തനിച്ചുള്ള യാത്രകള്‍ ആസ്വാദ്യകരമാക്കാം; ഇതാ അഞ്ചു വഴികള്‍

തനിച്ചുള്ള യാത്രകള്‍ ആസ്വദിക്കാനേ കഴിയില്ല എന്ന് സ്വയം കരുതരുത്. കുറച്ചു ദിവസത്തേക്കെങ്കിലും തനിയെ യാത്ര ചെയ്യാതെ എങ്ങനെ ഉറപ്പിച്ചു പറയാനാകും?

Update:2022-07-31 10:48 IST

തനിച്ചുള്ള യാത്രകളോട് (Solo Travelling) എനിക്കുള്ള അഭിനിവേശം എന്റെ ലേഖനത്തിന്റെ സ്ഥിരം വായനക്കാര്‍ക്ക് അറിയാമായിരിക്കും. ഞാന്‍ വലിയ രീതിയില്‍ ശുപാര്‍ശ ചെയ്യുന്ന കാര്യമാണിത്.

തനിച്ചുള്ള യാത്രകള്‍ മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം സ്വയം തിരിച്ചറിയുന്നതിനും സാമൂഹ്യപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല, മെച്ചപ്പെട്ട രീതിയില്‍ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന് ഉള്‍പ്പടെ നിരവധി ഗുണങ്ങള്‍ വേറേയുമുണ്ട്.
തനിച്ചുള്ള യാത്രകള്‍ ആസ്വദിക്കാനേ കഴിയില്ല എന്നാണ് എന്റെ പല സുഹൃത്തുക്കളും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ ഏതാനും ദിവസത്തേക്കെങ്കിലും ഏകാന്ത യാത്ര നടത്താതെ നിങ്ങള്‍ക്ക് അതിനെ കുറിച്ച് അറിയാനാവില്ലെന്ന് ഞാന്‍ അവരോട് എപ്പോഴും പറയാറുണ്ട്.
സോളോ ട്രാവലിംഗ് എന്റെ ജീവിതത്തെ മാറ്റിമറിച്ചു, ജീവിതത്തിലെ പ്രിയപ്പെട്ട ചില ഓര്‍മകള്‍ എനിക്ക് സമ്മാനിച്ചു, വളരെ രസികരായ പല ആളുകളെയും ഈ യാത്രകളിലൂടെ ഞാന്‍ പരിചയപ്പെട്ടു.
ഒറ്റയ്ക്കുള്ള യാത്ര ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിലൂടെ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
1. ബാക്ക് പായ്ക്കര്‍ സൗഹൃദമായ സ്ഥലം തെരഞ്ഞെടുക്കുക.
നിങ്ങള്‍ ആദ്യമായാണ് സോളോ ട്രിപ്പ് നടത്തുന്നതെങ്കില്‍ കൂടുതലാളുകള്‍ പോകാത്ത സ്ഥലത്തിനു പകരം ബാക്ക് പായ്ക്കര്‍ സഞ്ചാരികള്‍ കൂടുതല്‍ പോകാറുള്ള സ്ഥലം തെരഞ്ഞെടുക്കുന്നത് എളുപ്പവും കൂടുതല്‍ ആസ്വാദ്യകരവുമായിരിക്കും. ഈ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ എളുപ്പമാണെന്ന് മാത്രമല്ല നിങ്ങള്‍ക്ക് മറ്റു നിരവധി സഞ്ചാരികളെ കണ്ടുമുട്ടാനും കഴിയും.
എന്റെ മൂന്നു മാസത്തെ തനിച്ചുള്ള ഇന്ത്യാ സഞ്ചാരത്തിനിടയില്‍ സാധാരണ ഗതിയില്‍ കൂടുതല്‍ സഞ്ചാരികളെത്താത്ത രാജസ്ഥാനിലെ ബുണ്ടി, ചിറ്റോര്‍ഗഡ് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നല്ല സ്ഥലങ്ങളായിരുന്നു അവ. എന്നാല്‍ സഞ്ചാരികള്‍ കുറവായതിനാല്‍ കമ്പനി കൂടാന്‍ ആളില്ലാതെ ഏകാന്തത അനുഭവപ്പെട്ടിരുന്നു. ഞാന്‍ സന്ദര്‍ശിച്ചിരുന്ന മറ്റ് ബാക്ക് പായ്ക്കര്‍ സൗഹൃദ സ്ഥലങ്ങളില്‍ ആളുകളെ കണ്ടെത്താനും സൗഹൃദം നേടാനും എളുപ്പമായിരുന്നു.
