അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്: നിങ്ങളുടെ ബ്രാന്‍ഡും നാട്ടിലെങ്ങും അറിയട്ടേ

അഫിലിയേറ്റ് മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്

Update:2022-11-21 13:06 IST

ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ വീഡിയോ കാണുകയാണ്. അപ്പോഴതാ നിങ്ങള്‍ ഇഷ്ടപ്പെടുന്ന, പിന്തുടരുന്ന ഇന്‍ഫ്‌ളുവന്‍സര്‍ ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ ശ്രദ്ധയോടെ അത് കേള്‍ക്കുന്നു. ആ ഉല്‍പ്പന്നത്തെക്കുറിച്ച് ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്ന നല്ല അഭിപ്രായം നിങ്ങളെ ആകര്‍ഷിക്കുന്നു. അയാള്‍ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങള്‍ ആ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്നു.


ഇന്‍ഫ്‌ളുവന്‍സറുടെ അഭിപ്രായം നിങ്ങളെ സ്വാധീനിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളിലേക്ക് അയാള്‍ ആ ഉല്‍പ്പന്നത്തെ മാര്‍ക്കറ്റ് ചെയ്തിരിക്കുന്നു. അവരില്‍ ധാരാളം പേര്‍ നിങ്ങള്‍ ചെയ്ത പോലെ തന്നെ ആ ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കമ്പനിയുടെ വില്‍പ്പന ഉയരുന്നു, വരുമാനം വര്‍ദ്ധിക്കുന്നു അതിനൊപ്പം തന്നെ ഇന്‍ഫ്‌ളുവന്‍സറുടെ പോക്കറ്റില്‍ കമ്മീഷന്‍ കുമിഞ്ഞുകൂടുന്നു. അതെ അയാള്‍ ആ കമ്പനിയുടെ അഫിലിയേറ്റ് മാര്‍ക്കറ്ററാകുന്നു.

ഇവിടെ കമ്പനി പരസ്യത്തിനായി ലക്ഷങ്ങള്‍ ചെലവിടുന്നതിനു പകരം ഇന്‍ഫ്‌ളുവന്‍സറെ തങ്ങളുടെ അഫിലിയേറ്റ് മാര്‍ക്കറ്ററാക്കിയിരിക്കുന്നു. വലിയൊരു ജനസംഖ്യയുടെ വാങ്ങല്‍ തീരുമാനത്തെ സ്വാധീനിക്കുവാന്‍ അയാള്‍ക്ക് കഴിവുണ്ട്. ഇന്‍ഫ്‌ളുവന്‍സറെ പിന്തുടരുന്ന ലക്ഷക്കണക്കിന് ആരാധകരിലേക്ക് തങ്ങളുടെ ബ്രാന്‍ഡിനെ എത്തിക്കുവാന്‍ ഈ മാര്‍ക്കറ്റിംഗ് തന്ത്രം വഴി കമ്പനിക്ക് സാധിച്ചിരിക്കുന്നു. അതിനായി അവര്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് വില്‍പ്പനയുടെ ഒരു ഭാഗം കമ്മീഷനായി നല്‍കുന്നു. അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് (Affiliate Marketing) ഇന്ന് അതിശക്തവും ശ്രദ്ധേയവുമായ മാര്‍ക്കറ്റിംഗ് തന്ത്രമായി മാറിയിരിക്കുന്നു.

നിങ്ങള് ബ്ലോഗ് വായിക്കുകയാണ്. അതില്‍ ബ്ലോഗ്ഗര്‍ ഒരു ബ്രാന്‍ഡിനെ അവലോകനം (Review) ചെയ്തിരിക്കുകയാണ്. ബ്രാന്‍ഡിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ബ്ലോഗ്ഗര്‍ പറഞ്ഞിരിക്കുന്നത്. ആധികാരികമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ബ്ലോഗ്ഗറായതു കൊണ്ട് അയാളുടെ അഭിപ്രായം നിങ്ങളെ സ്വാധീനിക്കുന്നു. ആ ബ്ലോഗ് വായിക്കുന്നവര്‍ ബ്രാന്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു, ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. ബ്ലോഗ്ഗറുടെ പെട്ടിയില്‍ കമ്മീഷന്‍ വീഴുന്നു.

