ലോകകപ്പ് ഫൈനലില്‍ തിളങ്ങിയത് ഇന്ത്യന്‍ വ്യോമയാന മേഖല
മുംബൈ വിമാനത്താവളത്തില്‍ മാത്രം ഒറ്റ ദിവസം കൊണ്ട് സഞ്ചരിച്ചത് 1.61 ലക്ഷം യാത്രക്കാരാണ്
ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ തിളങ്ങിയത് ഇന്ത്യന്‍ വ്യോമയാന മേഖലയെന്ന് കണക്കുകള്‍. ലോകകപ്പ് ഫൈനലിന്റെ തലേദിവസമായ ശനിയാഴ്ച ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 4.6 ലക്ഷമായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
മുംബൈ വിമാനത്താവളം മുന്നില്‍
വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഉത്സവ സീസണില്‍ പ്രതീക്ഷിച്ചത്ര യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുറവ് നികത്തി റെക്കോഡ് നേട്ടത്തിലാണ് ശനിയാഴ്ച ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണമെത്തിയത്. മുംബൈ വിമാനത്താവളത്തില്‍ മാത്രം ഒറ്റ ദിവസം കൊണ്ട് സഞ്ചരിച്ചത് 1.61 ലക്ഷം യാത്രക്കാരാണ്. ഉത്സവ സീസണ്‍ കഴിഞ്ഞതോടെ റിട്ടേണ്‍ ട്രാഫിക് കൂടിയതും ലോകകപ്പ് ക്രിക്കറ്റ് കണാന്‍ ആളുകളെത്തിയതുമാണ് ശനിയാഴ്ച ആഭ്യന്തര വിമാന യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.
നവംബറിലെ ആദ്യ 18 ദിവസങ്ങളിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 72.4 ലക്ഷമാണ്. അതേസമയം ഒക്ടോബറിലെ ആദ്യ 18 ദിവസങ്ങളില്‍ ഇത് 73.4 ലക്ഷമായിരുന്നു. വിമാനക്കമ്പനികള്‍ മാത്രമല്ല യാത്രക്കരുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്ത് റെയില്‍വേയും മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു.