ഓണ്‍ലൈനായി ഡോക്ടറെ കാണുന്ന സംവിധാനം: ചെറുപട്ടണങ്ങളില്‍ ജനപ്രീതിയേറുന്നു
സ്ത്രീകള്‍ ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നു
ചെറുപട്ടണങ്ങളില്‍ 2022-ല്‍ ഓണ്‍ലൈനായി ഡോക്ടറെ കാണുന്നത് 87 ശതമാനം വര്‍ധിച്ചതായി ഹെല്‍ത്ത് കെയര്‍ ടെക് സ്ഥാപനമായ ലൈബ്രേറ്റ്. ടെലിമെഡിസിന് ജനപ്രീതി വര്‍ധിച്ചുവരികയാണ്. ഇതിനൊപ്പം ഓണ്‍ലൈനായി ഡോക്ടറെ കാണുന്നതില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വേഗത്തിലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാരെയും രോഗികളെയും ബന്ധിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ ടെക് ലൈബ്രേറ്റ് നടത്തിയ പഠനത്തില്‍ പറയുന്നു.
ചെറുപട്ടണങ്ങിലേക്ക്
ചെറുപട്ടണങ്ങളില്‍ ഓണ്‍ലൈനായി ഡോക്ടറെ കാണുന്നത് 87 ശതമാനം ഉയര്‍ന്നപ്പോള്‍ മെട്രോ നഗരങ്ങളില്‍കളില്‍ ഇത് 75 ശതമാനം ഉയര്‍ന്നു. കൂടുതല്‍ സ്ത്രീകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ഡോക്ടറെ കാണുന്ന രീതി തെരഞ്ഞെടുക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. ഇത് 65 ശതമാനത്തിലധികം വര്‍ധിച്ചു. കൂടുതലും 25 നും 45 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കായി ഈ രീതിയെ ആശ്രയിക്കുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ പ്രാഥമികമായി പ്രമേഹം, രക്തസമ്മര്‍ദ്ദം, കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍, തൈറോയ്ഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത്തരം കണ്‍സള്‍ട്ടേഷന്‍ ഉപയോഗിക്കുന്നു.
തേടിയെത്തുന്നത് ഇവരെ
ഓണ്‍ലൈനായി ഡോക്ടറെ കാണുന്നതില്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ സമീപിക്കുന്നവരില്‍ ഗ്യാസ്ട്രോഎന്‍ട്രോളജിയും ഇഎന്‍ടിയും ഉള്‍പ്പെടുന്നു. പിന്നാലെ ഡെര്‍മറ്റോളജിയും ഇന്റേണല്‍ മെഡിസിനും. സൈക്യാട്രി, പീഡിയാട്രിക്സ്, ഗൈനക്കോളജി കണ്‍സള്‍ട്ടേഷനുകളും 2022 ല്‍ വര്‍ധിച്ചു. 2022-ല്‍ ലൈബ്രേറ്റ് പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കളും ഡോക്ടര്‍മാരും തമ്മില്‍ നടന്ന 11 കോടി ഇടപെടലുകളില്‍ നിന്നാണ് വിവരങ്ങള്‍ സമാഹരിച്ചിരിക്കുന്നത്.