വാറന്‍ ബഫറ്റ് പറയുന്നു, നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും മികച്ച നിക്ഷേപം ഇതാണ്

ഈ നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും

Update:2022-09-04 09:40 IST

ഒമാഹയിലെ ഓറാക്ക്ള്‍ എന്നറിയപ്പെടുന്ന വാറന്‍ ബഫറ്റ് ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഓഹരി വിപണി നിക്ഷേപകനാണ്. ഒരു അഭിമുഖത്തിനിടെ, ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. മൂലധന വിപണിയില്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ച ഒന്നുമായിരുന്നില്ല ബഫറ്റിന്റെ മറുപടി. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ' ആത്യന്തികമായി മറ്റെന്തിനെയും മറികടക്കുന്ന ഒരു നിക്ഷേപമുണ്ട്: നിങ്ങളില്‍ തന്നെ നിക്ഷേപിക്കുക. മറ്റാര്‍ക്കും അപഹരിക്കാന്‍ കഴിയാത്തതാണ് അത്. ഇതു വരെ ഉപയോഗിക്കപ്പെടാതെ ഉള്ളില്‍ കിടക്കുന്ന സാധ്യതകള്‍ ഓരോരുത്തരിലുമുണ്ട്.

(നിങ്ങളില്‍ തന്നെ നിക്ഷേപിക്കുന്നതിലൂടെ) കൂടുതല്‍ മികച്ച ജീവിതം നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് കൂടുതല്‍ പണം സമ്പാദിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു. നിങ്ങള്‍ കൂടുതല്‍ നല്ല വ്യക്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ സുഹൃത്തുക്കളെ ലഭിക്കും. അതതിനാല്‍ നിങ്ങളില്‍ തന്നെ നിക്ഷേപിക്കുക.'
വാറന്‍ ബഫറ്റ് യുവാവായിരുന്നപ്പോള്‍ പൊതുവേദികളില്‍ സംസാരിക്കാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. അത്തരം സാഹചര്യങ്ങള്‍ അദ്ദേഹത്തെ ശാരീരികമായി രോഗിയാക്കിയിരുന്നു. ഭയത്താല്‍ അദ്ദേഹത്തിന് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നു. പൊതുവേദികളില്‍ സംസാരിക്കാനുള്ള ഈ ഭയം കാരണം, മുഴുവന്‍ ക്ലാസിനോടും സംസാരിക്കേണ്ട ആവശ്യമില്ലാത്ത കോഴ്‌സുകളാണ് കോളെജില്‍ അദ്ദേഹം മനഃപൂര്‍വം തെരഞ്ഞെടുത്തിരുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അദ്ദേഹത്തിന് സ്വന്തം പേര് പറയാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.
തന്റെ പേടി മാറ്റുന്നതിനായി അദ്ദേഹം നൂറ് ഡോളറിന്റെ ഡെയ്ല്‍ കാനഗി പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചു. കോഴ്‌സില്‍ പങ്കെടുത്തത് തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും തുടര്‍ന്നുള്ള വിജയത്തില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. ' ഞാന്‍ അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു.'
അതുകൊണ്ട് നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്വയം നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗമായി നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഒരു പക്ഷേ നിങ്ങള്‍ക്ക് കൂടുതല്‍ സമയം യാത്ര ചെയ്യാനും വായിക്കാനും യോഗ പരിശീലിക്കാനും ധ്യാനം (Meditation) നടത്താനും ദിവസേനയുള്ള നടത്തത്തിനും ജേര്‍ണലിംഗിനും പുതിയ ഭാഷയോ വൈദഗ്ധ്യമോ സ്വായത്തമാക്കാനും അല്ലെങ്കില്‍ വാറന്‍ ബഫറ്റ്‌റ് ചെയ്തതു പോലെ പുതിയ കോഴ്‌സില്‍ ചേരാനും കഴിയും.
ശാന്തമായി ഇരുന്ന് ഈ ചോദ്യത്തെ കുറിച്ച് ആലോചിക്കാനും അപ്പോള്‍ ലഭിക്കുന്ന ഉത്തരത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com



Tags:    

Similar News