വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് രോഗം; എന്തൊക്കെ ശ്രദ്ധിക്കണം?

വാക്‌സിന്‍ കോവിഡ് രോഗത്തിന്റെ മോശം വശങ്ങളെ പ്രതിരോധിക്കുമെങ്കിലും പോസിറ്റീവ് ആകാനുള്ള സാധ്യതയേറെ. ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ നോക്കാം.

Update:2021-09-05 17:00 IST

കോവിഡ് രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ വാക്സിന്‍ എടുക്കുക എന്നത് തന്നെയാണ് കോവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധിവരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്സിന്‍ സഹായിക്കും. എന്നാല്‍ വാക്സിന് ശേഷവും പലര്‍ക്കും കോവിഡ് പിടിപെടുന്നുണ്ട്.

അത് വാക്സിന്റെ പോരായ്മയല്ല എന്നതാണ് മനസിലാക്കേണ്ടത്.
അത്രയേറെ രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാലാണ് വാക്‌സിന്‍ സ്വീകരിക്കുന്നവരും പോസിറ്റീവ് ആകുന്നത്. വാക്സിനെടുത്തവരില്‍ തന്നെ ഒരു വിഭാഗത്തിന് മാത്രമേ വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുള്ളൂവെന്നാണ് പഠനം. ഈ സാഹചര്യത്തില്‍ വാക്സിനെടുത്തവരും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമുണ്ട്. അവയാണ് ഇനി പങ്കുവയ്ക്കുന്നത്.
അകലം നിര്‍ബന്ധം
പുറത്തിറങ്ങുന്നവരും വീട്ടിലിരിക്കുന്നവരും സദാ കൈകള്‍ വൃത്തിയാക്കുക. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ രണ്ട് കാര്യങ്ങള്‍ വാക്സനെടുത്ത ശേഷവും ഇക്കാര്യങ്ങള്‍ കൃത്യമായി പിന്തുടരുക. പരമാവധി ഡബിള്‍ മാസ്‌കിംഗ് രീതി തന്നെ തെരഞ്ഞെടുക്കുക. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് വാക്സിന്റെ കഴിവിനെ കടന്നും അകത്തെത്താന്‍ സാധിച്ചേക്കാം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ തന്നെ ഒഴിവാക്കുക. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന തുണി കൊണ്ടുള്ള മാസ്‌കിന് പുറത്തായി ഒരു സര്‍ജിക്കല്‍ മാസ്‌ക് കൂടി അണിയുന്നതാണ് ഡബിള്‍ മാസ്‌കിംഗ് രീതി.
രോഗപ്രതിരോധം വര്‍ധിപ്പിക്കുക
കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ വലിയൊരു വിഭാഗം പേരും രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നവരാകാം. ആകെ ആരോഗ്യം ദുര്‍ബലമായവര്‍, മറ്റെന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചവര്‍ (ഉദാ:ക്യാന്‍സര്‍, ഡയാലിസിസ് ചെയ്യുന്നവര്‍) എന്നിവരിലെല്ലാം പ്രതിരോധശക്തി കുറവായിരിക്കും. ഇത്തരക്കാര്‍ ആണെങ്കില്‍ വാക്സിനെടുത്ത ശേഷവും രോഗം വരാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ ഇവര്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ. ഡയറ്റിഷ്യന്റെ സഹായത്തോടെ അത്തരക്കാര്‍ മരുന്നും പ്രതിരോധ ആഹാര രീതിയും പരിഗണിക്കണം.
ആള്‍ക്കൂട്ടങ്ങള്‍ വേണ്ട
വാക്സിന്‍ എടുത്തവര്‍ക്ക് ആള്‍ക്കൂട്ടങ്ങളില്‍ കാര്യമായി പങ്കെടുക്കുന്ന പ്രവണതയുണ്ട്. മാസ്‌ക് ഇല്ലാതെ നടക്കുന്നതും ചിലരുടെ ശീലമായിട്ടുണ്ട്. എന്നാല്‍ ഈ രിതി ഒട്ടും സുരക്ഷിതമല്ലെന്ന് തിരിച്ചറിയുക. വാക്സിനെടുത്താലും ആദ്യം സൂചിപ്പിച്ചത് പോലെ വീണ്ടും രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ അതിന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കുക. സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ കൂടുകയാണെങ്കില്‍ തന്നെ, അത് ചെറുതും തമ്മില്‍ അറിയാവുന്നവരുടെതുമായ കൂട്ടം ആണെന്ന് ഉറപ്പുവരുത്തുക. പരമാവധി ആള്‍ക്കൂട്ടങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുക.
യാത്രകള്‍ കുറയ്ക്കാം
കഴിയുമെങ്കില്‍ പൊതുവാഹനത്തിലുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് വാക്സിനേഷന് ശേഷവും നല്ലത്. പ്രത്യേകിച്ച് പുറംരാജ്യങ്ങളിലേക്കുള്ള യാത്രകള്‍.
സ്ത്രീകളും പ്രായമായവരും ജാഗ്രതൈ!
ജീവിതശൈലീ രോഗങ്ങളുള്ള പ്രായമായവരിലും സ്ത്രീകളിലുമെല്ലാം പൊതുവില്‍ പ്രതിരോധശക്തി കുറഞ്ഞിരിക്കാം. അതിനാല്‍ ഈ വിഭാഗങ്ങളെല്ലാം തന്നെ വാക്സനേഷന് ശേഷവും കാര്യമായ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോവുക. വീട്ടിലുള്ള കൂടിച്ചേരലുകളും മറ്റും ഒഴിവാക്കാം. വസ്ത്രങ്ങള്‍ കഴുകുമ്പോഴും പച്ചക്കറികളും മീനും മറ്റും പുറത്തുനിന്നും കൊണ്ടുവരുമ്പോഴും പ്രത്യേക ശ്രദ്ധയുടെ കാര്യം മറക്കേണ്ട. വീട്ടിലായാലും ഇടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിക്കാം, രണ്ടു നേരം കുളിക്കാവുന്നവര്‍ ഡെറ്റോള്‍ പോലുള്ളവ ഉപയോഗിച്ച് കുളി പതിവാക്കുക.


Tags:    

Similar News