യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള പ്രവേശനത്തിന് ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, മേല്‍വിലാസം രേഖപ്പെടുത്തിയ പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്ന് കാണിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും നല്‍കിയ ഐഡി കാര്‍ഡുകളും വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ കാര്‍ഡുകളും ഇതുവരെ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.
10 തരത്തിലുള്ള ഫോട്ടോ ഐഡന്റിറ്റി രേഖകള്‍ക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി സുരക്ഷാ കാരണങ്ങളാല്‍ ചുരുക്കിക്കൊണ്ട് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുതിയ സര്‍ക്കുലര്‍ പുറപ്പടുവിച്ചപ്പോഴാണ് എണ്ണം 5 ആയത്. ഓരോ തവണയും രേഖകള്‍ ആവര്‍ത്തിച്ചു ഹാജരാക്കുന്ന ബുദ്ധിമുട്ടൊഴിവാക്കുന്നതിനായി 'ഡിജിയാത്ര' പദ്ധതി അവതരിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ സര്‍ക്കുലര്‍. യാത്രക്കാര്‍ ഒരിക്കല്‍ ഡിജിയാത്ര വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ അറ്റാച്ച് ചെയ്താല്‍തുടര്‍ന്ന് ബോര്‍ഡിംഗ് പാസ് മാത്രം കാണിച്ച് വിമാനത്താവളത്തിനുള്ളിലേക്കു പോകാന്‍ കഴിയും.
വിമാനത്താവളത്തിലേക്ക് വരുന്ന ആളുകള്‍ പ്രവേശനത്തിനായി വിവിധ തരം ഐഡി കാര്‍ഡുകള്‍ ഹാജരാക്കുന്നത് സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന കേന്ദ്ര വ്യവസായ സുരക്ഷാ സേനയ്ക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. രേഖകളുടെ എണ്ണം നിജപ്പെടുത്തുന്നതോടെ ഇതു മാറുമെന്ന് അവര്‍ പറഞ്ഞു. അംഗീകൃത രേഖകളുടെ പട്ടികയില്‍ ബാര്‍ കൗണ്‍സില്‍ ഐഡി കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ മുതിര്‍ന്ന അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോ-ചെയര്‍മാനുമായ എസ്. പ്രഭാകരന് ഈയിടെ മധുര വിമാനത്താവളത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് വിവാദം സൃഷ്ടിച്ചിരുന്നു