ബ്രിഡ്ജ് റോഡ് ഓഫ് ക്വായ്റിവറിലെ മിസിസ് പെരേര!
ശ്രീലങ്കയിലെ അവിസ്മരണീയ യാത്രാ അനുഭവം പങ്കു വെച്ച് അഭയ് കുമാർ
കാൻഡിയിലെ സർക്കാർ നടത്തുന്ന കരകൗശല വസ്തുക്കൾ വിൽക്കുന്ന എംപോറിയം വളരെ പ്രശസ്തമാണെന്ന് ശെൽവനായകം പറഞ്ഞു. പോയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു നഷ്ടമായിരിക്കുമെന്നും. അത് ഗവൺമെന്റിന്റെ വകയായത് കൊണ്ട് അയാൾക്ക് കമ്മീഷൻ കിട്ടാനായിരിക്കില്ലെന്ന് ജെ എന്നോട് അടക്കം പറഞ്ഞു.
ഞങ്ങളവിടെയെത്തി കയറിയ സാമാന്യം വലിയ ഷോറൂമിൽ ഒട്ടനവധി തനത് കരകൗശല വസ്തുക്കളുണ്ട്. അതിൽ ഞാൻ തിരഞ്ഞെടുത്തത് മടക്കി കയ്യിൽ വെക്കാവുന്ന തോൽ കൊണ്ടുണ്ടാക്കിയ തൃകോണാകൃതിയിലുള്ള ഒരു സ്‌റ്റൂളും പിന്നെയൊരു ദുർദേവതാ മുഖം മൂടിയും. ഒരു ശ്രീലങ്കൻ ഓർമ്മയ്ക്ക് ! രണ്ടും ചേർത്ത് അവർ ഭംഗിയായി ഒരുക്കി പായ്ക്ക് ചെയ്ത് തന്നു. ധൈര്യമായി ചെക്ക് ഇൻ ബാഗേജിലിടാം. പൊട്ടുമെന്ന് പേടിക്കേണ്ട. വൈവിധ്യമാർന്ന കുറേ തേയില പാക്കറ്റുകൾ ഗിഫ്റ്റ് കൊടുക്കാനായി ജെയും വാങ്ങി. ജാസ്മിൻ , ഹണി, ലെമൺ, സിന്നമൻ എല്ലാം ചായപ്പൊടിയുടെ ഫ്ളേവർ ആയുണ്ട്. ഞാൻ ഒരു വലിയ ഗ്രീൻ ടീ പാക്കറ്റ് തിരഞ്ഞെടുത്തു. നാട്ടിലെ കടകളിൽ അന്നത് കാണാറില്ലായിരുന്നു.. ശ്രീലങ്കൻ ചായപ്പൊടി വാങ്ങാൻ ഇനി കൊളംബോ സിറ്റിയിലെ ടീ ഒൺലി കടകളിൽ കറങ്ങാൻ സമയമില്ല. കാൻഡിയിൽ നിന്ന് ഞങ്ങൾ കിത്തുഗലയിലേക്ക് പാലത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടു. അപ്പോഴാണ് വഴിയിൽ പ്രശസ്തമായ ഹോട്ടൽ കാൻഡ്യൻ കാണുന്നത്. മലമുകളിൽ പച്ചയിൽ പുതച്ച് നിൽക്കുന്ന മനോഹര ഹർമ്യമാണത്. അന്നവിടെ താമസിക്കാൻ പറ്റിയില്ലെങ്കിലും ആറ് മാസത്തിനുള്ളിൽ കുടുംബമൊത്ത് ഞാനവിടെ വന്ന് താമസിച്ചു. കടുപ്പമുള്ള ചായയും കുടിച്ച് താഴ്‌വാരത്തിലേക്ക് നോക്കിയിരുന്നതും സി. വി. ശ്രീരാമന്റെ സമ്പൂർണ്ണ കഥകൾ വായിച്ചതും വാസ്തുഹാര എന്ന ഹൃദ്യമായ കഥ ഒരു ചായയ്ക്കും ബിസ്കറ്റിനുമൊപ്പം അലിയിച്ചിറക്കിയതും ഇന്നലെയെന്ന പോലെ. കാൻഡിയിലെ കുളിർ നിറഞ്ഞ പ്രഭാതങ്ങളിലെ കാടിന്റെ ഗന്ധമുള്ള ശുദ്ധവായു ശ്വസിച്ച് നടന്നത് സ്വപ്ന തുല്യമായിരുന്നു....
