പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസിന്റെ അടിത്തറ ശക്തമാക്കാം; ഇതാ 3 കാര്യങ്ങള്‍
ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആരംഭിക്കാം പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍
പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് വളരെയധികം പ്രതീക്ഷയോടുകൂടിയാണ് ബിസിനസ്സ് ലോകം കടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രതിസന്ധികളിലൂടെ കടന്നുപോയ ബിസിനസ്സ് സമൂഹത്തിന് ഒരു മടങ്ങിവരവിന്റെ വര്‍ഷമായേ പറ്റു ഈ 2022-23 സാമ്പത്തിക വര്‍ഷം. എല്ലാര്‍വര്‍ക്കും ആശംസകള്‍.
ഈ വര്‍ഷം ബിസിനസ്സ് ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നവര്‍ നിര്‍ബന്ധമായും നിങ്ങളുടെ ബിസിനസ്സിന്റെ അടിത്തറ ശക്തമായി പണിതിട്ടുണ്ടെന്ന് ഉറപ്പ്വരുത്തുക.
ബിസിനസ്സ് എന്നും ദീര്‍ഘകാലം ലക്ഷ്യമിട്ട് കെട്ടിയുയര്‍ത്തേണ്ട ഒന്നാണ്. അതിന്റെ അടിത്തറ ശക്തമല്ല എങ്കില്‍ ഒരുപക്ഷേ തുടക്കത്തിലെ വളര്‍ച്ച വലുതായിരിക്കുമെങ്കിലും ഒരു ഘട്ടത്തിനപ്പുറത്തേക്ക് വളരുവാന്‍ കഴിയുകയില്ല. കൊട്ടിഘോഷിച്ച് വന്ന പല ബിസിനസ്സുകളും ഇന്ന് എവിടയുമെത്താതെ അനിശ്ചിതാവസ്ഥയില്‍ തുടരുന്നത് നമുക്ക് കാണാനാകും. അതിനാല്‍ ശക്തമായ അടിത്തറ സൃഷ്ടിക്കേണ്ടത് അത്രമാത്രം പ്രധാനപെട്ടതാണ്.
ബിസിനസ്സിന്റെ അടിത്തറ ശക്തമാക്കാന്‍ 3 കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. സാമ്പത്തികം: സാമ്പത്തികമില്ലാതെ ബിസിനസ്സ് ആരംഭിക്കുക എന്നത് അപ്രയോഗികമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ഉല്‍പാദന സംരംഭങ്ങള്‍. ബിസിനസ്സ് നടത്തിപ്പിനായി ആവശ്യത്തിന് തുക ഉണ്ടെന്ന് ഉറപ്പ് വരുത്തുക. അതായത് അടുത്ത ആറ് മാസത്തേക്കെങ്കിലുമുള്ള തൊഴിലാളികളുടെ വേതനം, അസംസ്‌കൃത വസ്തുക്കള്‍ക്ക് വരുന്ന ചെലവ്, വൈദ്യുതി ചാര്‍ജ്, വാടക, തുടങ്ങി അപ്രതീക്ഷിത സംഭവങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചെലവ് വരെ കരുതേണ്ടതുണ്ട്. ഇതെല്ലാം ലാഭത്തില്‍ നിന്നെടുക്കാം എന്ന പ്രതീക്ഷയില്‍ മുന്നോട്ടേക്ക് പോകുന്നത് ആരംഭത്തില്‍ അപകടകരമാണ്.മാത്രമല്ല പലരും തുടക്കത്തിലെ ചെലവ് ചുരുക്കാനായി പല പ്രവര്‍ത്തികളും ചെയ്യാറുണ്ട്. എന്നാല്‍ അത് ബിസിനസ്സിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന് ട്രേഡ് മാര്‍ക്ക് പോലെയുള്ള ചില റെജിസ്‌ട്രേഷനുകള്‍ സ്വയം എടുക്കാന്‍ നോക്കി സാധാരണയില്‍ കൂടുതല്‍ ചെലവ് വഹിക്കേണ്ടി വന്നിട്ടുള്ള ഒത്തിരി ആളുകളുണ്ട്. അതേപോലെതന്നെയാണ് വളരെ ചുരുങ്ങിയ ചെലവില്‍ അല്ലെങ്കില്‍ സുഹൃത്തുക്കളുടെ സഹായം കൊണ്ട് നിര്‍മിച്ചെടുക്കുന്ന വെബ്‌സൈറ്റും മറ്റും കൃത്യമായ പരിപാലനം ചെയ്തില്ല എങ്കില്‍ അത് വലിയ പ്രശ്‌നത്തിലേക്ക് പിന്നീട് നയിക്കും.
