Image : Gautam Adani (Dhanam File) 
Industry

വായ്പകള്‍ വീണ്ടും മുന്‍കൂര്‍ അടയ്ക്കാന്‍ അദാനി ഗ്രൂപ്പ്

മാര്‍ച്ചില്‍ തിരിച്ചടയ്‌ക്കേണ്ട 50 കോടി ഡോളര്‍ ഈ മാസം തന്നെ നല്‍കാനാണ് തീരുമാനം

Dhanam News Desk

വിദേശ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ ഒരു വിഹിതം അദാനി ഗ്രൂപ്പ് മുന്‍കൂറായി അടച്ചേക്കും. മാര്‍ച്ചില്‍ തിരിച്ചടയ്‌ക്കേണ്ട 50 കോടി ഡോളര്‍ ഈ മാസം തന്നെ നല്‍കാനാണ് തീരുമാനം. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാര്‍ക്ലെയ്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡച്ച് ബാങ്ക് അടക്കമുള്ളവരില്‍ നിന്ന് 450 കോടി ഡോളറിന്റെ വായ്പയാണ് അദാനി ഗ്രൂപ്പ് എടുത്തിട്ടുള്ളത്. എസിസി, അംബുജ സിമന്റ് കമ്പനികള്‍ ഏറ്റെടുക്കാനായിരുന്നു വായ്പ. കഴിഞ്ഞ തിങ്കളാഴ്ച, ഓഹരി ഈട് നല്‍കിയെടുത്ത 110 കോടി ഡോളറിന്റെ (9100 കോടിയോളം രൂപ) വായ്പ അദാനി ഗ്രൂപ്പ് പൂര്‍ണമായി തിരിച്ചടച്ചിരുന്നു. വീണ്ടും വായ്പകള്‍ മുന്‍കൂര്‍ അടയ്ക്കാനുള്ള തീരുമാനം നിക്ഷേപകരുടെ ആത്മവിശ്വസം ഉയര്‍ത്തിയേക്കും.

അദാനി ഓഹരികള്‍ക്ക് തിരിച്ചടി

അതേ സമയം മോര്‍ഗന്‍ സ്റ്റാന്‍ലി (എം എസ് സി ഐ) തങ്ങളുടെ സൂചികകളില്‍ അദാനി കമ്പനികള്‍ക്കുള്ള സ്ഥാനം പുനരവലോകനം ചെയ്യുമെന്ന പ്രഖ്യാപനം അദാനി ഗ്രൂപ്പിന് തിരിച്ചടിയായി. ഇന്ന് അദാനി വില്‍മാര്‍ ഒഴികെയുള്ള അദാനി കമ്പനികളെല്ലാം നഷ്ടത്തിലായി. അദാനി എന്റര്‍പ്രൈസസ് 11 ശതമാനത്തോളം ആണ് ഇടിഞ്ഞത്. അദാനി ഗ്രീന്‍, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, എന്‍ഡിടിവി തുടങ്ങിയ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT