ഇങ്ങനെയാണ് നിങ്ങൾ സന്തോഷം മാറ്റിവെക്കുന്നത്!

എല്ലാവരും സന്തോഷത്തിന് വേണ്ടിയുള്ള നിരന്തര ഓട്ടത്തിലാണെങ്കിലും പലപ്പോഴും അത് അനുഭവിക്കാൻ സാധിക്കാത്തത് എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

Update:2021-06-27 10:00 IST

പാട്ടു പാടുന്നത് കുട്ടിക്കാലം മുതലേ എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ ഏകദേശം 30 പേരുടെ മുന്നില്‍ ഒരു ചടങ്ങില്‍ ഞാന്‍ പാടിയതോര്‍ക്കുന്നു.(പാടുക എന്നാല്‍ വലിയ പാട്ടൊന്നുമല്ല കേട്ടോ, എനിക്കറിയാവുന്ന വിധത്തില്‍ വരികളൊക്കെ ഒപ്പിച്ച് നല്ല ഒച്ചത്തില്‍ കാച്ചിവിട്ടു.)

പക്ഷേ വളര്‍ന്നപ്പോള്‍ എന്തോ ഒരു മാറ്റം വന്നു. ആളുകളുടെ മുമ്പില്‍ പാടുന്നതിന് നാണം തോന്നി. പാട്ടെല്ലാം കുളിമുറിയില്‍ മാത്രമായി.
ഒടുവില്‍ ഒന്നര ദശാബ്ദത്തിനു ശേഷം, ഗിത്താര്‍ പഠിച്ചു തുടങ്ങിയതോടെ കുളിമുറിയുടെ പുറത്തും കൂടുതല്‍ പാടിത്തുടങ്ങി.
എന്നിരുന്നാലും കുളിമുറിയിലെ ആലാപനം പതിവ് പോലെ തുടര്‍ന്നു. ഒരു റസ്‌റ്റൊറന്റിലെ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഞാന്‍ പാടുന്നതിനെ കുറിച്ച് ഇടയ്ക്കിടെ സ്വപ്‌നം കാണുകയും അത് എത്ര രസമായിരിക്കുമെന്ന് ചിന്തിക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു. കഴിഞ്ഞ വര്‍ഷം എന്റെ സ്വപ്‌നം പൂവണിഞ്ഞു. ഞാനും എന്റെ അടുത്ത സുഹൃത്തും കൂടി വാലന്റൈന്‍സ് ഡേയില്‍ ഒരു റസ്റ്റൊറന്റില്‍ പാടി.
ഞങ്ങളുടെ ആ പരിപാടി ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. എന്റെ സുഹൃത്തിനൊപ്പം, എനിക്കേറെ ഇഷ്ടപ്പെട്ട ഏതാനും ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. ഞങ്ങളുടെ പ്രകടനത്തില്‍ റസ്റ്റൊറന്റ് ഉടമയും ഏറെ സംതൃപ്തയായിരുന്നു.
പക്ഷേ വര്‍ഷങ്ങളായി ഞാന്‍ കണ്ട ഒരു സ്വപനം നിറവേറിയെങ്കിലും എന്റെ ആ ദിവസത്തെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ പാടിയതിനെ കുറിച്ചോ പെര്‍ഫോമന്‍സിനെ കുറിച്ചോ ആയിരുന്നില്ല.
ഞങ്ങളുടെ പെര്‍ഫോമന്‍സ് കഴിഞ്ഞതിനു ശേഷം ഞാനും സുഹൃത്തും കൂടി അടുത്തുള്ള കഫെയില്‍ ഐസ്‌ക്രീം കഴിക്കാനായി പോയി. ഞങ്ങള്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഏകദേശം മൂന്നു വയസ്സുള്ള ഒരു സുന്ദരിക്കുട്ടി ചിരിച്ചു കളിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു.
നല്ല സംഗീതം ആസ്വദിച്ച്, ആ പെണ്‍കുട്ടിയുടെ ആകര്‍ഷകമായ കളികള്‍ കണ്ടുകൊണ്ട് സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നത് വലിയ സന്തോഷം നൽകി.
