സ്റ്റീവ് ജോബ്‌സിന്റെ കഥയില്‍ ഒളിഞ്ഞിരിക്കുന്ന ജീവിത സത്യം!

Update:2020-08-09 10:03 IST

ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ അല്‍ഭുതപ്പെട്ടിട്ടില്ലേ? 

നമ്മള്‍ ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു... ഇതിനെല്ലാം പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ടാകാം എന്ന് നിങ്ങള്‍ വിചാരിച്ചിട്ടുണ്ടാകും.

ചെറുതായിരിക്കുമ്പോള്‍, ജീവിതത്തിന്റെ പൊരുള്‍ എന്താണെന്ന് അറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.  ജീവിതം, മരണം, ഇതിനിടയിലുള്ള എല്ലാത്തിനെയും കുറിച്ച് എനിക്ക് നിരവധി  ചോദ്യങ്ങളും ഉണ്ടായിരുന്നു. ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് യഥാര്‍ത്ഥ്യമാണോ അതോ സ്വപ്നമാണോ?-  ചെറുപ്പത്തില്‍ എന്റെ മനസ്സില്‍ പല തവണ ഉയര്‍ന്നു വന്ന  ചോദ്യങ്ങളില്‍ ഒന്ന് മാത്രമാണിത്. 

ഒടുവില്‍ The Conversations With God  ബുക്ക് സീരീസ് വായിക്കാനിടയായപ്പോള്‍ ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അന്വേഷിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അത് എനിക്ക് നല്‍കി.
ജീവിതത്തിന്റെ അര്‍ത്ഥമെന്താണ് എന്നതിനെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടും ആ പുസ്തകങ്ങള്‍ എനിക്ക് നല്‍കി.  അതാണ് ഇന്ന് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നത്

നിങ്ങള്‍ ഈ ലേഖനം മുഴുവന്‍ വായിച്ചു തീരുന്നതു വരെയും അക്കാര്യം പറയാതെ, നിങ്ങളില്‍ ഉദ്വേഗം വളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  അതിനാല്‍ ആദ്യം തന്നെ പറയട്ടെ  - ജീവിതം അര്‍ത്ഥശൂന്യമാണ്!

എന്താണ് ഞാന്‍ ആ പ്രസ്താവനയിലൂടെ അര്‍ത്ഥമാക്കിയത്? വിശദമാക്കാം.

ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും സ്വയമേവ ഒരു അര്‍ത്ഥം കണ്ടെത്താനുള്ള പ്രവണത പൊതുവെ മനുഷ്യരെന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും ഉണ്ട്. 
എന്നാല്‍  അതേക്കുറിച്ചു കൂടുതല്‍ ചിന്തിച്ചാല്‍ ഒരു കാര്യം മനസിലാകും. നമ്മുടെ  ജീവിതത്തിലെ എല്ലാ സംഭവങ്ങളും ന്യൂട്രലാണ്! ഒന്നും അതില്‍ തന്നെ പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് അല്ല, മാത്രമല്ല  അതിന് ആന്തരികമായ അര്‍ത്ഥവുമില്ല;  ഇതെല്ലാം നമ്മള്‍ അതിനെ  എങ്ങനെ കാണുന്നു എന്നതിനെ  ആശ്രയിച്ചാണിരിക്കുന്നത്. 

അസാമാന്യമായ ഉള്‍ക്കാഴ്ചയോടെ ഷേക്‌സ്പിയര്‍ അഭിപ്രായപ്പെട്ടത് പോലെ,  ' നല്ലതോ ചീത്തയോ എന്നൊന്നുമില്ല , പക്ഷേ ചിന്തകള്‍ അതിനെ അങ്ങനെ ആക്കുകയാണ്'.

സ്റ്റീവ് ജോബ്‌സിന്റെ കാര്യമെടുക്കാം.  ആപ്പിള്‍ ആരംഭിച്ച് ഏകദേശം ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും താന്‍ തുടങ്ങിവച്ച പ്രസ്ഥാനത്തില്‍ നിന്ന് ജോബ്‌സ് പുറത്താക്കപ്പട്ടു. സംഭവിച്ചതിനെ കുറിച്ചോര്‍ത്ത് അദ്ദേഹത്തിന് അതിയായ ദേഷ്യമുണ്ടായിരുന്നു. സിലിക്കണ്‍ വാലിയില്‍ നിന്ന് ഓടിപ്പോകുന്നതിനെക്കുറിച്ച് പോലും ഒരു വേള അദ്ദേഹം ആലോചിച്ചു.  

