ഈ ലേഖനം നിങ്ങളെ സന്തോഷിപ്പിക്കും!
നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്താം, ഈ വിദ്യയിലൂടെ
നമ്മളില്‍ പലരും സാധാരണ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള തിരക്കിലാണ്. പലപ്പോഴും വേഗതയൊന്ന് കുറയ്ക്കാനോ നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ ആസ്വദിക്കാനോ കഴിയാറില്ല എന്നതാണ് വാസ്തവം.
ആദ്യമേ തന്നെ പറയട്ടെ, ഈ ലേഖനത്തിന്റെ തലക്കെട്ടില്‍ പറഞ്ഞിരിക്കുന്നതു പോലെ നിങ്ങളെ സന്തോഷിപ്പിക്കാനോ നിങ്ങളില്‍ പുഞ്ചിരി വിടര്‍ത്താനോ നിങ്ങളുടെ സഹകരണമില്ലാതെ എനിക്കാകില്ല.
ഞാന്‍ പറയുന്ന കാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് മടി തോന്നിയേക്കാം. എന്നാല്‍ സങ്കീര്‍ണമായ ഒന്നല്ല അത്. ആകെ ചെയ്യേണ്ടത് അല്‍പ്പം സമയമെടുത്ത് ഒന്ന് ചിന്തിക്കുക എന്നതാണ്.
അതുകൊണ്ട് ഒരു ദീര്‍ഘ ശ്വാസമെടുത്ത് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. തിരക്കു കൂട്ടേണ്ട കാര്യമില്ല. ഒരു പക്ഷേ, ഇത് വായിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ഒരു ബുക്കില്‍ കുറിച്ചിടുന്നത് കൂടുതല്‍ ആസ്വാദ്യകരമായി തോന്നാം. എന്നാല്‍ നമുക്ക് തുടങ്ങാം.
ആരെങ്കിലും നിങ്ങളെ കുറിച്ച് പറഞ്ഞ ഏറ്റവും നല്ല കാര്യം എന്താണ്? അത് കേട്ടപ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നി?
നിങ്ങളുടെ കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഓര്‍മ എന്താണ്?
നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം എന്താണ്?
നിങ്ങളുടെ സ്‌കൂള്‍/കോളെജ് കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഓര്‍മ എന്താണ്?
നിങ്ങള്‍ ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശയായ കാര്യം എന്താണ്?
ആരെങ്കിലും നിങ്ങള്‍ക്കു വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം എന്താണ്?
നിങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടം എന്താണ്?
നിങ്ങള്‍ക്ക് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ സമാധാനം തോന്നിയത് എപ്പോഴാണ്?
നിങ്ങള്‍ ജീവിതത്തില്‍ ഏറ്റവും നന്ദിയോടെ ഓര്‍ക്കുന്ന കാര്യം എന്താണ്?
സമയമെടുത്ത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിച്ചെങ്കില്‍ ഇത് വായിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ നിങ്ങളുടെ മൂഡ് മെച്ചപ്പെട്ടിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.
ഒരു നിമിഷത്തെ വികാരത്തെ തൊട്ടടുത്ത നിമിഷം മാറ്റിമറിക്കാന്‍ മാത്രം ശക്തമാണ് നമ്മുടെ ഭാവന. അതുകൊണ്ടാണ് മഹാന്മാരായ എഴുത്തുകാര്‍ക്ക് ഏതാനും വരികളിലൂടെ തന്നെ നിങ്ങളില്‍ സന്തോഷവും ആവേശവും, രോമാഞ്ചവും, ദേഷ്യവും നിരാശയുമെല്ലാം അനുഭവിപ്പിക്കാനാകുന്നത്.
മിക്ക സമയവും നമ്മുടെ മനസ്സ് 'ഒട്ടോപൈലറ്റ്' മോഡിലാവുകയും അസുഖകരമായ കാര്യങ്ങളിലേക്ക് ഭാവന തിരിയുകയും ആവശ്യമില്ലാതെ വിഷമിക്കുകയും ചെയ്യുന്നു.
നമുക്ക് എന്തെങ്കിലും മോശമായി അനുഭവപ്പെടുമ്പോള്‍ മറ്റുള്ളവരെയോ ബാഹ്യ സംഭവങ്ങളെയോ കുറ്റപ്പെടുത്തുകയാണ് പതിവ്. എന്നാല്‍ മറ്റെന്ത് കാരണത്തേക്കാളും നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ നമുക്കാവാത്തതാണ് കഷ്ടപ്പാടുകള്‍ക്ക് കാരണമെന്നതാണ് സത്യം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സന്തോഷവാന്മാരായിരിക്കാന്‍ നിങ്ങള്‍ക്ക് മനസ്സിന്മേല്‍ ബോധപൂര്‍വമായ നിയന്ത്രണം ഉണ്ടാവേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല. (മനസ്സിന്മേല്‍ നിയന്ത്രണം ലഭിക്കാന്‍ ദിവസവും മെഡിറ്റേഷന്‍ ചെയ്യുന്നത് ഗുണം ചെയ്യും)
മിക്കപ്പോഴും നമ്മള്‍ അറിഞ്ഞും അറിയാതെയും മനസ്സിനകത്ത് ഒരു ആത്മ സംഭാഷണം നടക്കുന്നുണ്ട്. ആ നിമിഷത്തില്‍ നമുക്ക് എങ്ങനെ അനുഭവപ്പെടണം എന്ന് തീരുമാനിക്കുന്നത് അതാണ്. നിങ്ങളുടെ മനസ്സില്‍ അസുഖകരമായ ചിന്തകള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടാല്‍, മനസ്സ് കേന്ദ്രീകരിക്കുന്ന കാര്യങ്ങള്‍ മാറ്റുന്നതിലൂടെ നിങ്ങളുടെ ഉള്ളിലെ ഫീലിംഗ് മാറ്റാനാകും.
For more simple and practical tips to live better and be happier visit Anoop's blog : https://www.thesouljam.com