നിങ്ങൾ എന്തുകൊണ്ട് മെഡിറ്റേഷന്‍ ഒരു ശീലമാക്കണം?

പ്രശസ്തരുടെയും ബിസിനസ് നായകരുടെയും ഈ ശീലം നിങ്ങളുടെ ജീവിതത്തിന്റെയും ഭാഗമാക്കാന്‍ ഇതാ അഞ്ചു കാരണങ്ങള്‍

Update:2021-06-13 11:50 IST

ഇന്ന് മെഡിറ്റേഷന്‍ അഥവാ ധ്യാനനിഷ്ഠ മുഖ്യധാരയുടെ ഭാഗമായിരിക്കുന്നു. യോഗികളും ആത്മീയതയോട് ചായ്‌വുള്ളവരും മാത്രം പരിശീലിക്കുന്ന ഒന്നായി ഇതിനെ ആരും കാണുന്നില്ല. ലോകത്താകമാനം 200-500 ദശലക്ഷം ആളുകള്‍ മെഡിറ്റേഷന്‍ പരിശീലിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിലൂടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒട്ടേറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ആയിരക്കണക്കിന് ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പല അത്‌ലറ്റുകളും സെലിബ്രിറ്റികളും ബിസിനസ് നായകരും മെഡിറ്റേഷന്‍ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക മാത്രമല്ല, അതിന്റെ വക്താക്കളായി മാറുകയും ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് മെഡിറ്റേഷന്‍ നിങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായി മാറ്റണം? അതിനുള്ള അഞ്ച് കാരണങ്ങളാണ് ചുവടെ.
മാനസിക വ്യക്തത കൈവരും, ശ്രദ്ധ മെച്ചപ്പെടും
ആധുനിക ജീവിത ശൈലി നമ്മുടെ ശ്രദ്ധയെയും മാനസിക വ്യക്തതയെയും തകര്‍ക്കുന്നു. കുറേ സമയം ഒന്നില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ന് നമ്മളില്‍ പലരും ഏറെ ബുദ്ധിമുട്ടുന്നു.
അമിതമായി ഹ്രസ്വ വീഡിയോകള്‍ കാണുന്നതോ മള്‍ട്ടി ടാസ്‌കിംഗ് ചെയ്യുന്നതോ ശ്രദ്ധ തിരിക്കുന്ന മട്ടില്‍ നോട്ടിഫിക്കേഷന്‍ ഇടയ്ക്കിടെ വരുന്നതോ ആയ കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയെ ദോഷകരമായി ബാധിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ മെഡിറ്റേഷന്‍ കൊണ്ട് സാധിക്കുന്നു. കേവലം നാലു ദിവസം മെഡിറ്റേഷന്‍ ചെയ്യുന്നത് പോലും ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നാണ് ഗവേഷണങ്ങള്‍ വെളിവാക്കുന്നത്.
കൂടുതല്‍ ബോധവാനാകും
മെഡിറ്റേഷന്‍ പരിശീലിച്ചു തുടങ്ങുന്നതു വരെ പലപ്പോഴും മിക്കയാളുകള്‍ക്കും അതുവരെ എത്ര യാന്ത്രികമായാണ് ജീവിതം നയിച്ചതെന്ന് മനസ്സിലാവില്ല. ആറു വര്‍ഷം മുമ്പ് മെഡിറ്റേഷന്‍ പരിശീലിച്ചു തുടങ്ങിയപ്പോള്‍ എന്റെയും സ്ഥിതി ഇതു തന്നെയായിരുന്നു.
മെഡിറ്റേഷന്‍ പരിശീലിച്ചു തുടങ്ങുന്നതോടെ നല്ല ശീലങ്ങള്‍ തുടരാനും അനാരോഗ്യകരമായ ആസക്തികളില്‍ നിന്ന് അകന്നു നില്‍ക്കാനുമുള്ള അവബോധം നിങ്ങളില്‍ സൃഷ്ടിക്കപ്പെടും. കൂടുതല്‍ ബോധവാനാകുന്നതോടെ എടുത്തു ചാടി പ്രതികരിക്കുന്നത് കുറയ്ക്കാനും ആളുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും.
