200 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെ ഏക അംഗമെന്ന സ്ഥാനം ഇലോണ്‍ മസ്‌കിന് (Elon Musk) നഷ്ടമായി. ബുധനാഴ്ച മസ്‌കിന്റെ ആസ്ഥി 13.3 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 198.6 ബില്യണ്‍ ഡോളറിലെത്തി. റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവ് ടെസ്‌ല ഓഹരികളെയും ബാധിക്കുകയായിരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞു. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം ലോകത്തെ ഏറ്റുവും ധനികനായ വ്യക്തിയാണ് മസ്‌ക്.
2022 തുടങ്ങിയ ശേഷം ഇതുവരെ 71.7 ബില്യണ്‍ ഡോളറാണ് മസ്‌കിന് നഷ്ടമായത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ മസ്‌കിന് തൊട്ടുതാഴെയുള്ള മൂന്ന് പേര്‍ക്കും കൂടി ചേര്‍ന്ന് നഷ്ടമായ തുടകയെക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെസ്‌ല ഓഹരികള്‍ റെക്കോര്‍ വളര്‍ച്ച നേടിയതിനെ തുടര്‍ന്ന് മസ്‌കിന്റെ ആസ്തി 340.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഓഹരികള്‍ വില്‍ക്കണോ എന്ന് ചോദിച്ച് മസ്‌ക് നടത്തിയ ട്വിറ്റര്‍ പോളിനെ തുടര്‍ന്ന് മൂല്യം 35 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു.
16 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് മസ്‌ക് വിറ്റത്. അതില്‍ 5.7 ബില്യണ്‍ ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ചെലവഴിച്ചത്. മസ്‌കിനെ കൂടാതെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസ് മാത്രമാണ് ലോക ചരിത്രത്തില്‍ 200 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ബസോസ് ആദ്യമായി 200 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് പിന്നിട്ടത്. നിലവില്‍ 169 ബില്യണ്‍ ഡോളറാണ് ബസോസിന്റെ ആസ്ഥി.
Read DhanamOnline in English
Subscribe to Dhanam Magazine