നഴ്‌സുമാര്‍ക്ക് നല്ല വാര്‍ത്ത; അയര്‍ലന്‍ഡില്‍ ജോലി നേടാം, പരീക്ഷപ്പേടിയില്ലാതെ

നിലവില്‍ വീസ പ്രതിസന്ധി നേരിടുന്ന നഴ്‌സുമാര്‍ക്കായി വലിയ ഇളവുമായി ഐറിഷ് സര്‍ക്കാര്‍

Update:2023-11-21 14:55 IST

Image : Canva

യൂറോപ്യന്‍ രാജ്യമായ അയര്‍ലന്‍ഡില്‍ ജോലിക്കുള്ള വീസയ്ക്കായി കാത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. വീസ നടപടികളുടെ ഭാഗമായുള്ള ഇംഗ്ലീഷ് പരീക്ഷയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നുമാസത്തെ സാവകാശം കൂടി അനുവദിക്കുന്നതായി ഐറിഷ് സര്‍ക്കാരിന് കീഴിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് അറിയിച്ചു.

നിശ്ചിത കാലാവധിയുള്ള ഇംഗ്ലീഷ് പരീക്ഷ (OET or IELTS) പൂര്‍ത്തിയാക്കിയ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുമ്പോഴാണ് നിലവില്‍ അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യാനുള്ള വീസ ലഭിക്കുക. ആയിരത്തിലധികം നഴ്‌സുമാര്‍ക്ക് ഈ രേഖയുടെ കാലാവധി അവസാനിച്ചിട്ടും വീസ നേടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഇവര്‍ വീണ്ടും പരീക്ഷ എഴുതുകയും വീസയ്ക്കായി വീണ്ടും അപേക്ഷിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് ഇതോടെ ഉയര്‍ന്നത്. ഇത് ജോലി നേടാനുള്ള സാധ്യത കുറയാനിടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
നേരത്തേ, കൊവിഡ് കാലത്തും സമാന പ്രതിസന്ധിയുണ്ടായപ്പോള്‍ അപേക്ഷകര്‍ വീണ്ടും പരീക്ഷയെഴുതേണ്ടി വന്നത് നിരവധി പേരുടെ ജോലി സാധ്യതകളെ ബാധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിലവില്‍ ഒറ്റത്തവണ ആനുകൂല്യമെന്നോണം മൂന്നുമാസത്തെ സാവകാശം അനുവദിക്കുന്നതെന്നും നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് വ്യക്തമാക്കി.
Tags:    

Similar News