭിമാനം എന്നിവയ്ക്ക് പ്രഹരമേല്‍ക്കും. അതവരെ തങ്ങളുടെ ന്യായത്തില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കും.
ആളുകളുടെ പേര് ഉപയോഗിക്കുക
മുഖാമുഖം സംസാരിക്കുമ്പോഴോ ഫോണില്‍ സംസാരിക്കുമ്പോഴോ അല്ലെങ്കില്‍ ഇ മെയ്‌ലിലോ ചാറ്റിലോ ഒരാള്‍ എന്നെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത് എനിക്ക് സന്തോഷം തോന്നിക്കുന്ന കാര്യമാണ്. ഇതിലൂടെ സ്വാഭാവികമായി തന്നെ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായി മാറുകയും എന്നോട് സംസാരിക്കുന്ന ആളോട് കൂടുതല്‍ അടുപ്പം തോന്നുകയും ചെയ്യുന്നു. കാര്‍നഗി പറയുന്നു; ' ലോകത്തിലെ മറ്റെന്തു പേരുകളെക്കാളും ഒരു ശരാശരി മനുഷ്യന് സ്വന്തം പേരിനോട് താല്‍പ്പര്യമുണ്ട്.' ' ആളുകള്‍ അവരുടെ പേരിനെ അളവറ്റ് സ്‌നേഹിക്കുന്നു. അവരുടെ കാലശേഷവും പേര് അവശേഷിപ്പിക്കാന്‍ വലിയ തുക പലരും ചെലവിടുന്നു. ഒരാളുടെ പേര് ഓര്‍മ്മിച്ച് പറയുന്നതിലൂടെ നമ്മള്‍ അവര്‍ക്ക് വലിയ വില കല്‍പ്പിക്കുന്നതായും പ്രാധാന്യം നല്‍കുന്നതായും തോന്നിക്കും. ഏത് ഭാഷയിലായാലും ഒരാളുടെ പേര് അയാള്‍ക്ക് ഏറ്റവും മധുരതരവും പ്രധാനവും ആകുന്നു.'
ഒരാളോട് സംസാരിക്കുമ്പോള്‍ അവരുടെ പേര് പരാമര്‍ശിക്കുന്നത് ലളിതമായ ഉപചാരമാണ്. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇത് പ്രായോഗികമാക്കാനും അത് മറ്റുള്ളവരില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് മനസ്സിലാക്കാനും ശ്രമിക്കുന്നുള്ളൂ.
വിമര്‍ശിക്കുകയോ അപലപിക്കുകയോ പരാതിപ്പെടുകയോ ചെയ്യേണ്ട
ആളുകളുമായി നല്ല രീതിയില്‍ ഇടപെടണമെങ്കില്‍ കാര്‍നഗിയുടെ അഭിപ്രായപ്രകാരം, ' നമ്മള്‍ ഒരിക്കലും മറ്റുള്ളവരെ വിമര്‍ശിക്കുകയോ അപലപിക്കുകയോ പരാതി പറയുകയോ ചെയ്യരുത്. അതൊരിക്കലും നമ്മള്‍ ആഗ്രഹിക്കുന്ന ഫലം നല്‍കില്ല,'
' തെറ്റുകള്‍ അംഗീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നത് മനുഷ്യന്റെ പ്രകൃതമാണ്. ആളുകള്‍ വിമര്‍ശിക്കപ്പെടുമ്പോഴും താഴ്ത്തിക്കെട്ടുമ്പോഴും അപൂര്‍വമായി മാത്രമേ നല്ലരീതിയില്‍ പ്രതികരിക്കാറുള്ളൂ. പലപ്പോഴും വിമര്‍ശിക്കുന്നവരെ പ്രതിരോധിക്കുകയും അവരോട് അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
വിമര്‍ശനം അപകടകരമാണ്. കാരണം, ഇത് ഒരാളുടെ അമൂല്യമായ അഭിമാനത്തെയും, അവന്‍ പ്രധാനിയാണെന്ന ബോധത്തെയും മുറിവേല്‍പ്പിക്കുകയും അവരില്‍ നീരസം ജനിപ്പിക്കുകയും ചെയ്യുന്നു.
ആര്‍ക്കും വിമര്‍ശിക്കാനും അപലപിക്കാനും പരാതി പറയാനും കഴിയും. മിക്ക ആളുകളും അതു ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനുമുള്ള ആത്മനിയന്ത്രണമാണ് വേണ്ടത്. ആളുകളുമായി ഇടപഴകുമ്പോള്‍ ഓര്‍മിക്കുക, യുക്തിയുടെ സൃഷ്ടിയുമായല്ല, മറിച്ച് വികാരത്തിന്റെയും മുന്‍വിധിയുടെയും സൃഷ്ടിയുമായാണ് ഇടപെടുന്നത് . ആത്മാഭിമാനവും പൊങ്ങച്ചവുമൊക്കെയുള്ള ആളുകളാണവർ.l
ഈ നുറുങ്ങകളൊന്നും അസാധാരണമെന്ന് തോന്നിയേക്കില്ല. പക്ഷേ ഇവ നമ്മുടെ നിത്യജീവിതത്തില്‍ പ്രയോഗിക്കുകയാണെങ്കില്‍ വലിയ ഫലം ലഭിക്കും. ആളുകളുമായി ഇടപഴകുമ്പോള്‍ ഇത് പ്രയോഗത്തില്‍ വരുത്തുന്നത് നന്നായിരിക്കും.
For More Simple and Practical Tips to live Better and be Happier Visit Anoop's Blog : https://www.thesouljam.com


Tags:    

Similar News