ഈ ഐസ്‌ക്രീം ബ്രാന്‍ഡില്‍ നിക്ഷേപം നടത്തി ബോളിവുഡ് താരം ജോണ്‍ എബ്രഹാം !
കലോറി കുറഞ്ഞ ഐസ്‌ക്രീം എന്ന നിലയില്‍ പ്രസിദ്ധമായ ബ്രാന്‍ഡില്‍ ചില വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരുമായി ചെര്‍ന്ന് താരവും ഭാര്യയും നിക്ഷേപിച്ചത് നാല് കോടി രൂപ.
ബോളിവുഡ് താരം ജോണ്‍ എബ്രഹാം ഇനി ഐസ്‌ക്രീം ബിസിനസിലും. ലോ കലോറി ഹൈ പ്രൊട്ടീന്‍ ഐസ്‌ക്രീം ബ്രാന്‍ഡ് ആയ നോറ്റോയുടെ (NOTO) കമ്പനിയിലാണ് അദ്ദേഹം നിക്ഷേപം നടത്തിയത്.
അഭിനയത്തിന് പുറമെ ശരീര സൗന്ദര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ താരങ്ങളില്‍ മുന്‍ പന്തിയിലാണ് ജോണിന്റെ സ്ഥാനം. അതിനാല്‍ തന്നെ അമിതവണ്ണം തടയാനുള്ള ലോ കലോറി ഡയറ്റു നോക്കുന്നവര്‍ക്കും അുയോജ്യമായ ഭക്ഷണ ബ്രാന്‍ഡുമായാണ് ജോണ്‍ ഇത്തവണ കൈ കൊടുത്തിരിക്കുന്നത്.
സ്‌പോര്‍ട്‌സ് ബ്രാന്‍ഡില്‍ നിക്ഷേപം നടത്തിയതിന് ശേഷം ജോണ്‍ എബ്രഹാമും ഭാര്യ പ്രിയയും ചേര്‍ന്ന് ഹെല്‍ത്ത് ആന്‍ഡ് ബിസിനസില്‍ നിക്ഷേപ ശ്രദ്ധ പതിപ്പിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഈ നിക്ഷേപവുമെന്നായിരുന്നു നടന്റെ പ്രതികരണം.
പ്രീ-സീരീസ് എ റൗണ്ടില്‍ നടനോടൊപ്പം നിക്ഷേപം നടത്തിയ വിസി ഫണ്ടുകളില്‍ ടൈറ്റന്‍ ക്യാപിറ്റല്‍, റോക്ക്സ്റ്റഡ് ക്യാപിറ്റല്‍, ഡബ്ല്യുഇഎച്ച് വെഞ്ചേഴ്‌സ് എന്നിവ ഉള്‍പ്പെടുന്നു. ചില എയ്ഞ്ചല്‍ നിക്ഷേപകരും ഇതില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
വരുണ്‍ - ആഷ്‌നി ഷേത് ദമ്പതിമാര്‍ ചേര്‍ന്ന് 2018 ലാണ് ഈ ഐസ്‌ക്രീം ബ്രാന്റ് തുടങ്ങിയത്. കമ്പനിയുടെ വികസനത്തിനും ഉല്‍പ്പന്ന വികസനത്തിനും ജീവനക്കാരെ കണ്ടെത്താനുമായി നിക്ഷേപത്തുക ചെലവാക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നോറ്റോയുടെ 125 മി.ലി ഐസ്‌ക്രീമില്‍ 75 മുതല്‍ 95 കലോറി വരെ മാത്രമേയുള്ളൂവെന്ന് ബ്രാന്‍ഡ് പരസ്യപ്പെടുത്തുന്നു. മൂന്ന് ഗ്രാമാണ് ആകെ ഫാറ്റ്. മറ്റ് പരമ്പരാഗത ഐസ്‌ക്രീമുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രോട്ടീനുണ്ടെന്നും കമ്പനി പറയുന്നു. ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റുകള്‍ 30000 ഉപഭോക്താക്കള്‍ക്കായി നല്‍കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.