വീണ്ടും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ഇത്തവണ 2100 ജീവനക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാകും

Update:2023-03-18 11:30 IST

ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട സ്വയം വിരമിക്കല്‍ പദ്ധതി (voluntary retirement scheme -VRS) എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവരും, 40 വയസിനും അതിനു മുകളിലുമുള്ള ജനറല്‍ കേഡര്‍ ഓഫീസര്‍മാര്‍ക്കും, ക്ലറിക്കല്‍ ആന്‍ഡ് അണ്‍സ്‌കില്‍ഡ് ജീവനക്കാര്‍ക്കുമായാണ് ഈ വിരമിക്കല്‍ പദ്ധതി. ഇത് 2100 ജീവനക്കാര്‍ വരും.

ജൂണില്‍ ഒന്നാം ഘട്ടം

നഷ്ടത്തിലായിരുന്ന എയര്‍ലൈനിന്റെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിയുടെ രണ്ടാമത്തെ സ്വയം വിരമിക്കല്‍ പദ്ധതിയാണിത്. 2022 ജൂണ്‍ മാസത്തില്‍ പൈലറ്റ്, എയര്‍ഹോസ്റ്റസ്, ക്ലര്‍ക്ക് എന്നിവര്‍ക്കായി ഒന്നാം ഘട്ട വിരമിക്കല്‍ പദ്ധതി നടത്തിയിരുന്നു. അന്ന് ഏകദേശം 1500 ജീവനക്കാര്‍ സ്വമേധയാ വിരമിച്ചു.

ലാഭത്തിന്റെ പാതയിലേക്ക്

2022 ജൂണില്‍ നടത്തിയ ആദ്യ ഘട്ട വിരമിക്കല്‍ പദ്ധതിയ്ക്ക് ശേഷം മറ്റ് സ്ഥിരം ജീവനക്കാരിലേക്കും ഈ പദ്ധതി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ രണ്ടാം ഘട്ട് വിരമിക്കല്‍ പ്രഖ്യാപനമുണ്ടായതെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ സുരേഷ് ദത്ത് ത്രിപാഠി പറഞ്ഞു.

പുതിയ വിമാനങ്ങളും നിയമനവും

എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങുമെന്ന് ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡര്‍ ആണ് ടാറ്റ എയര്‍ബസിന് നല്‍കിയത്. 210 എ3 നിയോ വിമാനങ്ങളും 40 എ350എസ് വിമാനങ്ങളുമാണ് എയര്‍ബസില്‍ നിന്ന് വാങ്ങുന്നത്. ഏകദേശം 500 കോടി ഡോളറിന്റേതാണ് ഇടപാട്. എയര്‍ ഇന്ത്യയ്ക്കായി ആകെ 470 വിമാനങ്ങളാണ് ടാറ്റ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍വൈമാനികര്‍ മാതൃരാജ്യത്തേക്ക് മടങ്ങണമെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ 4200 ക്യാബിന്‍ ക്രൂ, 900 പൈലറ്റ് എന്നിവരെ പുതുതായി നിയമിക്കുമെന്നും കമ്പനി ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. കമ്പനിയില്‍ ഇതെല്ലാം നടക്കുമ്പോള്‍ തന്നെയാണ് ഈ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നതും. എയര്‍ ഇന്ത്യയെ സുസ്ഥിരമായ വളര്‍ച്ചയുടെയും ലാഭത്തിന്റെയും വിപണി നേതൃത്വത്തിന്റെയും പാതയില്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.


Tags:    

Similar News