എന്നെ സംബന്ധിച്ച്, ധ്യാനം പരിശീലിക്കുന്നതിലൂടെ കൂടുംബാംഗങ്ങളുമായുള്ള ബന്ധം ഗണ്യമായ രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. നേരത്തെ അവരോട് എടുത്തുചാടി പ്രതികരിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു.
നിങ്ങളോട് തന്നെ സത്യസന്ധരാവും
ജീവിതത്തില്‍ നമ്മുടേതായ തെരഞ്ഞെടുപ്പുകള്‍ നടത്തി ജീവിക്കുന്നു എന്ന ധാരണയാണ് നമ്മളില്‍ പലര്‍ക്കുമുള്ളത്. പക്ഷേ പലപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. കാരണം, സത്യത്തില്‍ നമ്മുടെ ജീവിതത്തില്‍ നാം എടുക്കുന്ന പല തീരുമാനങ്ങളും വര്‍ഷങ്ങള്‍ക്കു മുമ്പേ സമൂഹത്തിന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് തീരുമാനിക്കപ്പെട്ടവയാണ്. അതിനനുസൃതമായി നമ്മള്‍ ജീവിക്കുന്നു എന്നേയുള്ളൂ.
എഴുത്തുകാരനായ വിഷന്‍ ലഖിയാനി പറയുന്നതു പോലെ, ' നമ്മുടെ ഭൂരിഭാഗം അഭിപ്രായങ്ങളും വിശ്വാസങ്ങളും, നമ്മള്‍ അവ സ്വന്തമായി വികസിപ്പിക്കുന്നതിന് വളരെ മുമ്പു തന്നെ, നമ്മുടെ കുടുംബം, സംസ്‌കാരം, മാധ്യമങ്ങള്‍ തുടങ്ങിയവ നമ്മുടെ അറിവോ സമ്മതമോ കൂടാതെ നമ്മുടെ മനസ്സില്‍ നട്ടുപിടിപ്പിച്ചതാണ്.'
മെഡിറ്റേഷന്‍ പരിശീലിക്കുന്നതിലൂടെ ബോധം വര്‍ധിക്കുകയും സമൂഹത്തിന്റെ ഭയപ്പെടുത്തുന്നതും ഗുണകരമല്ലാത്തതുമായ നിബന്ധനകള്‍ക്കനുസരിച്ച് യാന്ത്രികമായി ചലിക്കുന്നതില്‍ നിന്ന് ഉണര്‍ന്നെണീക്കാന്‍ നമ്മെ പ്രാപ്തമാക്കുകയും ചെയ്യും.
സമൂഹത്തിന്റെ ശബ്ദം മറികടക്കാനും നിങ്ങളുടെ ആത്മാവിന്റെ ശബ്ദം- അതായത് നിങ്ങളുടെ അന്തര്‍ജ്ഞാനം- കേള്‍ക്കാന്‍ അത് സഹായിക്കുകയും ചെയ്യും.
നിങ്ങളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കും
ബാഹ്യ ലോകത്തില്‍ നമ്മുടെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുമ്പോള്‍ ജീവിതം ആവശ്യത്തിലേറെ വേദനയുളവാക്കുന്നതായി മാറുന്നു. പലപ്പോഴും വേദന മുളപൊട്ടുന്നത് ആന്തരിക ചിന്തകളെയും അനുഭവങ്ങളെയും നേരാംവണ്ണം കൈകാര്യം ചെയ്യാന്‍ കഴിയാത്തപ്പോഴാണ്.
ദിവസവും മെഡിറ്റേഷന്‍ പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം ഗണ്യമായി മെച്ചപ്പെടും. മാത്രമല്ല, ഇതിലൂടെ മാനസിക സമ്മര്‍ദ്ദങ്ങളെ കൂടുതല്‍ മികവോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കും. ആശങ്കയുളവാക്കുന്ന ചിന്തകള്‍ ഉണ്ടാകുന്നത് കുറയ്ക്കുമെന്നും നിങ്ങളെ ശാന്തരാക്കുമെന്നുമാണ് ഇതു സംബന്ധിച്ച നിരവധി പഠനങ്ങള്‍ തെളിയിക്കുന്നത്.