ചിലപ്പോള്‍ നമ്മള്‍ സ്വപ്‌ന സാക്ഷാത്കാരത്തില്‍ നിന്ന് ലഭിക്കുന്ന സന്തോഷം വളരെ വലുതായിരിക്കുമെന്നും ചെറിയ കാര്യങ്ങളിലെ സന്തോഷം ചെറുതായിരിക്കുമെന്നും തെറ്റായി വിലയിരുത്താറുണ്ട്. എനിക്കും പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
പ്രകൃതി മനോഹരമായ വടക്കേയിന്ത്യന്‍ സംസ്ഥാനം, ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കണമെന്ന് ഞാന്‍ തീരുമാനിച്ച ദിവസം ഇന്നും ഓര്‍മയുണ്ട്.
ഞാന്‍ ഋഷികേശില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ബാക്ക്പാക്കര്‍ ഹോസ്റ്റലില്‍ കണ്ട ഒരാള്‍ ഹിമാചലിലെ പാരാഗ്ലൈഡിംഗ് അനുഭവത്തെ കുറിച്ച് എന്നോട് പറഞ്ഞു. അതിന്റെ വീഡിയോയും അദ്ദേഹം കാണിച്ചു. ഹോ! എത്ര വിസ്മയകരമാണത് എന്ന് ഞാന്‍ ഓര്‍ത്തു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഹിമാചലില്‍ പോയപ്പോള്‍ പാരാഗ്ലൈഡിംഗ് എന്ന സ്വപ്‌നം നിറവേറ്റി.
പക്ഷേ സത്യം പറയട്ടെ, ഞാന്‍ സങ്കല്‍പ്പിച്ചതു പോലെ ആയിരുന്നില്ല അത്. ഞാന്‍ വിചാരിച്ചത്ര ആവേശമോ കോരിത്തരിപ്പോ അതുണ്ടാക്കിയില്ല. (ഒരു പക്ഷേ എന്റെ കോ പൈലറ്റ് മദ്യപിച്ചിരുന്നത് കൊണ്ടാകാം. അത് മറ്റൊരു കഥ).
പകരം, ഞാന്‍ പാരാഗ്ലൈഡിംഗ് ചെയ്ത ദിവസം കൂടുതല്‍ ഹൃദ്യമായ രണ്ടു സംഭവങ്ങള്‍, ഒരു ചെറിയ റസ്‌റ്റൊറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് മുറി ഹിന്ദിയില്‍ റസ്‌റ്റൊറന്റ് ഉടമയോട് സംസാരിച്ചതും പൗലോ കൊയ്‌ലോയുടെ ഹിപ്പി എന്ന പുസ്തകത്തിന്റെ ഏതാനും അധ്യായങ്ങള്‍ വായിച്ചതുമാണ്.
നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളെ വിലമതിക്കുന്നതില്‍ നമ്മളില്‍ പലരും പരാജയപ്പെടുന്നു. കാരണം, 'പ്രത്യേകമായ' എന്തെങ്കിലും തേടാനാണ് നമ്മുടെയെല്ലാം ശ്രമം. നമ്മുടെ ജീവിതത്തില്‍ നിലവില്‍ ഉള്ളതിനെ നിസാരമായി കാണുകയും അവസാനം എന്തെങ്കിലും ആകുന്നതു /ചെയ്യുന്നതു /ഉണ്ടാകുന്നതു വരെ സന്തോഷം മാറ്റിവെക്കുകയും ചെയ്യുന്നു.
പക്ഷേ, നമ്മുടെ ജീവിതം സന്തോഷ പൂര്‍ണമാക്കാനുള്ള കൂടുതല്‍ വഴികളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സന്തോഷം, ഭാവിയില്‍ എന്തെങ്കിലും 'സ്‌പെഷ്യല്‍' ആയി സംഭവിക്കുന്നതു വരെ മാറ്റിവെക്കുന്നതിന് പകരം, ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിലൂടെ ഓരോ ദിവസവും സന്തോഷപ്രദമാക്കി മാറ്റാനാവും.
പ്രിയപ്പെട്ടവരുമായി സംസാരിച്ചിരിക്കുന്നതായാലും നല്ലൊരു പാട്ട് കേള്‍ക്കുന്നതായാലും രുചികരമായ ഭക്ഷണം കഴിക്കുന്നതായാലും നമ്മള്‍ തീരുമാനിക്കുകയാണെങ്കില്‍ ഓരോ ദിവസവും ആഘോഷിക്കാനും നന്ദി പറയാനും ഒട്ടേറെ കാര്യങ്ങളുണ്ട്.

To Read More Articles by Anoop click on the link belowhttps://www.thesouljam.com



Tags:    

Similar News