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ  പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'പ്രായപൂര്‍ത്തിയായത്തിന്  ശേഷം ഞാന്‍ എന്തിലായിരുന്നോ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് അതെല്ലാം തകര്‍ന്നു തരിപ്പണമായി. വളരെ പര്യസ്യമായ ഒരു പരാജയം.  കുറച്ച് മാസത്തേക്ക് എന്തുചെയ്യണമെന്ന് പോലും എനിക്കറിയില്ലായിരുന്നു, കഴിഞ്ഞ തലമുറയിലെ സംരംഭകരെ ഞാന്‍ നിരാശപ്പെടുത്തിയാതായി എനിക്ക് തോന്നി... അവര്‍ എന്നിലേക്ക്  ബാറ്റണ്‍ കൈമാറിയപ്പോള്‍ ഞാന്‍ കൈവിട്ടു കളഞ്ഞതുപോലെ ''

എന്നാല്‍  പതിറ്റാണ്ടുകള്‍ക്ക് ശേഷം അതേ സംഭവത്തിലേക്ക് അദ്ദേഹം വീണ്ടും തിരിഞ്ഞ് നോക്കിയപ്പോള്‍ തികച്ചും വ്യത്യസ്തമായ  മറ്റൊരു അര്‍ത്ഥമായിരുന്നു അതിന്.  

'' അന്ന് എനിക്ക് അത് കാണാന്‍ കഴിഞ്ഞില്ല.  പക്ഷേ ആപ്പിളില്‍ നിന്ന് പുറത്താക്കപ്പെട്ടത്  എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യമായി മാറി.  ഒരു വിജയി ആയി തുടരുന്നതിന്റെ ഭാരം,  ഒരു തുടക്കക്കാരനായി വീണ്ടും മാറിയതിലൂടെ ലഘൂകരിക്കപ്പെട്ടു. ഒന്നിനെ കുറിച്ചും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ! എന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ ഒരു ഘട്ടത്തിലേക്ക് അതെന്നെ എത്തിച്ചു''. അദ്ദേഹം പറയുന്നു.

സത്യത്തില്‍, അദ്ദേഹത്തെ  പുറത്താക്കിയതിനു പിന്നില്‍ അന്തര്‍ലീനമായ ഒരു അര്‍ത്ഥം ഉണ്ടായിരുന്നില്ല. ജോബ്‌സ് മാത്രമാണ് ആ സംഭവത്തിന് ഒരു അര്‍ത്ഥം നല്‍കുന്നത്, അല്ലാതെ ജീവിതമല്ല. സംഭവം മാറിയിട്ടില്ല, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാത്രമാണ് ഇവിടെ മാറിയത്. എല്ലാ സംഭവങ്ങളും ന്യൂട്രലാണെന്ന് ഇത് കാണിക്കുന്നു.

അതുപോലെ തന്നെ,  മറഞ്ഞിരിക്കുന്നതായ ഒരു അര്‍ത്ഥവും ജീവിതത്തില്‍ കണ്ടെത്താനായിട്ടില്ല, കാരണം നാം നല്‍കുന്ന അര്‍ത്ഥം അല്ലാതെ മറ്റൊരു അര്‍ത്ഥം ഒരു കാര്യത്തിനുമില്ല. 

മറ്റൊരു തരത്തില്‍  പറഞ്ഞാല്‍,  സംഭവങ്ങള്‍ക്ക് ജീവിതം ഒരു അര്‍ത്ഥവും നല്‍കുന്നില്ല, നമ്മുടെ ചിന്തയും കാഴ്ചപ്പാടുമാണ് അതിന് അര്‍ത്ഥമേകുന്നത്. നമുക്ക് തന്നെ യഥേഷ്ടം അര്‍ത്ഥം സൃഷ്ടിക്കാനുള്ള അവസരം ലഭിക്കുന്നു എന്നത് ഒരു വലിയ സ്വാതന്ത്ര്യമാണ്. 
അതിനാല്‍ യഥാര്‍ത്ഥത്തില്‍  ജീവിതത്തിന്റെ അര്‍ത്ഥമെന്താണ് എന്നതല്ല ചോദ്യം,  മറിച്ച് നിങ്ങളുടെ ജീവിതത്തിന് നിങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന അര്‍ത്ഥമെന്താണ് എന്നതാണ്.

Read the article in English

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News