മാനസിക സമ്മര്‍ദ്ദമോ? ഇങ്ങനെ ചെയ്തു നോക്കൂ, ഫലം ഉറപ്പ്

മനസമാധാനം നേടാനും കാര്യങ്ങളില്‍ വ്യക്തത വരാനും പരിഹാരം കണ്ടെത്താനുമെല്ലാം അത്ഭുതകരമായ രീതിയില്‍ ഈ വിദ്യ എന്നെ സഹായിച്ചിട്ടുണ്ട്

Update:2021-12-26 09:00 IST

നിഷേധാത്മക ചിന്തകളും വികാരങ്ങളും കൈകാര്യം ചെയ്യാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ അസ്വസ്ഥനാവുന്ന നിരവധി അവസരങ്ങളില്‍, എന്റെ ചിന്തകളും വികാരങ്ങളും എഴുതിയിടുന്നത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എന്റെ ശ്രദ്ധ നേടാനായി പൊങ്ങി വരുന്ന ചിന്തകള്‍ അവയെ കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ മങ്ങുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നു. കടലാസിലേക്ക് പകര്‍ത്തുന്നതിലൂടെ എങ്ങനെയോ അവയുടെ ശക്തി കുറയുന്നു.

എന്തെങ്കിലും വിഷമം തോന്നുമ്പോള്‍ അത് സ്വതന്ത്രമായി എഴുതിയിടുക (Free write) എന്നതാണ് ഞാന്‍ സാധാരണമായി ചെയ്യാറ്.
സ്വന്തന്ത്രമായി എഴുതുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങളുടെ മനസ്സിലേക്ക് വരുന്ന ചിന്തകളും വികാരങ്ങളും എഡിറ്റ് ചെയ്യാതെ, രണ്ടാമതൊന്ന് ആലോചിക്കാതെ എഴുതുക എന്നതാണ്.
പല കാരണങ്ങളാല്‍ ഈ തരത്തിലുള്ള എഴുത്ത് മികച്ചൊരു ചികിത്സയാണ്. പല ചിന്തകളില്‍ പെടുന്ന മനസ്സിനെ ശാന്തമാക്കാനും നമ്മുടെ ചിന്തകളെയും വികാരങ്ങളെയും നന്നായി മനസ്സിലാക്കാനും മാനസിക പിരുമുറുക്കം ഒഴിവാക്കാനും സ്വയം അവബോധം ഉണ്ടാകുന്നതിനും ഇത് സഹായിക്കുന്നു.
ഏറ്റവും പ്രധാനമായി, നമ്മുടെ ചിന്തകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും ഒരു നിശ്ചിത അകലം പാലിക്കാനും അവയെ വസ്തുനിഷ്ഠമായി കാണാനും അത് നമ്മെ സഹായിക്കുന്നു.
വല്ലായ്മ, നാണക്കേട്, കുറ്റബോധം തുടങ്ങിയവ കൊണ്ടോ, നമ്മുടെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് ഭാരമായിരിക്കരുതെന്ന് കരുതിയോ നമ്മുടെ ഉള്ളിലെ ചിന്തകളും വികാരങ്ങളും മറ്റുള്ളവരുമായി പങ്കിടാന്‍ പലപ്പോഴും നാം മടിക്കുന്നു.
മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് പേടിക്കാതെ തന്നെ നിങ്ങളുടെ ഉള്ളിലെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ എഴുത്ത് നിങ്ങള്‍ക്ക് പൂര്‍ണമായും സുരക്ഷിതമായ ഇടം ഒരുക്കുന്നു. (നിങ്ങള്‍ എഴുതിയത് മറ്റാരെങ്കിലും വായിക്കാന്‍ ഇടവരുമോ എന്ന പേടിയുണ്ടെങ്കില്‍ അവ കീറിക്കളയുകയോ കത്തിച്ചു കളയുകയോ ആവാം.)
നിങ്ങള്‍ സ്വതന്ത്രമായി എഴുതുമ്പോള്‍ നിങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് അര്‍ത്ഥമോ പരിഹാരമോ കണ്ടെത്താനാവണമെന്നില്ല. (എന്നാല്‍ അത് സ്വാഭാവികമായി സംഭവിക്കുകയും ചെയ്യാം) മറിച്ച് നിങ്ങളുടെ ചിന്തകളും ആശങ്കകളും നിരാശകളും ഉള്ളില്‍ തന്നെ വെക്കുന്നതിനു പകരം ഇറക്കി വെക്കാനാകും.
വികാരങ്ങളും ചിന്തകളും മനസ്സില്‍ അടിച്ചമര്‍ത്തി വെക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ ചിന്തകളും വികാരങ്ങളും ആരോഗ്യകരമായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള വഴി എഴുത്ത് നല്‍കുന്നു.
സമ്മര്‍ദ്ദം കൈകാര്യം ചെയ്യുമ്പോള്‍ എന്നെ പലപ്പോഴും സഹായിച്ചിട്ടുള്ള മറ്റൊരു എഴുത്തു രീതി, എന്നെ തന്നെ മറ്റൊരാളായി കണ്ട് എഴുതുക എന്നതാണ്. മറ്റൊരാളായി നിങ്ങള്‍ സ്വയം സങ്കല്‍പ്പിക്കുമ്പോള്‍ നിങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളുമായി അകലം പാലിക്കാനും വിശാലമായ കാഴ്ചപ്പാടോടെ കാര്യങ്ങള്‍ കാണാനും നിങ്ങള്‍ക്ക് കഴിയും. വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന സമയത്ത് ഈയൊരു ചിന്താഗതി സ്വീകരിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും പറയുന്നത്.
മനസ്സിന്റെ വിഷമം ശമിപ്പിക്കാനുള്ള കഴിവുണ്ട് എഴുത്തിന്. കഠിനമായ വികാരങ്ങളെ നേരിടാനും മനസ്സമാധാനം നേടാനും കാര്യങ്ങളില്‍ വ്യക്തത വരാനും പരിഹാരം കണ്ടെത്തുന്നതിനുമെല്ലാം അത്ഭുതകരമായ രീതിയില്‍ അത് എന്നെ സഹായിച്ചിട്ടുണ്ട്.
അസുഖകരമായ ചിന്തകളും വികാരങ്ങളും നന്നായി കൈകാര്യം ചെയ്യാന്‍ എഴുത്ത് അവിശ്വസനീയമാംവിധം എളുപ്പവും ഫലപ്രദവുമായ മാര്‍ഗം എന്ന നിലയില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒന്നാണ്.

For more simple and practical tips to live better and be happier visit anoop's website:https://www.thesouljam.com



Tags:    

Similar News