കാൻഡിയിൽ നിന്ന് റിവർ ക്വായ് ലോക്കേഷനിലേക്ക് ഏകദേശം അറുപത് കിലോമീറ്ററാണുള്ളത്. റോഡിൽ വാഹനങ്ങൾ കുറവാണെങ്കിൽ ഒരു മണിക്കൂറിലെത്താം. സിനിമക്ക് വേണ്ടി നിർമ്മിച്ച് ഒടുവിൽ ഡൈനാമിറ്റ് വെച്ച് തകർത്തു കളയാൻ കെലാനി നദിയുടെ കൈവഴിയുടെ കുറുകെ നദിയ്ക്ക് തൊണ്ണൂറടി മുകളിൽ നാനൂറ്റിയിരുപത്തഞ്ച് അടി നീളത്തിൽ ഒരു പാലം പണിതുണ്ടാക്കാൻ രണ്ടര ലക്ഷം ഡോളർ അന്ന് ചെലവായതായി കണക്കാക്കുന്നു. ഇന്നത്തെ ഡോളർ വില വെച്ച് നോക്കിയാൽ മാത്രം രണ്ട് കോടി രൂപ വരും! ഇന്ത്യയിൽ സ്വർണ്ണത്തിന് പവന് നൂറ് രൂപ തികച്ചില്ലാത്ത 1957 ലാണെന്നോർക്കണം ഇത്ര തുക ചെലവായത്. പണപ്പെരുപ്പം കൂടി കണക്കിലെടുത്താൽ ഇന്നത്തെ നിലയ്ക്ക് അതിഭീമമായ തുക.
ഇരുവശത്തും മരങ്ങൾ നിറഞ്ഞ റോഡിലൂടെ ഞങ്ങളുടെ കാർ ഒരു മണിക്കൂറോളം ഓടി. കൊടുംവളവിലെ ഇറക്കമിറങ്ങി ചെല്ലുമ്പോൾ ഉദ്വേഗത്തോടെ കണ്ട സിനിമയുടെ ഓർമ്മയിൽ മനസ് തുടികൊട്ടിത്തുടങ്ങി. ശാന്തമായ അന്തരീക്ഷത്തിൽ ടാർ റോഡിലൂടെ വാഹനങ്ങൾ പാഞ്ഞു പോകുന്ന ശബ്ദം ഉയർന്നു കേട്ടു. അല്ലെങ്കിൽ പരമശാന്തതയുടെ അന്തരീക്ഷം. റോഡിന്റെ ഒരു വശത്ത് "ബ്രിഡ്ജ് റോഡ് ഓഫ് ക്വായ്റിവർ " എന്ന ബോർഡ് കണ്ട് ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി. മൺപാതയിലൂടെ ഇറക്കത്തിലേക്ക് നടക്കുമ്പോൾ മങ്ങിയ ഫ്രോക്ക് ധരിച്ച നാട്ടുകാരിയെന്ന് തോന്നിക്കുന്ന തലമുടിയൊക്കെ നരച്ച ഒരു സ്ത്രീ അടുത്തേക്ക് വന്നു. വയസ് അറുപതുകളുടെ അവസാനമാകാമെന്ന് തോന്നി. മിസിസ് പെരേര എന്ന് സ്വയം പരിചയപ്പെടുത്തി.ഒരു ലോക്കൽ ഗൈഡാണ് താനെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാം കാണിച്ചു തരാമെന്നും അവർ ആത്മവിശ്വാസത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ നിങ്ങൾക്ക് വഴികാട്ടാം എന്നവർ പറഞ്ഞത് കേട്ട് ശെൽവനായകം വേണ്ട എന്ന മുഖഭാവത്തോടെ അവരെ നോക്കി. അയാളാണല്ലോ ഞങ്ങളുടെ ഔദ്യോഗിക വഴികാട്ടി. എന്നാൽ ആ സ്ത്രീയുടെ ദയനീയ ഭാവം കണ്ട് ഞാൻ ശരിയെന്ന് പറഞ്ഞ് അവരെ തുടരാനനുവദിച്ചു. അതെത്ര നന്നായെന്ന് പിന്നീട് മനസ്സിലായി. അവരുടെ ഇംഗ്ലീഷ് മനസിലാക്കാൻ ആദ്യമൊക്കെ ഞങ്ങൾ കുറച്ച് പ്രയാസപ്പെട്ടു. വാഴകളും വലിയ കുറ്റിച്ചെടികളും വളർന്ന് നിൽക്കുന്നയിടത്ത് മൺപാതയിൽ നിന്ന് കയ്യും കലാശവും കാട്ടി അവർ സംസാരിച്ചത് ഏതാണ്ട് ഇങ്ങനെ.