അതിനാല്‍ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം ബിസിനസ്സിലേക്ക് കടക്കുക.
2. ബിസിനസ്സ് മോഡല്‍: ഏതൊരു ബിസിനസ്സും ഏതോ ഒരു പ്രശ്‌നത്തിനുള്ള പരിഹാരമാണ്. എന്നാല്‍ ഒരു കാര്യം മനസിലാക്കേണ്ടത് ആ ഉല്‍പ്പന്നമല്ല പ്രശ്‌നത്തിനുള്ള പരിഹാരമെന്നത്; പകരം ബിസിനസ്സ് മോഡലാണ്. ഉല്‍പ്പന്നങ്ങള്‍ മികച്ചതായതുകൊണ്ടുമാത്രം ഒരു ബിസിനസ്സും നിലനിന്നുപോകില്ല, അതിന് ശക്തമായ ബിസിനസ്സ് മോഡല്‍ അനിവാര്യമാണ്. ഒരു ബിസിനസ്സിന്റെ ആകെ പ്രവര്‍ത്തനത്തെ ശാസ്ത്രീയമായി എഴുതിതയ്യാറാക്കിയാണ് ബിസിനസ്സ് മോഡല്‍ നിര്‍മിക്കുന്നത്. ശക്തമായ ബിസിനസ്സ് മോഡലുള്ള സ്ഥാപനങ്ങള്‍ക്ക് മത്സരത്തെ നേരിടാന്‍ അധികം ബുദ്ധിമുട്ടില്ലാതെ സാധിക്കും. ഇന്ന് പല ബിസിനസ്സുകള്‍ക്കും ബിസിനസ്സ് മോഡല്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. സമയമെടുത്ത് നല്ലൊരു ബിസിനസ്സ് മോഡല്‍ നിര്‍മിച്ചതിന് ശേഷം മാത്രം ബിസിനസ്സ് ആരംഭിക്കുക.
3. മനോഭാവം: സാമ്പത്തികവും ബിസിനസ്സ് മോഡലും എല്ലാം ഉണ്ടെങ്കിലും ബിസിനസ്സ് മനോഭാവം ഇല്ല എങ്കില്‍ ഈ VUCA ലോകത്ത് നിലനിന്നുപോവുക പ്രയാസമുള്ള കാര്യമായിരിക്കും. VUCA world എന്ന ആശയത്തെ കുറിച്ചുള്ള ലേഖനം ധനത്തില്‍ തന്നെ എഴുതിയിരുന്നു, അതിനാല്‍ അതിലേക്ക് കടക്കുന്നില്ല. നമുക്കറിയാം ബിസിനസ്സ്‌കാരന്റെ ജീവിതശൈലി എന്നത് ഒരു സാധാരണക്കാരന്റെ ജീവിതശൈലിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. അപ്രതീക്ഷിതമായുള്ള സാഹചര്യത്തിലൂടെയും സാമ്പത്തിക സ്ഥിതിയിലൂടെയുമെല്ലാം കടന്നുപോകേണ്ടിവരാം. പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. പല നിയമ നടപടികളിലൂടെയും ടെന്‍ഷനിലൂടെയുമെല്ലാം കടന്നപോകേണ്ടസ്ഥിതി വന്നേക്കാം. ഇത്തരം വെല്ലുവിളികളെയെല്ലാം നേരിടാന്‍ സജ്ജമായത്തിനു ശേഷം മാത്രം ബിസിനെസ്സിലേക്ക് ചുവടുവയ്ക്കുക.
ഈ മൂന്ന് കാര്യങ്ങളുടെ പോരായ്മയാണ് പലപ്പോഴും ബിസിനസ്സ് പരാജയത്തിനുള്ള കാരണമായി കാണുന്നത്. അതിനാല്‍ അടിത്തറ ശക്തമാക്കി മുന്നോട്ട് പോയാല്‍ ധൈര്യമായി ബിസിനസ്സ് ചെയ്യാം.
ഒരിക്കല്‍കൂടി ഏവര്‍ക്കും മികച്ച ഒരു സാമ്പത്തികവര്‍ഷമാകട്ടെ ഇതെന്ന് ആശംസിക്കുന്നു.
( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com ഫോണ്‍: +91 8281868299 )