ടൈം മാനേജ്‌മെന്റ് ഒരു പ്രശ്‌നമാണോ,ഈ ഉള്‍ക്കാഴ്ച നിങ്ങളെ സഹായിക്കും!

ലോകപ്രശസ്ത ടൈം മാനേജ്‌മെന്റ് വിദഗ്ധ വെളിപ്പെടുത്തുന്ന ഒരു സത്യം നിങ്ങളുടെ കണ്ണു തുറപ്പിക്കും

Update: 2021-08-08 03:04 GMT

നിരവധി ടൈം മാനേജ്‌മെന്റ്, പ്രൊഡക്റ്റിവിറ്റി സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവാണ് ലോറ വണ്ടര്‍കാം.

ഏതാനും വര്‍ഷം മുമ്പ് അവര്‍, തിരക്കുള്ള സ്ത്രീകളുടെ 1001 ദിവസത്തെ ജീവിതത്തെ ആസ്പദമാക്കി ടൈം ഡയറി പ്രോജക്റ്റ് തയാറാക്കി. ടൈം മാനേജ്‌മെന്റിനെ കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു അത്. അവരുടെ തന്നെ വാക്കുകളില്‍ അവ ചുവടെ വിവരിക്കുന്നു.
' അവര്‍ (മുകളില്‍ സൂചിപ്പിച്ച സ്ത്രീകള്‍) ജോലി, സ്വന്തം ബിസിനസ്, കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണം, സമൂഹത്തോടുള്ള ബാധ്യത തുടങ്ങി വലിയ തിരക്കുകളുള്ളവരായിരുന്നു.
ഞാന്‍ പഠന വിധേയയാക്കിയ ഒരു സ്ത്രീ, ഒരു ബുധനാഴ്ച രാത്രി എന്തോ ആവശ്യത്തിനായി പുറത്ത് പോകുന്നു. അവര്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് വാട്ടര്‍ ഹീറ്റര്‍ തകര്‍ന്ന് തറ മുഴുവന്‍ വെള്ളം നിറഞ്ഞിരിക്കുന്നതാണ്. പിറ്റേദിവസം അവര്‍ ഒരു പ്ലംബറെ കൊണ്ടു വന്ന് അത് ശരിയാക്കി. അതിനു ശേഷം പ്രൊഫഷണല്‍ ക്ലീനിംഗ് ആളുകള്‍ വന്ന് മോശമായ പരവതാനി നന്നാക്കി. എല്ലാം കഴിഞ്ഞപ്പോഴേക്ക് അവരുടെ ഒരാഴ്ചയിലെ ഏഴു മണിക്കൂര്‍ നഷ്ടമായിരുന്നു. ഏഴു മണിക്കൂര്‍! ദിവസം അധികമായി ഒരു മണിക്കൂര്‍ കണ്ടെത്തുന്നതു പോലെയാണ് അത്.'
ആഴ്ചയുടെ തുടക്കത്തില്‍ അവരോട് നിങ്ങള്‍, ട്രയാത്ത്‌ലോണ്‍ പരിശീലിക്കാന്‍ ഏഴു മണിക്കൂര്‍ കണ്ടെത്താനാവുമോ എന്നോ അനുയോജ്യരായ ഏഴുപേര്‍ക്ക് പരിശീലനവും ഉപദേശവും നല്‍കാന്‍ ഏഴു മണിക്കൂര്‍ മാറ്റിവെക്കാനാകുമോ എന്നോ ചോദിച്ചാല്‍ അവര്‍ ഇല്ല, ഞാന്‍ എത്രമാത്രം തിരക്കിലാണെന്ന് നിങ്ങള്‍ക്ക് അറിഞ്ഞൂടേ എന്ന ഉത്തരമാകും നല്‍കുകയെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്നിട്ടും തറയില്‍ മുഴുവന്‍ വെള്ളമായപ്പോള്‍ അവര്‍ ഏഴു മണിക്കൂര്‍ കണ്ടെത്തി. ഇത് കാണിക്കുന്നത് സമയം ഇലാസ്തികയുള്ളതാണ് എന്നാണ്. നമുക്ക് സമയം സൃഷ്ടിക്കാനാവില്ല. എന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിച്ചാല്‍ അതിനുള്ള സമയം കണ്ടെത്താനാകും.
ടൈം മാനേജ്‌മെന്റിന്റെ അടിസ്ഥാന ഘടകം, തകര്‍ന്ന വാട്ടര്‍ഹീറ്ററിന് നല്‍കിയതു പോലുള്ള പരിഗണന നമ്മുടെ മുന്‍ഗണനാ കാര്യങ്ങള്‍ക്ക് നല്‍കുകയെന്നതാണ്.