2. ഒരു ഹോസ്റ്റലില്‍ താമസിക്കുക
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ഞാന്‍ ബാക്ക് പായ്ക്കര്‍ ഹോസ്റ്റലുകളിലും ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിച്ചിട്ടുണ്ട്. ബാക്ക് പായ്ക്കര്‍ ഹോസ്റ്റലുകലില്‍ താമസിക്കുന്നത് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ തനിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ അതാണ് ശുപാര്‍ശ ചെയ്യുന്നത്.
ബാക്ക് പായ്ക്കര്‍ ഹോസ്റ്റലുകള്‍ കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള താമസ സൗകര്യം നല്‍കുന്നു. കൂടാതെ മറ്റ് നിരവധി യാത്രികരെ പ്രത്യേകിച്ച് തനിച്ച് യാത്രചെയ്യുന്നവരെ പരിചയപ്പെടാനുള്ള അവസരവും അത് നിങ്ങള്‍ക്ക് നല്‍കും.
ട്രെക്കിംഗ്, സംഘം ചേര്‍ന്നുള്ള നടത്തം, ചങ്ങാടത്തിലുള്ള യാത്ര(റാഫ്റ്റിംഗ്), നഗരകാഴ്ചകള്‍ കാണുന്നതിനുള്ള യാത്രകള്‍ തുടങ്ങിയ ഗ്രൂപ്പ് ആക്ടിവിറ്റികളിലൂടെ സുഹൃത്തുക്കളെ നേടാനുള്ള അവസരം ഇത്തരം ഹോസ്റ്റലുകള്‍ നല്‍കുന്നു.
ഹോസ്റ്റലുകളില്‍ നിങ്ങള്‍ കാണുന്ന ആളുകള്‍ തുറന്ന മനസ്സുള്ളവരും സഹൃദയരുമായിരിക്കും. അവര്‍ക്ക് രസകരമായ പല കഥകളും അനുഭവങ്ങളും പങ്കുവെക്കാനുമുണ്ടാകും.
ഋഷികേശിലേക്കുള്ള എന്റെ ആദ്യത്തെ സോളോ ട്രിപ്പില്‍ ഹോസ്റ്റലില്‍ കണ്ടുമുട്ടിയ ആളുകളും അവരില്‍ നിന്ന് കേട്ട കഥകളുമാണ് എന്റെ മൂന്നു മാസത്തെ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് പ്രേരണയായത്.
3. ഫ്‌ളെക്‌സിബ്ള്‍ ആയിരിക്കുക
നിങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ചും ഒറ്റയ്ക്ക് ദീര്‍ഘനാളത്തേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ആസൂത്രണം ചെയ്യാതിരിക്കുക. താമസവും യാത്രയും എല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്യാതിരിക്കുകയുമാണ് നല്ലത്.
യാത്രയ്ക്കായി നിശ്ചിത യാത്രാപദ്ധതി തയാറാക്കേണ്ട. അത് സ്വാഭാവികമായി സംഭവിക്കട്ടെ. കാരണം, യാത്രയില്‍ ആരെയെങ്കിലും കൂട്ട് ലഭിക്കുകയാണെങ്കിലോ അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോഴോ യാത്രാ പദ്ധതികള്‍ പെട്ടെന്ന് മാറ്റാന്‍ കഴിയും.
ഏതു ദിവസവും എന്തും സംഭവിക്കാം എന്ന തോന്നല്‍ സോളോ ട്രാവലിംഗ് ആവേശകരമാക്കുന്നു. എന്നാല്‍ കൃത്യമായ ആസൂത്രണം ചെയ്ത് അതില്‍ മുറുകെ പിടിക്കുകയാണെങ്കില്‍ അസാധാരണമായ അനുഭവങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നു.
4. സ്വയം വ്യാപൃതനായിരിക്കാന്‍ പഠിക്കുക
