നിങ്ങള്‍ കണ്ടിരിക്കേണ്ട 7 ഡോക്യുമെന്ററികള്‍
നിങ്ങളുടെ മനസ് വികസിപ്പിക്കുകയും സ്വയം ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ ചില ഡോക്യുമെന്ററികളാണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡോക്യുമെന്ററികള്‍ കാണുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ അവ ലഭ്യമായതോടെയാണിത്.
ഡോക്യുമെന്ററികളുടെ വലിയ ആരാധകനാണ് ഞാന്‍. അവയില്‍ പലതും തന്നിലേക്ക് തന്നെ നോക്കാനും ആഴത്തില്‍ ചിന്തിക്കാനും കൂടുതല്‍ അര്‍ത്ഥവത്തായി ജീവിതം നയിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.
നിങ്ങളുടെ മാനസിക വികാസം സാധ്യമാക്കുകയും ഹൃദയം തൊടുകയും ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുകയും നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്തേക്കാവുന്ന ഏതാനും ഡോക്യുമെന്ററികളിതാ...
ലൈഫ് ഇന്‍ എ ഡേ (2010)
192 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ അയച്ചു കൊടുത്ത 4500 മണിക്കൂര്‍ നീളുന്ന വീഡിയോ ഫൂട്ടേജുകളും 80000 വിഡിയോ ക്ലിപ്പുകളും ഉപയോഗിച്ച് ജനകീയ കൂട്ടായ്മ (Crowd - sourced) യില്‍ നിര്‍മിച്ച 90 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് ലൈഫ് ഇന്‍ എ ഡേ. 2010 ജൂലൈ 24ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതില്‍ മുഴുവനും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആ ഒരു ദിവസത്തെ ജീവിതം എങ്ങനെയെന്ന് ഭാവി തലമുറയ്ക്ക് ദൃശ്യമാക്കുന്ന ഡോക്യുമെന്ററിയാണിത്.
ലൈഫ് ഇന്‍ എ ഡേ എന്റെ കണ്ണുകളെ ഈറനണിയിക്കുകയും ചിരിപ്പിക്കുകയും എല്ലാറ്റിനുമുപരി ജീവിച്ചിരിക്കുന്നു എന്നതില്‍ നന്ദിയുള്ളവനായി മാറ്റുകയും ചെയ്തു.
ലോകമെമ്പാടും യാത്ര ചെയ്യാനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ കാണാനും അവരുമായി ബന്ധപ്പെടാനും വ്യത്യസ്ത സംസ്‌കാരങ്ങള്‍ കണ്ടെത്താനുമുള്ള എന്റെ ആഗ്രഹം അത് ശക്തിപ്പെടുത്തി.
അണ്‍റിസര്‍വ്ഡ് (2017)
ഇന്ത്യയിലുടനീളം ട്രെയ്നില്‍ യാത്ര ചെയ്യാനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമായ അണ്‍റിസര്‍വ്ഡ് കോച്ചില്‍ യാത്ര ചെയ്യുന്നവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അഭിപ്രായങ്ങളും കണ്ടെത്തി അവതരിപ്പിക്കുകയാണ് അണ്‍റിസര്‍വ്ഡ്.
ഈ ഡോക്യുമെന്ററി ചിത്രീകരിക്കാനായി ഡയറക്റ്റര്‍ സമര്‍ഥ് മഹാജന്‍ അദ്ദേഹത്തിന്റെ ഛായാഗ്രാഹകനും അസിസ്റ്റന്റ് ഡയറക്ടറുമായി 17 ദിവസം ഇന്ത്യ ചുറ്റി സഞ്ചരിച്ചു. പത്ത് പാസഞ്ചര്‍ ട്രെയ്നുകളിലായി 265 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു ആ യാത്ര.
തികച്ചും ആധികാരികവും അതിശയകരവുമായ സൃഷ്ടിയാണിത്. യാത്രക്കാര്‍ പങ്കിടുന്ന കഥകള്‍ ആകര്‍ഷകവും ഹൃദയസ്പര്‍ശിയുമാണെന്നതിനാല്‍ ഇത് കാണുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.
