Soul Sunday - സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ ഗോവയില്‍ കണ്ടുമുട്ടിയ ദിവസം!

മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ഞാന്‍ പഠിച്ച പാഠം

Update:2022-05-08 09:00 IST

Wikimedia Commons

പൂനെയില്‍ കോളെജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരോടൊപ്പം ഗോവയ്ക്ക് പോകുക എന്നത് എന്റെ ഒരു സ്വപ്‌നമായിരുന്നു.

'ലാസ്റ്റ് ഹിപ്പി സ്റ്റാന്‍ഡിംഗ്' എന്ന കൗതുകമുണര്‍ത്തുന്ന ഡോക്യുമെന്ററി കണ്ടതിനു ശേഷമാണ് അവിടെ പോകാനുള്ള എന്റെ ആഗ്രഹം തീവ്രമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിപ്പികളുടെ കേന്ദ്രമായി ഗോവ മാറിയ, 60 കളുടെ അവസാനം മുതല്‍ 2000 വരെയുള്ള ഗോവയിലെ ജീവിതത്തെ കുറിച്ചായിരുന്നു അത്.
ഒടുവില്‍, കോളെജിലെ എന്റെ അവസാന സെമസ്റ്ററില്‍ ഗോവയിലേക്കുള്ള യാത്ര യാഥാര്‍ത്ഥ്യമായി. എന്റെ സുഹൃത്തുക്കളിലൊരാള്‍ മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകന്റെ മകനാണ്. അവന്റെ അച്ഛന്‍ ഒരു സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിലായിരുന്നു. അതുകൊണ്ട് അടുത്ത ദിവസം തന്നെ എല്ലാവര്‍ക്കും ഗോവയിലേക്ക് പുറപ്പെടാം എന്ന് സുഹൃത്ത് പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ രാത്രി ബസില്‍ ഗോവയ്ക്ക് പുറപ്പെട്ടു. രാവിലെ അവിടെയെത്തി, ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെയെത്തിയ ഞങ്ങള്‍, മമ്മൂട്ടി ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനൊപ്പം സെറ്റില്‍ ഇരിക്കുന്നത് കണ്ടു. സുഹൃത്തിന്റെ അച്ഛന്‍ ഞങ്ങളോട് (ഞാനും സുഹൃത്തുക്കളും) അടുത്തേക്ക് വരാന്‍ ആംഗ്യം കാട്ടി.
മമ്മൂട്ടി ഞങ്ങളോട് കുറച്ചു നേരം സംസാരിച്ചു. ഏതാനും ചോദ്യങ്ങള്‍ ചോദിച്ചു. ഞങ്ങളെ കുറിച്ചുള്ള കുറച്ചു കാര്യങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം നല്ല മൂഡിലാണെന്നും ഞങ്ങള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടെന്നും തോന്നി.
മുമ്പെങ്ങോ കണ്ടിട്ടുണ്ടെന്നതു പോലെ എന്റെ മുഖം പരിചിതമാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞങ്ങള്‍ കേരളത്തില്‍ ഒരേ സ്ഥലത്താണ് താമസം. അതുകൊണ്ടു ചിലപ്പോള്‍ കണ്ടിരിക്കാം. എന്നാല്‍ അതിന് സാധ്യതയുണ്ടോ എന്നു ഞാന്‍ സംശയിച്ചു. കാരണം ഞാന്‍ അദ്ദേഹത്തെ അടുത്തു കാണുന്നത് ആദ്യമായിട്ടായിരുന്നു.
അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കണമെന്നൊന്നും ആവശ്യപ്പെട്ടില്ല. അതില്‍ ഇപ്പോള്‍ ഖേദവുമില്ല.
എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ലഭിച്ചിട്ടും വിനിയോഗിക്കാത്തതില്‍ നഷ്ടബോധം തോന്നുന്നുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളോട് ചോദ്യങ്ങള്‍ ചോദിക്കാനും ഇടപഴകാനുമുള്ള അവസരം എല്ലായ്‌പ്പോഴും ലഭിക്കുകയില്ലല്ലോ. താരാരാധന ഉള്ള ഒരാളല്ല ഞാന്‍. മമ്മൂട്ടിയെ കണ്ടപ്പോഴും അതില്‍ മാറ്റമൊന്നുമുണ്ടായില്ല. പക്ഷേ അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വളരെ സെല്‍ഫ് കോണ്‍ഷ്യസ് ആയിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചാല്‍ വിഡ്ഢിത്തമാകുമോ എന്ന് കരുതി അധികമൊന്നും ചോദിച്ചതുമില്ല.
അറിയപ്പെടുന്ന വ്യക്തികളെയും വലിയ നേട്ടം കൈവരിച്ചവരെയും ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും പലപ്പോഴും അവരെ സാധാരണ മനുഷ്യരായി പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത പൊതുവേയുണ്ട്.
ആ ദിവസം ഞാന്‍ ആയിരുന്നതു പോലെ, നമ്മള്‍ അവരുടെയടുത്ത് ആയിരിക്കുമ്പോള്‍ വളരെ സെല്‍ഫ് കോണ്‍ഷ്യസ് ആകുന്നതിലൂടെ അത്തരം കൂടിക്കാഴ്ചകളില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുന്നു.
അടുത്ത തവണ ഉയര്‍ന്ന നേട്ടം കൈവരിച്ച ഒരാളുമായി സംവദിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോള്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കാനോ സംഭാഷണം നടത്താനോ ധൈര്യം കാണിക്കുക. അവരുമായുള്ള ഏറ്റവും ചെറിയ ഇടപഴകലില്‍ നിന്നു പോലും കണ്ണു തുറപ്പിക്കുന്ന ചില ഉള്‍ക്കാഴ്ചകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com


Tags:    

Similar News