ദീര്‍ഘമായി മെഡിറ്റേറ്റ് ചെയ്യുന്ന ദിവസങ്ങളില്‍ നെഗറ്റീവ് ചിന്ത ഗണ്യമായി കുറയുന്നുവെന്നത് എന്റെ ജീവിതത്തില്‍ തന്നെ നിരീക്ഷിച്ചറിഞ്ഞ കാര്യമാണ്.
പതിവായി മെഡിറ്റേറ്റ് ചെയ്യുന്നതിലൂടെ ഒരിക്കല്‍ നിങ്ങളില്‍ അസ്വസ്ഥതയുളവാക്കിയിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ നിങ്ങളെ ബാധിക്കുന്നില്ലെന്നും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ മാത്രം ആശ്രയിച്ച്് മാനസിക നില മാറിമറിയുന്നില്ലെന്നും നിങ്ങള്‍ മനസ്സിലാക്കിയേക്കാം.
ആത്മാവബോധം മെച്ചപ്പെടും
ഇപ്പോഴത്തെ കാലത്ത് വെറുതേയിരിക്കാന്‍ നമ്മളില്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. സ്ഥിരമായി എന്തെങ്കിലും ഉത്തേജനം വേണം, ഫോണ്‍ സന്ദേശങ്ങള്‍, വീഡിയോകള്‍ അങ്ങനെ എന്തെങ്കിലും, എന്നാല്‍ മെഡിറ്റേഷന്‍ പരിശീലിക്കുന്നതിലൂടെ മറ്റ് എന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കാതെ സ്വയം സ്വസ്ഥമായിരിക്കാന്‍ കഴിയും. നിങ്ങളെ കുറിച്ചു തന്നെ ആഴത്തില്‍ മനസ്സിലാക്കുന്നതിന് ഇത് അത്യാവശ്യമാണ്.
എങ്ങനെ തുടങ്ങാം?
നിങ്ങള്‍ ഇതു വരെ മെഡിറ്റേറ്റ് ചെയ്തിട്ടില്ലെങ്കില്‍ 10 മിനുട്ടില്‍ കൂടുതല്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. പകരം, ഞാന്‍ നിര്‍ദ്ദേശിക്കുന്നത്, ഓരോ ദിവസവും രണ്ടു മിനുട്ടെങ്കിലും ധ്യാനത്തിലിരിക്കുകയും പതിയെ സമയം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നതാണ്. രണ്ടു മിനുട്ട് എന്നത് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.
നിങ്ങളുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിറ്റേറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ വിഷമിക്കേണ്ടതില്ല. 4 Easy Ways By Which Anyone Can Meditate ( https://www.thesouljam.com/post/easy-ways-by-which-anyone-can-meditate ) എന്ന പേരില്‍ ഞാന്‍ മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതു പോലെ നിങ്ങള്‍ക്ക് സംഗീതം കേട്ടുകൊണ്ടോ മന്ത്രങ്ങള്‍ ഉരുവിട്ടോ മെഴുകുതിരി വെളിച്ചത്തില്‍ ശ്രദ്ധിച്ചോ മെഡിറ്റേറ്റ് ചെയ്യാം.
കുറച്ചു നേരം അനങ്ങാതെ ഇരിക്കാനാവുന്നില്ല എന്നതാണ് ധ്യാനത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നതെങ്കില്‍ ഇത് പരിശീലിക്കുന്നതിലൂടെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഗുണം നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
To Read More Articles by Anoop click on the link below: https://www.thesouljam.com


Tags:    

Similar News