ട്വിന്‍സ്റ്റേഴ്സ് (2015)
ദക്ഷിണ കൊറിയയില്‍ ജനിച്ച്, ജനന സമയത്ത് തന്നെ വേര്‍പിരിഞ്ഞ, ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ദത്തെടുക്കപ്പെട്ട് ജീവിക്കുകയും പിന്നീട് ഇന്റര്‍നെറ്റിലൂടെ വീണ്ടും പരസ്പരം കണ്ടെത്തുകയും ചെയ്യുന്ന ഇരട്ട സഹോദരികളെ കുറിച്ചുള്ള യഥാര്‍ത്ഥ ജീവിത കഥ ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററിയാണിത്.
ഡോക്യുമെന്ററിയില്‍, ആദ്യമായി അവര്‍ പരസ്പരം കണ്ടുമുട്ടുന്നതും അടുത്ത കുറച്ചു മാസങ്ങളില്‍ അവര്‍ പരസ്പരം അടുത്തറിയുന്നതുമൊക്കെ ചിത്രീകരിച്ചിരിക്കുന്നു. ശരിക്കും സന്തോഷദായകമായ (feel good) ഒരു ഡോക്യുമെന്ററിയാണിത്.
എ മാപ് ഫോര്‍ സാറ്റര്‍ഡേ(2007)
ചലച്ചിത്ര നിര്‍മാതാവ് ബ്രൂക്ക് സില്‍വ ബ്രാഗയുടെ 11 മാസം ലോകം ചുറ്റി നടത്തിയ സോളോ ട്രിപ്പിനെ കുറിച്ചുള്ളതാണ് ഈ ഡോക്യുമെന്ററി. യാത്രയില്‍ അദ്ദേഹം കാണുന്ന മറ്റു സോളോ (ഏകാന്ത) യാത്രികരുടെ അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തി ദീര്‍ഘകാല സോളോ ട്രിപ്പ് എങ്ങനെയിരിക്കുമെന്ന് ഡോക്യുമെന്ററിയിലൂടെ പകര്‍ത്തി വെക്കുന്നു.
യാത്രയുടെയും പുതിയ ആളുകളെ കണ്ടുമുട്ടുന്നതിന്റെയും സന്തോഷം പങ്കുവെക്കുന്ന ഡോക്യുമെന്ററി അതോടൊപ്പം ദീര്‍ഘകാല യാത്രയുടെ ആകര്‍ഷകമല്ലാത്ത 'ഫൈവ് അവര്‍ ഫ്രണ്ട്സ്' (Five hour friends) പോലുള്ള സങ്കല്‍പ്പങ്ങളും തുറന്നു കാട്ടുന്നു.
ഞാന്‍ തനിയെ ഇന്ത്യ ചുറ്റിക്കറങ്ങുമ്പോഴാണ് ഈ ഡോക്യുമെന്റി കണ്ടത്. എന്റെ അനുഭവങ്ങളുമായി ഏറെ സാമ്യം തോന്നിയ ഈ ഡോക്യുമെന്ററി യാത്രാ പ്രേമികളെല്ലാം കണ്ടിരിക്കേണ്ട ഒന്നാണ്.
ദി സീക്രട്ട് (2006)
ഏകദേശം ഒരു പതിറ്റാണ്ടു മുമ്പ് ഈ ഡോക്യുമെന്ററി കണ്ടപ്പോള്‍ എനിക്ക് മുമ്പില്‍ സാധ്യതകളുടെ പുതിയ ലോകം തുറക്കുകയായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള എന്റെ ധാരണ അത് മാറ്റിമറിക്കുകയും ചെയ്തു.
സീക്രട്ട് എന്ന പുസ്തകം ഇന്നും ജനപ്രീതി നേടുന്നുണ്ട്. എന്നാല്‍ 2006 ല്‍ ഇത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു.