നിങ്ങള്‍ ഒറ്റയ്ക്ക് ദീര്‍ഘനേരം യാത്രചെയ്യേണ്ടി വന്നേക്കാം. മണിക്കൂറുകളോളം വാഹനത്തിനായി കാത്തിരിക്കേണ്ടി വന്നേക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഒരു വിദേശ രാജ്യത്ത് ആയിരിക്കുകയും ഭാഷാ പ്രശ്‌നം കാരണം കൂട്ടിന് ആരും ഉണ്ടാകാത്ത സ്ഥിതിയും വന്നേക്കാം.
അതിനാല്‍ പുറത്തു നിന്നുള്ള ഇത്തരം ഘടകങ്ങള്‍ നിങ്ങളുടെ മൂഡ് കളയാതിരിക്കാന്‍ യാത്രക്കിടെ ഇടപഴകാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുന്നത് സഹായിക്കും. ഞാന്‍ വായനയും ധ്യാനവും(Meditation), ജേര്‍ണലിങ്ങും ഇഷ്ടപ്പെടുന്നു. എന്നെ ശാന്തനാക്കാനും എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തം കൂട്ട് തന്നെ ആസ്വദിക്കാനും ഈ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.
ബോണസ് ടിപ്പ്: നിങ്ങളുടെ സംഗീത ഉപകരണം കൈയില്‍ കരുതുക
ഇത് എല്ലാവര്‍ക്കും ബാധകമല്ല. എന്നാല്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ഗിറ്റാര്‍, യൂക്കലേലി പോലുള്ള ഉപകരണങ്ങള്‍ വായിക്കുന്നയാളാണ് നിങ്ങളെങ്കില്‍ യാത്രയില്‍ കൂടെ കരുതുന്നത് നല്ലതാണ്.
ഋഷികേശിലേക്കുള്ള എന്റെ തനിച്ചുള്ള യാത്രയില്‍ ഞാന്‍ എന്റെ ഗിറ്റാറും കൈയില്‍ കരുതിയിരുന്നു. ട്രെയ്‌നില്‍ കണ്ടുമുട്ടിയ മറ്റൊരു ഗിറ്റാറിസ്റ്റിനൊപ്പം ഏറെ നേരം അത് വായിച്ച് ആസ്വദിച്ചു.
പരസ്പരം സംസാരിക്കുന്നതിന് മികച്ചൊരു തുടക്കമായി അത് മാറി. പല ആളുകളും എന്റെ കൈയില്‍ ഗിറ്റാര്‍ കണ്ടതിനെ തുടര്‍ന്ന് സംസാരത്തിന് മുന്‍കൈയെടുത്തു.
5. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കുക
ഏകാന്തയാത്രകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ നാട്ടുകാരോടും മറ്റു യാത്രികരോടും സംസാരിക്കാന്‍ മുന്‍കൈയെടുക്കുക. ചെറിയൊരു പുഞ്ചിരി നിങ്ങളെ മറ്റുള്ളവര്‍ക്ക് സമീപിക്കാവുന്നവരാക്കി മാറ്റും. പുതിയതും രസികരുമായ ധാരാളം ആളുകളെ കണ്ടുമുട്ടാനുള്ള അവസരമാണ് തനിച്ചുള്ള യാത്രയില്‍ ഞാന്‍ വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്നത്.
നിങ്ങള്‍ ലജ്ജാലുവോ അന്തര്‍മുഖനോ ആയതിനാല്‍ മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയില്ലെന്ന് സ്വയം വിശ്വസിക്കരുത്.
പുതിയ ആളുകളുമായി ഇടപെടാന്‍ മടിയും ലജ്ജയുമുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോഴുള്ള എന്റെ അനുഭവങ്ങള്‍ പുതിയ ഒരാളെ കാണുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഒരാളാക്കി എന്നെ മാറ്റി.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com



Tags:    

Similar News