എനിക്ക് സമയമില്ല എന്നു പറഞ്ഞാലമുന്‍ഗണ നല്‍കുന്നില്ലെന്ന് അര്‍ത്ഥം
ഇതേകുറിച്ച് ചിന്തിച്ചാല്‍ അതാണ് സത്യമെന്ന് കാണാം. കര്‍ട്ടനിലെ പൊടി നീക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ലെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അത് സത്യമല്ല. നിങ്ങള്‍ കര്‍ട്ടനിലെ പൊടി നീക്കാനായി ഒരു ലക്ഷം ഡോളര്‍ എനിക്ക് വാഗ്ദാനം ചെയ്താല്‍ ഉടനടി ഞാനത് ചെയ്യും. അതിനാല്‍, ഇത് സമയക്കുറവിന്റെ പ്രശ്‌നമല്ല, മറിച്ച്, ഞാനത് ചെയ്യാന്‍ ആഗ്രഹിക്കാത്തതാണെന്ന് സമ്മതിക്കേണ്ടി വരും.
ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്, സമയം എന്നത് ഒരു തെരഞ്ഞെടുപ്പാണ് എന്നാണ്. ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് തെരഞ്ഞെടുക്കേണ്ടത് എന്ന അധികാരം നമുക്കുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് മുന്‍ഗണനകള്‍ എന്തൊക്കെയെന്ന് നിശ്ചയിക്കുകയാണ്.
നമ്മള്‍ പൊതുവേ സമയത്തെ ഒരു പരിമിത വിഭവമായി കാണുന്നില്ല. അതിന്റെ ഫലമായി നമ്മള്‍ പലപ്പോഴും അത് പാഴാക്കുന്നു.
സമയം കൊണ്ട് നിര്‍മിച്ചിരിക്കുകയാണ് നമ്മുടെ ജീവിതം. നിങ്ങള്‍ സമയം പാഴാക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് പാഴാക്കുന്നത്.
നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന പഴകിയ പ്രയോഗം ഓര്‍ക്കുക.
ഇന്നത്തെ ലോകത്ത്, സോഷ്യല്‍ മീഡിയ, യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയിലൂടെ തല്‍ക്ഷണ സംതൃപ്തി ലഭിക്കുന്ന കാര്യങ്ങളില്‍ മുഴുകിയിരിക്കാന്‍ എളുപ്പമാണ്. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സമയമാണ് ഇത്തരത്തില്‍ ചെലവിടുന്നത് എന്നതാണ് പ്രധാനമായ കാര്യം.
നിങ്ങളുടെ പ്രധാനപ്പെട്ട മൂന്ന് മുന്‍ഗണനകള്‍ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മുമ്പ് ഞാന്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നതാണ്. നിങ്ങളുടെ മുന്‍ഗണനകള്‍ അറിഞ്ഞിരുന്നാല്‍ അതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ മനസ്സിനാവും.
ലോറയെ വീണ്ടും ഉദ്ധരിക്കുകയാണെങ്കില്‍, ' പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നമുക്ക് ലഭിച്ച സമയത്തിനുള്ളില്‍ നമുക്ക് വേണ്ട ജീവിതം കെട്ടിപ്പടുക്കാനാകും.'

For Simple and Practical Tips to Live Better and Be Happier, Visit Anoop's website: https://www.thesouljam.com

Tags:    

Similar News