അംബുജ സിമന്റ്‌സ് ഓഹരികള്‍ വില്‍ക്കാന്‍ അദാനി ഒരുങ്ങുന്നു
കടബാദ്ധ്യത കുറയ്ക്കുക ലക്ഷ്യം
അംബുജ സിമന്റ്‌സിലെ ഓഹരിപങ്കാളിത്തത്തില്‍ നിന്ന് 4-5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ വിദേശ ബാങ്കുകളുടെ അനുമതി തേടി ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. 45 കോടി ഡോളര്‍ മതിക്കുന്ന (ഏകദേശം 3,600 കോടി രൂപ) ഓഹരികള്‍ വില്‍ക്കാനാണ് നീക്കം.
കടങ്ങള്‍ കൃത്യമായി തിരിച്ചടച്ച് ബാദ്ധ്യത കുറയ്ക്കുകയും ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തെ തുടര്‍ന്ന് നഷ്ടമായ നിക്ഷേപകവിശ്വാസം തിരിച്ചുപിടിക്കുകയുമാണ് ഇതുവഴി അദാനി ലക്ഷ്യമിടുന്നത്. അംബുജ സിമന്റ്‌സ്, എ.സി.സി എന്നിവയിലെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനായി എടുത്ത 50 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് ബാങ്കുകളുമായി കഴിഞ്ഞമാസം അദാനി ചര്‍ച്ച നടത്തിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1,050 കോടി ഡോളര്‍ ഇടപാട്
കഴിഞ്ഞവര്‍ഷമാണ് ഹോള്‍സിം ലിമിറ്റഡില്‍ നിന്ന് 1,050 കോടി ഡോളറിന് (86,000 കോടി രൂപ) അംബുജ സിമന്റ്‌സ്, എ.സി.സി എന്നിവയുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇന്ത്യന്‍ അടിസ്ഥാനസൗകര്യ വികസനമേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടായിരുന്നു അത്.
അംബുജ സിമന്റ്‌സില്‍ ഹോള്‍സിമിനുള്ള 63.19 ശതമാനവും എ.സി.സിയിലുള്ള 54.53 ശതമാനവും ഓഹരികളാണ് അദാനി ഏറ്റെടുത്തത്. ഇതിനായി ബര്‍ക്‌ളേയ്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡോയിച് ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന 14 രാജ്യാന്തര ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് 450 കോടി ഡോളര്‍ (37,000 കോടി രൂപ) വായ്പ എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഓഹരി വില്‍ക്കാന്‍ ബാങ്കുകളുടെ അനുമതി തേടിയത്.