"സിനിമയ്ക്ക് വേണ്ടി കൊണ്ട് വന്ന തീവണ്ടി എഞ്ചിനും വാഗണുകളും ഇതിലേയാണ് കടത്തിക്കൊണ്ട് പോയത്.താൽക്കാലികമായുണ്ടാക്കിയ റെയിൽവേ ലൈനുകളിൽക്കൂടി. സിനിമയിലെ സംവിധായകനും ഛായാഗ്രഹകനും പ്രധാന വേഷക്കാരുമൊക്കെ അപ്പുറത്തുള്ള ബംഗ്ലാവിൽ താമസിച്ചു. മറ്റുള്ളവരൊക്കെ കിത്തുഗല റെസ്റ്റ് ഹൗസിലും താൽകാലിക മായുണ്ടാക്കിയ അത്യാവശ്യ സൗകര്യമുള്ള വീടുകളിലും."
എന്നിട്ട് അവർ ആവേശത്തോടെ കോൺക്രീറ്റിൽ തീർത്ത വലിയ ഫൗണ്ടേഷനുകൾ കാട്ടിത്തന്നു. മഴയിൽ കുറച്ചു പായൽ പിടിച്ചിട്ടുണ്ട്. ഒന്നിവിടെ, ഒന്നവിടെ, പിന്നെ അൽപം ദൂരെയായി ചെടികൾക്കിടയിൽ. കുറെയൊക്കെ നദിക്കപ്പുറത്താ ണുള്ളത്. മുഴുവനായും മരം കൊണ്ടായിരുന്നു പാലം നിർമ്മിച്ചിരുന്നത്.
പരിസരമൊക്കെ ഉയരമുള്ള കുറ്റിച്ചെടികളും പുല്ലുമൊക്കെ ആർത്ത് വളരുന്നുണ്ട്. പാറകളിലൂടെയുള്ള നദിയുടെ ഒഴുക്കിന്റെ ശബ്ദം ചിലപ്പോഴൊക്കെ അവരുടെ വർത്തമാനം കേൾക്കാതെയാക്കി. " സർ അലക് ഗിന്നസ്, ജാക്ക് ഹോക്കിൻസ് എന്നിവർ ആ പുല്ല് വളർന്ന് നിൽക്കുന്നിടത്ത് കൂടി പതുങ്ങി വന്നു. രണ്ട് ജാപ്പനീസ് കമാണ്ടർമാർ കേബിളുമെടുത്ത് വന്നു" അവർ ശരീരം വളച്ച് ഏകദേശം ആ സീനുകൾ അഭിനയിച്ച് കാണിക്കുന്നു. സിനിമയിലെ പ്രശസ്തമായ ചൂളമടി അവർ സ്വയം മറന്ന് കണ്ണടച്ച് ചൂളം വിളിച്ച് കേൾപ്പിച്ചു !
" ആ കാണുന്ന പുല്ലു വളർന്നു നിൽക്കുന്നിടത്ത് നിന്ന് സർ അലക് ഗിന്നസ് താഴെയ്ക്ക് വീണ് സ്വിച്ചമർത്തി പാലം തകർത്തു. സിനിമയിലെ വിവിധ ലൊക്കേഷനുകൾ അവർ കൈ വിരലിലെണ്ണിക്കൊണ്ട് പറഞ്ഞു.
സിനിമയിലെ ആശുപത്രിയായി കാണിച്ചത് കൊളംബോയിലെ മൗണ്ട് ലവേനിയ ഹോട്ടലാണ്. തടവുകാരുടെ ക്യാമ്പ് മഹേരയിൽ, ബ്രിട്ടീഷ് സൈന്യത്തിന്റെ കേന്ദ്രമായിട്ട് പെരദനിയ ഗാർഡൻസ്, ബ്രിഡ്ജ് സൈറ്റ് ഓഫീസ് കിത്തുഗല റസ്റ്റ് ഹൗസ്. അതിനോടൊപ്പം അവർ സിനിമയുടെ കഥയും സീനുകളും നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. റെസ്റ്റ് ഹൗസ് അടുത്ത് തന്നെയാണെന്നും വേണമെങ്കിൽ അവിടെക്ക് ഞങ്ങളെ കൊണ്ടുപോകാമെന്നും അവർ പറഞ്ഞു. ഷൂട്ടിംഗ് കാലത്ത് അതൊരു ലൊക്കേഷനും ഏതാനും നടീ നടന്മാരുടെ താമസസ്ഥലവുമായിരുന്നല്ലോ.
പിന്നെ അവർ പറഞ്ഞതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. അവരുടെ ഭർത്താവും അയാളുടെ അമ്മയുമച്ഛനും റിവർ ക്വായ് സിനിമയിലഭിനയിച്ചിട്ടുണ്ടത്രേ! ഭർത്താവായ പെരേരയായാരുന്നു സിനിമയിൽ ജംഗിൾ ബോയ് ആയഭിനയിച്ചത് എന്നവർ അഭിമാനത്തോടെ പറഞ്ഞു. അപ്പോൾ വെറുതെയല്ല അവർക്ക് ഇത്ര വിശദമായി കാര്യങ്ങളറിയാ വുന്നത്!
ഞങ്ങൾ ചുറ്റും കണ്ണോടിച്ചപ്പോൾ തെളിനീരോടുന്ന പുഴയും ചെടികളും പശ്ചാത്തലത്തിൽ പച്ചപുതച്ച മലനിരകളും കണ്ടു.
നമ്മുടെ അതിരപളളി-വാഴച്ചാൽ പ്രദേശത്തേക്കാളും മനോഹാരിതയും പരിസരവൃത്തിയും ഉള്ള ഇടം! തെളിഞ്ഞപുഴയിൽ നല്ല ഒഴുക്കുണ്ട്. ചെറു പാറകളിൽ തെളിവെള്ളം കൂലം കുത്തിയൊഴുകുന്ന ശബ്ദം കാതുകൾക്ക് സംഗീതമായി. മനോഹരമായ കാഴ്ചയിലും പ്രകൃതിയിലും ഞങ്ങൾ മനസ് കൊണ്ട് മുങ്ങിക്കുളിച്ചു... ശരിക്കും ഇറങ്ങിക്കുളിക്കാൻ അവിടെ അപ്പോൾ അനുവാദമില്ല. താഴെ ചുഴിയും മലരികളും നമ്മെ കാത്തിരിക്കും. ഭംഗി കണ്ട് ഇറങ്ങിയാൽ വലിയ അപകടമാണ്. ഒടുവിൽ ഒരു പാറപ്പുറത്തിരുന്ന് കാൽ രണ്ടും കീഴെയിട്ട് കുളിർമ്മയുള്ള ജലത്തിന്റെ ഒഴുക്കാസ്വദിച്ച്മു ങ്ങിക്കുളിക്കാനുള്ള ആഗ്രഹം തീർത്തു!
അവിടെ പുഴയിൽ വിനോദത്തിനായി തുഴയുന്ന ഒരു വഞ്ചിയിൽ നിന്ന് മൂന്ന് വെള്ളക്കാർ ഞങ്ങളെ കൗതുകത്തോടെ നോക്കിക്കൊണ്ട് തുഴഞ്ഞു പോകുന്നു. എല്ലാവരും വായു നിറച്ച ചുവന്ന ജാക്കറ്റിട്ടിട്ടുണ്ട്. ഒഴുക്കിന്റെ ശക്തിയിൽ അൽപസമയം കൊണ്ട് ഇരുവശവും തഴച്ചു വളരുന്ന വൃക്ഷങ്ങൾക്കിടയിൽ അവർ മറഞ്ഞു. പോകാൻ നേരമായത് കൊണ്ട് ഞങ്ങൾ മനസില്ലാ മനസ്സോടെ പാറയിൽ നിന്നെഴുന്നേറ്റു. പ്രകൃതി പകർന്ന ഊർജ്ജത്തിൽ ഏറെ ദൂരം മൺപാതയിലൂടെ നടന്ന് കയറ്റം കയറി റോഡിലെത്തി. കാഴ്ചകൾക്കും വിവരണങ്ങൾക്കും നന്ദി പറഞ്ഞ് മിസ്സിസ് പെരേരയ്ക്ക് നല്ലൊരു തുക സമ്മാനിച്ചപ്പോൾ അവരുടെ ക്ഷീണിച്ച കണ്ണുകൾ തിളങ്ങി. ശെൽവനായകം കാർ സ്റ്റാർട്ട് ചെയ്തു. വളവുതിരിയുമ്പോഴും മിസിസ് പെരേര ഞങ്ങളെ നോക്കി ചിരിച്ച് കൈവീശി നിൽക്കുന്നുണ്ടായിരുന്നു. സന്ദർശകർക്ക് സിനിമക്കഥകൾ പറഞ്ഞു കൊടുക്കാൻ അവർ ഏറെക്കാലം ഇവിടെത്തന്നെയുണ്ടാവട്ടെ !
മനോഹര പ്രകൃതിയിലൂടെ ഇനി കൊളംബോയിലേക്ക് ഒരു മണിക്കൂർ കാർ യാത്ര. നന്നായുറങ്ങി നാളെ രാവിലെ കൊച്ചിയിലേക്ക് വിമാനം കയറണം...
ലങ്കയിൽ ഇനിയുമെത്രയോ കാഴ്ചകളും അനുഭവങ്ങളും ബാക്കി...
ആയു ബൊവൻ ശ്രീലങ്ക ! യാത്രാ വന്ദനം! തൽക്കാലത്തേക്ക് വിട !