ആകര്‍ഷണ നിയമ (Law of attraction)ത്തെകുറിച്ചും നമ്മുടെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും നമ്മുടെ സ്വന്തം യാഥാര്‍ത്ഥ്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നതിനെ കുറിച്ചും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു.
ഈ ഡോക്യുമെന്ററി കണ്ടതിന് ശേഷം, ഇതിന് പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാന്‍ ഞാന്‍ ആകര്‍ഷണ നിയമം പ്രയോഗിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് മുമ്പ് ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. അതിന്റെ ഫലം അത്ഭുതാവഹമായിരുന്നു.
സെഞ്ച്വറി ഓഫ് ദി സെല്‍ഫ് (2002)
സര്‍ക്കാരുകള്‍ക്കും വലിയ സ്ഥാപനങ്ങള്‍ക്കും പൊതുജനത്തിന്റെ പെരുമാറ്റരീതിയെ കൈകാര്യം ചെയ്യുന്നതിനായുള്ള ഉപാധി എന്ന നിലയില്‍ സൈക്കോ അനാലിസിസ് വളര്‍ന്നു വന്നതിനെ കുറിച്ചാണ് ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്. മനഃശാസ്ത്രജ്ഞരായ സിഗ്മണ്ട് ഫ്രോയ്ഡ്, അദ്ദേഹത്തിന്റെ മകള്‍ അന്ന ഫ്രോയ്ഡ്, മരുമകന്‍ എഡ്വേര്‍ഡ് ബര്‍ണേയ്സ് എന്നിവരുടെ പഠനങ്ങളെയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ബഹുജനത്തെ നിയന്ത്രിക്കാന്‍ അധികാരികള്‍ എങ്ങനെ ഫ്രോയ്ഡിന്റെ തത്വങ്ങള്‍ പ്രയോജനപ്പെടുത്തുന്നുവെന്നും എങ്ങനെ അവരുടെ രീതികള്‍ സമകാലിക സമൂഹത്തില്‍ മാര്‍ക്കറ്റിംഗിനെയും ജീവിതരീതിയെയും സ്വാധീനിക്കുന്നുവെന്നും ഡോക്യുമെന്ററി വിശദമാക്കുന്നു. നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കാന്‍ പരസ്യദാതാക്കളും സര്‍ക്കാരുകളും പയറ്റുന്ന വിവിധ തന്ത്രങ്ങളെ കുറിച്ച് സ്വയം ചിന്തിക്കാനും വിവേചിച്ചറിയാനും പ്രോത്സാഹിപ്പിക്കുന്ന മികച്ച ഡോക്യുമെന്ററിയാണിത്.
ലോംഗ് വേ റൗണ്ട് (2004)
അഭിനേതാക്കളായ ഇവാന്‍ മക്ഗ്രെഗറും ചാര്‍ലി ബൂര്‍മാനും ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് 19000 മൈല്‍ (31,000 കിലോമീറ്റര്‍) മോട്ടോര്‍ സൈക്കിളുകളില്‍ നടത്തിയ യാത്ര ചിത്രീകരിക്കുന്ന വളരെ രസകരമായ ഡോക്യുമെന്ററിയാണ് ലോംഗ് വേ റൗണ്ട്.
ഇംഗ്ലണ്ടില്‍ നിന്ന് ആരംഭിച്ച് ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, സ്ലോവാകിയ, യുക്രൈന്‍, റഷ്യ, കസാഖ്സ്ഥാന്‍, മംഗോളിയ, കാനഡ, യുഎസ് എന്നിങ്ങനെ 12 രാജ്യങ്ങളിലൂടെയാണ് ഇവര്‍ യാത്ര ചെയ്യുന്നത്.
ഈ ഡോക്യുമെന്ററി കാണുമ്പോള്‍ നിങ്ങള്‍ക്ക് മോട്ടോര്‍ സൈക്കിളുമായി റോഡിലിറങ്ങാനും അധികമാരും പോയിട്ടില്ലാത്ത ഇടങ്ങളിലേക്ക് പോകാനും ആവേശമുണ്ടാകും.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com