ലോകത്തെ ഭൂരിഭാഗം വരുന്ന ബ്രാന്‍ഡുകളും അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് (Affiliate Marketing) ഫലപ്രദമായി ഉപയോഗിക്കുന്നു. ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗിനെ അപേക്ഷിച്ച് റിസ്‌കും ചെലവും കുറവാണ് ഈയൊരു മാര്‍ക്കറ്റിംഗ് രീതിക്ക്. മാര്‍ക്കറ്റിംഗിനായി വലിയ തുക ചെലവിടാന് കഴിയാത്ത ബിസിനസുകള്‍ക്കെല്ലാം ഈ മാര്‍ക്കറ്റിംഗ് തന്ത്രം അനുഗ്രഹമാകുന്നു. ബിസിനസുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന അഫിലിയേറ്റ് മാര്‍ക്കറ്റര്‍മാര്‍ ബ്രാന്‍ഡുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നു, അവരുടെ വില്‍പ്പന ഉയര്‍ത്തുന്നു. അതുവഴി സ്വന്തമായി വരുമാനം നേടുന്നു.

മറ്റുള്ളവരിലൂടെ തങ്ങളുടെ ബ്രാന്‍ഡുകളും ഉല്‍പ്പന്നങ്ങളും പ്രചരിപ്പിക്കുവാന്‍ ഈ തന്ത്രം ബിസിനസുകളെ സഹായിക്കുന്നു. പല വെബ്‌സൈറ്റുകളും സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ വെബ്‌സൈറ്റുകളുടെ ബാനര്‍ പരസ്യങ്ങള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ആ വെബ്‌സൈറ്റുകളില്‍ എത്തപ്പെടും. തങ്ങളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ബിസിനസുകളുടെ വെബ്‌സൈറ്റുകളിലേക്കുള്ള ഗതാഗതം (Traffic) വര്‍ദ്ധിപ്പിക്കുകയാണ് ഇവയുടെ ലക്ഷ്യം.

പരസ്യങ്ങള്‍ക്കായി വലിയ ബജറ്റില്ലാത്ത ബിസിനസുകള്‍ക്ക് അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ (Affiliate Marketing) ആശ്രയിക്കാം. ഇതിനായി തങ്ങളുടെ ബ്രാന്‍ഡുകള്‍ പ്രൊമോട്ട് ചെയ്യാന്‍ കഴിവുള്ള അഫിലിയേറ്റ് മാര്‍ക്കറ്റര്‍മാരെ കണ്ടെത്താം. വില്‍പ്പനക്ക് ആനുപാതികമായി കമ്മീഷന്‍ നല്‍കിയാല്‍ അവര്‍ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കും. പരസ്പര ധാരണയിലൂടെ രണ്ടുകൂട്ടര്‍ക്കും പ്രയോജനകരമായി മാറുന്നു അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. ശരിയായ അഫിലിയേറ്റിനെ തിരഞ്ഞെടുക്കുകയാണ് ഈ തന്ത്രത്തിന്റെ വിജയരഹസ്യം. 
നിങ്ങളുടെ ബിസിനസിന് ഒരു അഫിലിയേറ്റ് പ്രോഗ്രാം നിലവിലുണ്ടോ? ഇല്ലെങ്കില്‍ ഇനി എത്രയും വേഗം അത് തയ്യാറാക്കൂ. നിങ്ങളുടെ ബ്രാന്‍ഡ് നാട്ടിലെങ്ങും പാട്ടാകട്ടെ.


Tags:    

Similar News